WORLD

കുടിയേറ്റക്കാരെ അതിർത്തിയില്‍ സൈന്യം കൂട്ടക്കൊല ചെയ്തു; സൗദിക്കെതിരെ ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട്

അന്താരാഷ്ട്ര സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ സമീപ വര്‍ഷങ്ങളില്‍ നൂറില്‍പരം നിരായുധരായ കുടിയേറ്റക്കാരെ കൊലപ്പെടുത്തിയതായി പറയുന്നു

വെബ് ഡെസ്ക്

യമനില്‍ നിന്ന് സൗദിയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച കുടിയേറ്റക്കാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂട്ടക്കൊല ചെയ്തതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ സമീപ വര്‍ഷങ്ങളില്‍ നൂറില്‍പരം നിരായുധരായ കുടിയേറ്റക്കാരെ കൊലപ്പെടുത്തിയതായി പറയുന്നു. ഇവരില്‍ അധികവും എത്യോപ്യന്‍ പൗരന്മാരാണ്.

ഫയേർഡ് ഓൺ അസ് ലൈക് റെയ്ൻ ( ഞങ്ങൾക്ക് നേരെ മഴ പോലെ വെടി വെച്ചു ) എന്ന പേരിലാണ് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് (എച്ച്ആർഡബ്ല്യു) റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ, സൗദി സർക്കാർ റിപ്പോർട്ട് പൂർണമായും തള്ളി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വിശ്വസനീയമായ സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും സർക്കാർ വൃത്തങ്ങൾ എഎഫ്‍പി (ഏജൻസി ഫ്രാൻസ്-പ്രസ്സ്)യോട് പറഞ്ഞു.

റിപ്പോർട്ടിൽ സംഭവത്തിലെ ദൃക്‌സാക്ഷികളുടെ മൊഴികളും യമനിൽ നിന്ന് സൗദിയിലേയ്ക്കുള്ള കുടിയേറ്റ പാതയില്‍ കണ്ടെത്തിയ മൃതദേഹങ്ങളുടെയും ശവകുടീരങ്ങളുടെയും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മരിച്ചവരുടെ എണ്ണം ആയിരത്തിന് മുകളില്‍ ആയിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇതുകൂടാതെ, മറ്റ് തെളിവുകളും ഹ്യൂമൻ റൈറ്റ്‌സ് വാച്ച് മുന്നോട്ട് വയ്ക്കുന്നുണ്ട്. മാര്‍ച്ച് 2022നും ജൂണ്‍ 2023നും ഇടയിലായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 38 എത്യോപ്യന്‍ കുടിയേറ്റക്കാരുമായും നാല് ബന്ധുക്കളുമായും സംസാരിച്ചതിന്റെ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവർക്കുനേരെ വെടിയുതിര്‍ത്തതായും സ്ഫോടക വസ്തുക്കളെറിഞ്ഞതായും ഇവര്‍ പറയുന്നു.

2021 മെയ് 12നും 2023 ജൂലൈ 18നുമിടയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോ മറ്റ് സ്രോതസ്സുകളില്‍ നിന്ന് ലഭിച്ചതോ ആയ കുടിയേറ്റക്കാരുടെ 350 വീഡിയോകളും ചിത്രങ്ങളും സംഘം വിശകലനം ചെയ്തു. ഇക്കാലയളവില്‍ പകര്‍ത്തിയ കുടിയേറ്റക്കാരുടെ കൊലപാതകം ചൂണ്ടിക്കാട്ടുന്ന സാറ്റ്‌ലൈറ്റ് ചിത്രങ്ങളും ഹ്യൂമൻ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യമനിലെ തുടരെയുള്ള യുദ്ധമാണ് ആളുകളെ സൗദിയിലേയ്ക്ക് കുടിയേറാന്‍ പ്രേരിപ്പിച്ചതെന്നാണ് കണക്കാക്കുന്നത്. യമനുമായുള്ള തെക്കന്‍ അതിര്‍ത്തിയില്‍ കുടിയേറ്റക്കാര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തതിനെക്കുറിച്ച് ഐക്യരാഷ്ട്രസഭ സൗദി അറേബ്യയോട് വിശദീകരണം തേടിയിട്ടുണ്ട്. പണം വാങ്ങി കുടിയേറ്റക്കാരെ കടത്തുന്നെന്നാരോപിക്കപ്പെടുന്ന യെമന്‍ ഹൂതി വിമതരും ഇതുവരെ കൊലപാതകത്തിൽ പ്രതികരിച്ചിട്ടില്ല.

ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ 2022ലെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഏകദേശം 7,50,000 എത്യോപ്യക്കാര്‍ സൗദി അറേബ്യയില്‍ താമസിക്കുന്നുണ്ട്. ഇതില്‍ 4,50,000 പേര്‍ അനുമതിയില്ലാതെ രാജ്യത്ത് പ്രവേശിച്ചവരാണ്.

എത്യോപ്യയുടെ വടക്കന്‍ ടിഗ്രെ മേഖലയില്‍ രണ്ട് വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തെ തുടർന്ന് പതിനായിരക്കണക്കിന് ആളുകളാണ് പലായനം ചെയ്തത്. അതേസമയം സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയുമായി സഹകരിച്ച് ആയിരക്കണക്കിന് ആളുകളെയാണ് സൗദി അറേബ്യ തിരിച്ചയച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ