WORLD

സമുദ്രപേടകത്തിനായി തിരച്ചിൽ ഊ‍ർജിതം; കേട്ട ശബ്ദം ടൈറ്റന്റേതെന്ന് വ്യക്തമല്ലെന്ന് കോസ്റ്റ് ഗാർഡ്

കഴിഞ്ഞ ദിവസം കനേഡിയൻ നിരീക്ഷണ വിമാനമായ പി-3 പിടിച്ചെടുത്ത മുഴക്കങ്ങൾ ടൈറ്റന്റെത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

വെബ് ഡെസ്ക്

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയി കാണാതായ സമുദ്രപേടകം-ടൈറ്റനെ കുറിച്ചും അതിനുള്ളിലെ സഞ്ചാരികളെക്കുറിച്ചുമുള്ള ആശങ്കകൾ വർധിക്കുന്നു. ഇന്ന് ഉച്ചയോടെ സമുദ്രപേടകത്തിനുള്ളിലെ ഓക്സിജൻ സംഭരണം തീരും എന്നതിനാൽ അടുത്ത കുറച്ച് മണിക്കൂറുകൾ വളരെ നിർണായകമാണ്. അതിനാൽ ടൈറ്റനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. സമുദ്രപേടകം കണ്ടെത്തിയാലും രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. തിരച്ചിലിനായി കൂടുതൽ കപ്പലുകളും സമുദ്രപേടകങ്ങളും കൊണ്ടുവരുന്നുണ്ടെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.

കഴിഞ്ഞ ദിവസം കനേഡിയൻ നിരീക്ഷണ വിമാനമായ പി-3 പിടിച്ചെടുത്ത മുഴക്കങ്ങൾ ടൈറ്റന്റെത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ശബ്ദങ്ങളുടെ കൃത്യമായ സ്ഥാനവും ഉറവിടവും കണ്ടെത്താനായിട്ടില്ല. തിരച്ചിൽ നടത്തുന്ന മേഖല വിപുലപ്പെടുത്തിയിട്ടുണ്ട്. ആഴക്കടൽ ജല സമ്മർദവും മോശം കാലാവസ്ഥയും സമുദ്രപേടകം കണ്ടെത്തുന്നതിന് വെല്ലുവിളിയാണെന്ന് അധികൃതർ അറിയിച്ചു.

നിലവിൽ ശബ്ദങ്ങൾ കേട്ട വടക്കൻ അറ്റ്ലാന്റിക് കടലിന്റെ ഭാഗത്താണ് തിരച്ചിലുകൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് കാണാതായ സമുദ്രപേടകത്തിൽ നിന്നുള്ള ശബ്ദമാണോ എന്ന് തിരിച്ചറിയാൻ വിദഗ്ധരുടെ ഒരു സംഘം ശബ്ദങ്ങൾ പരിശോധിച്ച് വരികയാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡിലെ ക്യാപ്റ്റൻ ജാമി ഫ്രെഡറിക് പറഞ്ഞു. ഇതുവരെയുള്ള പരിശോധനയിൽ വ്യക്തത വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് എന്തെങ്കിലും വസ്തുക്കളോ കപ്പലുകളോ വീണ്ടെടുക്കാൻ കഴിവുള്ള ഒരു യുഎസ് നേവി സാൽവേജ് സിസ്റ്റം ന്യൂഫൗണ്ട്‌ലാൻഡിലെ സെന്റ് ജോൺസിൽ എത്തിച്ചിട്ടുണ്ട്. പക്ഷേ വടക്കൻ അറ്റ്ലാന്റിക്കിലെ തിരച്ചിൽ സ്ഥലത്തേക്ക് ഇതിനെ നീക്കിയിട്ടില്ല. സമുദ്രപേടകത്തിൽ 96 മണിക്കൂറിന് ആവശ്യമായ ഓക്സിജൻ മാത്രമേ ഉള്ളു എന്നതിനാൽ ഇന്ന് ഉച്ചയോടെ ഇത് തീരും എന്നാണ് വിലയിരുത്തരുന്നത്. സഞ്ചാരികൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഉണ്ടെന്നാണ് അധികൃതർ കരുതുന്നത്. കടലിൽ ആഴത്തിൽ തണുത്തുറഞ്ഞ വെള്ളം സമുദ്രപേടകത്തിനുള്ളിലെ സ്ഥിതിഗതികൾ മോശമാക്കുന്നുണ്ടാവാം എന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ലഭ്യമായ വിവരങ്ങൾവച്ച് ശബദം സമുദ്രപേടകത്തിൽ നിന്ന് തന്നെയാകാമെന്ന് ഓസ്‌ട്രേലിയയിലെ സബ്മറൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്ദനായ ഫ്രാങ്ക് ഓവൻ ബിബിസിയോട് പറഞ്ഞു. "30 മിനിറ്റ് ഇടവേളയിലാണ് ശബ്ദങ്ങൾ കേൾക്കുന്നതെങ്കിൽ അത് മനുഷ്യനല്ലാതെ മറ്റൊന്നും ആകാൻ വഴിയില്ല"- അദ്ദേഹം ചൂണ്ടിക്കാട്ടി.

പേടകത്തിലുള്ള മുൻ ഫ്രഞ്ച് നാവികസേന മുങ്ങൽ വിദഗ്ധനും പ്രശസ്ത പര്യവേക്ഷകനുമായ 77-കാരനായ പോൾ-ഹെൻറി നർജലെട്ടിനാകാം ആ ശബ്ദം ഉണ്ടാക്കുന്നതെന്നാണ് ഫ്രാങ്ക് ഓവന്റെ നിഗമനം. "അദ്ദേഹം ഇക്കാര്യത്തിൽ പരിചയസമ്പത്തുള്ള ആളാണ്. തിരച്ചിൽ സേനയെ അലേർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനുള്ള പ്രോട്ടോകോൾ അദ്ദേഹത്തിനറിയാം. ഓരോ മണിക്കൂറിലോ അരമണിക്കൂറിലോ മൂന്ന് മിനിറ്റ് നീണ്ടുനിൽക്കുന്ന വലിയ ശബ്ദങ്ങൾ പുറപ്പെടുവിക്കും" ഫ്രാങ്ക് ഓവൻ ചൂണ്ടിക്കാട്ടി.

ഞായറാഴ്ച രാവിലെ ആറിന് (പ്രാദേശിക സമയം രാവിലെ ആറിന്) അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴത്തിലേക്ക് യാത്ര തിരിച്ച ടൈറ്റൻ പേടകം എട്ടുമണിയോടെ അപകടത്തിൽപ്പെട്ടതായതാണ് കരുതുന്നത്. യാത്ര തിരിച്ച് 1.45 മണിക്കൂറിനുശേഷം പേടകവുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു. പേടകത്തിന് എന്താണ് സംഭവിച്ചതെന്നോ എങ്ങനെയാണ് ആശയവിനിമയ ബന്ധം നഷ്ടമായതെന്നോ കപ്പലിന് എത്രത്തോളം അടുത്തെത്തിയെന്നോ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്താനി ബിസിനസുകാരന്‍ ഷെഹ്സാദ ദാവൂദ്, മകന്‍ സുലേമാന്‍ എന്നിവരും ടൈറ്റന്‍ ജലപേടകത്തിന്റെ ഉടമകളായ ഓഷന്‍ഗേറ്റ് എക്‌സ്പെഡീഷന്‍സിന്റെ സിഇഒ സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍വിദഗ്ധന്‍ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരാണ് ടൈറ്റൻ പേടകത്തിലുള്ളത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ