WORLD

കടുത്ത ചൂടിൽ യൂറോപ്പിൽ മരിച്ചത് 61,000 പേർ

ഇറ്റലി, ഗ്രീസ്, സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മരണം സംഭവിച്ചിരിക്കുന്നത്

വെബ് ഡെസ്ക്

ഇക്കഴിഞ്ഞ വേനലിൽ യൂറോപ്പിൽ കടുത്ത ചൂട് കാരണം ഏകദേശം 61000 ആളുകൾ മരിച്ചതായി റിപ്പോര്‍ട്ട്‌. ഇറ്റലി, ഗ്രീസ്, സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മരണം സംഭവിച്ചിരിക്കുന്നത്. ആരോഗ്യ വിദഗ്ധരുടെ കണക്കുകൾ പ്രകാരം 2022 മെയ് 30 നും സെപ്റ്റംബർ നാലിനുമിടയിൽ മാത്രം 61,672 പേരാണ് ചൂട് കാരണം മരിച്ചത്. ചെറിയൊരു വിഭാഗം മാത്രമേ സൂര്യാഘാതം മൂലം മരിച്ചിട്ടുള്ളു. ബാക്കിയുള്ള കൂടുതൽ കേസുകളിലും ഹൃദയ, ശ്വാസകോശ രോഗങ്ങൾ നേരിടുന്നവരാണ് ചൂട് താങ്ങാനാകാതെ മരിച്ചത്.

കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ നിന്ന് വ്യത്യസ്തമായി ശരാശരി താപനില മാറി ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട വർഷമായിരുന്നു 2022 ലെ വേനൽക്കാലമെന്നും പഠനത്തിലൂടെ കണ്ടെത്തി. കണക്കുകൾ പ്രകാരം വർഷത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് ജൂലൈ 18 മുതൽ 24 വരെയായിരുന്നു. ഈ കാലയളവിൽ മാത്രം 11,637 പേരാണ് മരിച്ചത്.

'എപ്പോഴായാലും മനുഷ്യർ മരിക്കും. എന്നാൽ ഈ രീതിയിൽ മനുഷ്യർ മരിക്കുന്നത് കണക്കാക്കാനാകില്ല' പഠനം നടത്തിയ ബാഴ്‌സലോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിലെ കാലാവസ്ഥ-ആരോഗ്യ മേഖലയിലെ അസോസിയേറ്റ് റിസർച്ച് പ്രൊഫസറായ ജോവാൻ ബാലെസ്റ്റർ പറഞ്ഞു.

"ആ ആഴ്‌ച മരിച്ചവരിൽ 86 വയസ്സുള്ള മരിയ എന്നൊരു സ്ത്രീയുണ്ടായിരുന്നു. പ്രമേഹവും ഹൃദ്രോഗവുമുള്ള സ്ത്രീയായിരുന്നു അവർ. കടുത്ത ക്ഷീണം മൂലം ആശുപത്രിയിൽ എത്തിയ അവർ അക്യൂട്ട് പൾമണറി എഡിമ എന്ന അസുഖം ബാധിച്ച് അഞ്ചു ദിവസത്തിന് ശേഷം മരിച്ചു. എയർ കണ്ടീഷനിംഗ് ഇല്ലാത്ത വീട്ടിലായിരുന്നു അവർ താമസിച്ചിരുന്നത്" അവരെ ചികിത്സിച്ച ഡോക്ടർ ഏഞ്ചൽ അബാദ് വ്യക്തമാക്കി. വേനൽക്കാലത്ത് സ്പെയിനിലെ ആശുപത്രികളിൽ ഇത് പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂമിയുടെ താപനില ഏകദേശം 1.1 ഡിഗ്രി സെൽഷ്യസ് ആണെങ്കിൽ യൂറോപ്പിലെ താപനില ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗത്തിലാണ് ഉയരുന്നത്. വടക്കൻ യൂറോപ്പിനേക്കാൾ തെക്കൻ യൂറോപ്പിലാണ് ഈ സമയങ്ങളിൽ ഏറ്റവും കൂടുതൽ ചൂടും അനുഭവപ്പെടുക.

സ്വിറ്റ്സർലൻഡിലും യൂറോപ്പിലും നടത്തിയ പഠനങ്ങളിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഏറ്റവും കൂടുതൽ മരണ നിരക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രത്യേകിച്ച് പ്രായമായ സ്ത്രീകളിൽ. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതിലൂടെയും പ്രകൃതിയെ നശിപ്പിക്കുന്നതിലൂടെയും സൃഷ്ടിക്കപ്പെടുന്ന മലിനീകരണം മരണസംഖ്യ വർധിപ്പിക്കാൻ കാരണമായതായി സ്വിറ്റ്സർലൻഡ് നടത്തിയ ഗവേഷണത്തിലും വ്യക്തമാക്കുന്നുണ്ട്.

ആഗോളതാപനം തടയാൻ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സ്വിറ്റ്സർലൻഡിലെ 2,000ലധികം സ്ത്രീകൾ കഴിഞ്ഞയിടയ്ക്ക് മനുഷ്യാവകാശ കോടതിയെ സമീപിച്ചിരുന്നു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്