ജയീർ ബോള്‍സെനാരോ, ലൂല ഡ സില്‍വ 
WORLD

ലൂലയോ ബോൾസെനാരോയോ? പ്രസിഡന്റ് സ്ഥാനത്തേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് ഒരുങ്ങി ബ്രസീൽ

ആദ്യഘട്ട റൗണ്ട് പൂർത്തിയാകുമ്പോൾ 50% വോട്ടിൽ കൂടുതൽ ആർക്കും ലഭിക്കാത്തതിനാലാണ് രണ്ടാംഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങിയത്

വെബ് ഡെസ്ക്

1985ന് ശേഷം ബ്രസീല്‍ സാക്ഷ്യം വഹിക്കുന്ന ഏറ്റവും നിർണായകമായ പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കാനിരിക്കുന്നത്. കടുത്ത സാമ്പത്തിക സാമൂഹിക അരക്ഷിതാവസ്ഥയിലൂടെ കടന്നു പോകുന്ന ബ്രസീലിന്റെ ഭാവിയുടെ വിധിയെഴുത്ത് കൂടിയാകും ഈ ജനവിധി. 11 പേർ സ്ഥാനാർത്ഥികളായി ഉണ്ടെങ്കിലും തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ തന്നെ രണ്ട് പേരാണ് പോർമുഖത്തെ പ്രമുഖർ. ഇടതുപക്ഷ പാർട്ടിയായ വർക്കേഴ്സ് പാർട്ടി നേതാവും രണ്ട് തവണ പ്രസിഡന്റുമായിരുന്ന ലൂയിസ് ഇനാസിയോ ലൂല ഡ സിൽവയും തീവ്ര വലതുപക്ഷ നേതാവ് ജയീർ ബോൾസെനാരോയും തമ്മിലാണ് ശരിക്കും മത്സരം നടക്കുന്നത്. ഒക്ടോബർ രണ്ടിന് നടന്ന ആദ്യ റൗണ്ട്‌ വോട്ടെടുപ്പിൽ തന്നെ ലൂല വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 48.43% വോട്ട് മാത്രമേ നേടാൻ കഴിഞ്ഞിരുന്നുള്ളൂ. ആദ്യഘട്ട റൗണ്ട് പൂർത്തിയാകുമ്പോൾ 50% വോട്ടിൽ കൂടുതൽ ആർക്കും ലഭിക്കാത്തതിനാലാണ് രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങിയത്.

ലൂല ഡാ സിൽവ വിജയിക്കുകയാണെങ്കിൽ ഒരു നേതാവിന്റെ ഏറ്റവും വലിയ തിരിച്ചുവരവിന് കൂടിയാകും ബ്രസീൽ സാക്ഷ്യം വഹിക്കുക. ആദ്യ ഘട്ട വോട്ടെടുപ്പിന് തൊട്ട് മുൻപ് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ ലൂലയുടെ വിജയം സുനിശ്ചിതമാണെന്ന് വിധി എഴുതി. എന്നാൽ അപ്രതീക്ഷിത മുന്നേറ്റമായിരുന്നു ജയീർ ബോൾസെനാരോ എന്ന തീവ്ര വലതുപക്ഷ നേതാവ് നേടിയത്. 43.2% വോട്ടാണ് ബോൾസെനാരോ സ്വന്തമാക്കി. ദേശീയതയും യാഥാസ്ഥിക നിലപാടുകളും മുൻനിർത്തിയാണ് ബോൾസെനാരോ വോട്ട് തേടുന്നത്. അതേസമയം തന്റെ ഭരണകാലത്തുണ്ടായിരുന്ന ബ്രസീലിന്റെ നല്ല കാലം തിരികെ കൊണ്ടുവരുമെന്ന വാഗ്ദാനമാണ് ലൂലയുടേത്.

തിരഞ്ഞെടുപ്പ് പ്രക്രിയ

അമേരിക്കയിലെ പോലെ ഇലക്ട്‌റൽ കോളേജിനോ ഇന്ത്യയിലെ പോലെ നിയമസഭയ്ക്കോ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ റോളില്ല. 156 ദശലക്ഷം വോട്ടർമാർ നേരിട്ടാണ് ബ്രസീൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. 50 ശതമാനത്തിന് മുകളിൽ വോട്ട് വിഹിതമാണ് വിജയിക്കാൻ ആവശ്യം. ആദ്യ ഘട്ട വോട്ടെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ അതേ മാസത്തിന്റെ അവസാനത്തിൽ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങും.

2018 നടന്ന അവസാന തിരഞ്ഞെടുപ്പിൽ ജയീർ ബോൾസെനാരോ രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് വിജയിച്ചത്. ഫെർണാണ്ടോ ഹദ്ദാദിനെതിരെ ആയിരുന്നു അന്നത്തെ എതിരാളി. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പുറമെ ബ്രസീൽ പാർലമെന്റിന്റെ അധോസഭയിലെ എല്ലാ സീറ്റുകളിലേക്കും സെനറ്റിലെ മൂന്നിലൊന്ന് സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ