WORLD

ഹെലികോപ്റ്ററിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങളില്‍നിന്ന് താപസ്രോതസ് കണ്ടെത്തി; റൈസിക്കായി രക്ഷാപ്രവർത്തനം ഊർജിതം

അസർബൈജാനുമായുള്ള അതിർത്തിയിലെ അണക്കെട്ട് തുറക്കുന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഇബ്രാഹിം റൈസി അപകടത്തിൽപ്പെട്ടത്

വെബ് ഡെസ്ക്

പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്ററിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങളില്‍ നിന്ന് ഒരു ടർക്കിഷ് ഡ്രോണ്‍ താപ സ്രോതസ് കണ്ടെത്തി. ഇറാന്റെ റെവലൂഷണറി ഗ്വാർഡ്‌സ് കോർപ്‌സ് കമാന്‍ഡറെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജന്‍സിയായ ഇർനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

താപസ്രോതസ് കണ്ടെത്തിയ പ്രദേശത്തിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നത്. പാറക്കെട്ടുകളും കുന്നുകളും നിറഞ്ഞ പ്രദേശമാണിതെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ഇറാന്റെ റെഡ് ക്രെസെന്റ് സോസൈറ്റിയുടെ (ഐആർസിഎസ്) നാല് ടീമുകളാണ് അപകടസ്ഥലത്തുള്ളത്. മോശം കാലാവസ്ഥ തെരച്ചിലിന് പ്രതികൂലമാണെന്ന് ഐആർസിഎസ് പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റാസിഹ് അലിഷ്വാന്ദി പറഞ്ഞു. മോശം കാലാവസ്ഥയും പ്രദേശം ഗതാഗതയോഗ്യമല്ലാത്തതും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന് ഐആർസിഎസ് തലവന്‍ പിർഹോസിന്‍ കൂലിവന്ദ് പ്രതികരിച്ചിരുന്നു. കനത്ത മൂടല്‍ മഞ്ഞിനിടയിലൂടെ രക്ഷാ പ്രവർത്തകർ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമമായ ദ ഗാർഡിയന്‍ പുറത്തുവിട്ടു.

പ്രസിഡന്റിന്റെ ജീവനുവേണ്ടി പ്രാർഥിക്കണമെന്ന് ഇറാൻ സൈന്യം അഭ്യർഥിച്ചിരുന്നു. അസർബൈജാനുമായുള്ള അതിർത്തിയിലെ അണക്കെട്ട് തുറക്കുന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഇബ്രാഹിം റൈസി അപകടത്തിൽപ്പെട്ടത്. അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലി കൂടി പങ്കെടുത്ത ചടങ്ങ് കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു റൈസി.

വർസാഖാൻ പർവത മേഖലയിലെ ഡിസ്‌മർ കാടിനു സമീപം ഹെലികോപ്റ്റർ ഇടിച്ചിറങ്ങിയതായാണ് വിവരം. വടക്കു പടിഞ്ഞാറൻ ഇറാനിലെ വനമേഖലയിൽ ഹെലികോപ്റ്റർ കാണാതായ വിവരം ഇറാൻ ആഭ്യന്തരമന്ത്രി അഹമ്മദ് വാഹിദി സ്ഥിരീകരിച്ചു. പ്രദേശത്ത് ശബ്ദങ്ങള്‍ സമീപവാസികള്‍ കേട്ടതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന (ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സി) ഇറാന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹെലികോപ്റ്ററിൻ്റെ കൃത്യമായ സ്ഥാനം ഇപ്പോഴും അജ്ഞാതമാണെന്നു സംഭവം നടന്നതെന്നു കരുതപ്പെടുന്ന മേഖലയിൽനിന്ന് ഐആർഐബി (ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്‌കാസ്റ്റിങ്) ലേഖകൻ റിപ്പോർട്ട് ചെയ്തു. സംഭവം നടന്ന സ്ഥലത്തെ ദുര്‍ഘടമായ ഭൂപ്രകൃതിയും ദുഷ്‌കരമായ കാലാവസ്ഥയും കാരണം രക്ഷാപ്രവര്‍ത്തനത്തിനും സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ