രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തിയതിനെ തുടർന്ന് ജർമനിയിലെ ഡസൽഡോർഫിൽ നിന്ന് 13,000 പേരെ ഒഴിപ്പിച്ചു. ബോംബ് നിർവീര്യമാക്കാൻ ആവശ്യമായ നടപടികളും തുടർ തിരച്ചിലുകളും നടക്കുകയാണ്.
ചൊവ്വാഴ്ചയാണ് യുദ്ധകാലത്തെ ഒരു ടൺ ഭാരമുള്ള ഷെൽബോംബ് ഡസൽഡോർഫ് സിറ്റി മൃഗശാലയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തിയത്. മൃഗശാലയുടെ പ്രവർത്തന സമയത്തായിരുന്നു ഇത്.
ബോംബ് കണ്ടെത്തിയ ഉടനെ പ്രദേശത്തെ 500 മീറ്റർ ചുറ്റളവിലുള്ള എല്ലാ താമസക്കാരെയും അടിയന്തരമായി ഒഴിപ്പിച്ചു. ബോംബ് നിർവീര്യമാക്കൽ നടപടിയുടെ ഭാഗമായി പ്രദേശത്തെ എല്ലാ റോഡുകളും താത്കാലികമായി അടച്ചു. എന്നാൽ നടപടികൾ പൂർത്തിയാക്കിയോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ജർമനിയിൽ ഇത് ആദ്യമായിട്ടല്ല രണ്ടാംലോക മഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തുന്നത്. ആയിരക്കണക്കിന് ബോംബുകൾ ഇപ്പോഴും ജർമൻ മണ്ണിൽ നിർവീര്യമാക്കപ്പെടാതെ കിടക്കുന്നതായുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തു വന്നിരുന്നു.
2017ൽ 1.4 ടൺ ഭാരമുള്ള ബോംബ് ഫ്രാങ്ക്ഫർട്ടിൽ കണ്ടെത്തിയിരുന്നു. ബോംബ് കണ്ടെത്തിയതിനെ തുടർന്ന് 65,000 പേരെയാണ് അന്ന് സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചത്. 2021 ഡിസംബറിൽ മ്യൂണിച്ച് സ്റ്റേഷന് സമീപമുള്ള ഒരു നിർമ്മാണ സ്ഥലത്ത് രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ച് നാലുപേർക്ക് പരുക്കേറ്റിരുന്നു.
യുഎസും ബ്രിട്ടനും ചേർന്ന് ഏകദേശം 2.7 ദശലക്ഷം ടൺ ബോംബുകൾ യൂറോപ്പിലെ വിവിധ ഭാഗങ്ങളിൽ പതിപ്പിച്ചിരുന്നതായാണ് കണക്ക്. അതിൽ പകുതിയോളവും 1940-നും 1945-നും ഇടയിൽ ജർമനിയിലായിരുന്നു.