WORLD

സെനറ്റർ അൻവർ ഉൽ ഹഖ് കക്കർ പാകിസ്താൻ ഇടക്കാല പ്രധാനമന്ത്രി

വെബ് ഡെസ്ക്

സെനറ്റർ അൻവർ ഉൽ ഹഖ് കക്കർ പാകിസ്താന്റെ ഇടക്കാല പ്രധാനമന്ത്രിയാകും. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പ്രതിപക്ഷ നേതാവ് രാജ റിയാസും തമ്മിൽ ഇന്ന് നടന്ന അവസാന റൗണ്ട് കൂടിയാലോചനയ്ക്ക് ശേഷമാണ് ബലൂചിസ്ഥാനിൽ നിന്നുള്ള നിയമസഭാംഗമായ കക്കറിനെ ഇടക്കാല പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്.

പ്രസിഡന്റ് ആരിഫ് അൽവി അംഗീകാരിച്ചതോടെയാണ് പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഷെഹ്ബാസ് ഷെരീഫും രാജാ റിയാസും രണ്ട് തവണ ചർച്ചകൾ നടത്തിയ ശേഷമാണ് പേര് അന്തിമമാക്കിയത്. ബലൂചിസ്ഥാൻ അവാമി പാർട്ടി (ബിഎപി) അംഗമായ കക്കർ ഈ വർഷാവസാനം അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ സർക്കാരിനെ നയിക്കും.

ഇടക്കാല പ്രധാനമന്ത്രി ഒരു ചെറിയ പ്രവിശ്യയിൽ നിന്നായിരിക്കുമെന്ന് തീരുമാനിച്ചതായി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച പ്രതിപക്ഷ നേതാവ് രാജ റിയാസ് പറഞ്ഞിരുന്നു. ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള ശുപാര്‍ശ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രസിഡന്റ് ആരിഫ് അൽവിക്ക് കൈമാറിയിരുന്നു. ഇതേ തുടർന്ന് ഓ​ഗസ്റ്റ് 9ന് രാത്രി ദേശീയ അസംബ്ലി പിരിച്ചുവിട്ട ശേഷമാണ് പ്രസിഡന്റ് കക്കറിനെ ഇടക്കാല പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയത്.

യോ​ഗത്തിന് മുമ്പ് പ്രസിഡന്റ് അൽവി പ്രധാനമന്ത്രിക്ക് ഒരു കത്ത് എഴുതിയിരുന്നു. ഓഗസ്റ്റ് 12ന് ഇടക്കാല പ്രധാനമന്ത്രിക്ക് യോഗ്യനായ വ്യക്തിയെ നിർദേശിക്കണമെന്ന് ഓർമപ്പെടുത്താനായിരുന്നു കത്ത്. ആർട്ടിക്കിൾ 224 എ പ്രകാരം ദേശീയ അസംബ്ലി പിരിച്ചുവിട്ട് മൂന്ന് ദിവസത്തിനുള്ളിൽ ഇടക്കാല പ്രധാനമന്ത്രിയുടെ പേര് നിർദേശിക്കണമെന്നും പ്രസിഡന്റ് നിർദേശിച്ചിരുന്നു.

പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും മൂന്ന് ദിവസത്തിനുള്ളിൽ പേര് അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടാൽ ഇടക്കാല പ്രധാനമന്ത്രിയെ നിയമിക്കുന്നതിനുള്ള അധികാരം പാർലമെന്ററി സമിതിയിലേക്ക് പോകും. പാർലമെന്ററി സമിതി മൂന്ന് ദിവസത്തിനകം പേര് തീരുമാനിക്കണം. പേര് തീരുമാനിക്കുന്നതിൽ സമിതിയും പരാജയപ്പെട്ടാൽ പ്രതിപക്ഷവും സർക്കാരും നിർദേശിച്ച പേരുകളിൽ നിന്ന് രണ്ട് ദിവസത്തിനുള്ളിൽ പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിപി) താൽക്കാലിക പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കണമെന്നാണ് നിയമം.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്