WORLD

ഷെയ്ഖ് ഹസീനയുടെ പലായനവും പുകയുന്ന ബംഗ്ലാദേശും; ജാഗ്രതയോടെ ഇന്ത്യ

വെബ് ഡെസ്ക്

ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് രാജ്യം വിട്ട് ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ഹസീനയുടെ പലായനത്തിനു തൊട്ടുപിന്നാലെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബംഗ്ലാദേശ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയെങ്കിലും ഗുരുതരമായ ഭരണപ്രതിസന്ധിയിലൂടെയാണ് ബംഗ്ലാദേശ് കടന്നുപോകുന്നത്.

2021-ല്‍ അഫ്ഗാനിസ്ഥാനിലും 2022-ല്‍ ശ്രീലങ്കയിലും കണ്ട കാഴ്ചകളാണ് ഏതാനും മണിക്കൂറുകളായി ബംഗ്ലാദേശിലും അരങ്ങേറുന്നത്. രാജ്യത്തിന്റെ ഭരണകര്‍ത്താവ് ജനവികാരം ഭയന്നു പലായനം ചെയ്യുകയും പ്രക്ഷോഭകാരികള്‍ ഭരണകര്‍ത്താക്കളുടെ ഔദ്യോഗിക വസതികള്‍ കൈയേറുകയും ചെയ്യുന്ന കാഴ്ച ഒടുവില്‍ ബംഗ്ലാദേശിലും അരങ്ങേറി. ഈ പ്രതിസന്ധി ബംഗ്ലാദേശിനെയും അയല്‍ രാജ്യമായ ഇന്ത്യയെയും ലോകത്തെ മറ്റു രാജ്യങ്ങളെയും എങ്ങനെ ബാധിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ബംഗ്ലാദേശില്‍ സംഭവിച്ചതും വരാനിരിക്കുന്നതും?

സര്‍ക്കാര്‍ ജോലികളിലെ ക്വാട്ട സംവരണ വിരുദ്ധ സമരത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ബംഗ്ലാദേശ് പുകയുകയായിരുന്നു. 2008-ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം തുടര്‍ച്ചയായ നാലാം തവണയും ഭരണം നിലനിര്‍ത്തിയ ഷെയ്ഖ് ഹസീനയ്ക്ക് തന്റെ നാലാം ടേമില്‍ ഏറ്റവും തലവേദന സമ്മാനിച്ച പ്രക്ഷോഭമായിരുന്നു ഇത്.

രാജ്യത്തെ സാമ്പത്തികമായി അഭിവൃദ്ധിയിലേക്കു നയിക്കുകയും ഒപ്പം തന്നെ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ഒതുക്കിയ മിടുക്കൊന്നും ഈ പ്രക്ഷോഭം ഒതുക്കുന്ന കാര്യത്തില്‍ ഷെയ്ഖ് ഹസീനയ്ക്ക് കഴിഞ്ഞില്ല. ഇത് അവരുടെ ജനപ്രീതി ഇടിച്ചു. യുവത തെരുവിലിറങ്ങുകയും പ്രക്ഷോഭം സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്തതോടെ രാജിയല്ലാതെ ഹസീനയ്ക്കു മറ്റു വഴിയില്ലാതായി. അവരുടെ രാജിയും പലായനവും ബംഗ്ലാദേശിന്റെ സാമ്പത്തിക അടിത്തറയെയാണ് കാര്യമായി ബാധിക്കുക. കോവിഡ് മഹാമാരിക്കു ശേഷം സാമ്പത്തിക ഭദ്രതയിലേക്ക് രാജ്യം മടങ്ങിവരുന്നതിന്റെ സൂചനകള്‍ കാണിച്ചുതുടങ്ങിയതിനിടെയാണ് ഈ പ്രതിസന്ധിയെന്നതും ശ്രദ്ധേയമാണ്.

ഹസീനയുടെ പലായനം ഇന്ത്യയെ എങ്ങനെ ബാധിക്കും?

നീണ്ട 17 വര്‍ഷക്കാലത്തെ അധികാര കാലയളവിനു ശേഷമുള്ള ഹസീനയുടെ പലായനം ഇന്ത്യ വളരെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ വിശ്വസ്ത പങ്കാളിയെന്നാണ് കഴിഞ്ഞ വര്‍ഷം ഹസീനയെ ബംഗ്ലാദേശ് പ്രതിപക്ഷ കക്ഷികള്‍ വിശേഷിപ്പിച്ചത്. അത്രകണ്ട് ഇന്ത്യയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കായിരുന്നു.

ഇപ്പോള്‍ അവരുടെ പടിയിറക്കം മേഖലയില്‍ ഇന്ത്യക്കുണ്ടായിരുന്ന സ്വാധീനം കുറയാന്‍ കാരണമായേക്കും. ഇന്ത്യയുടെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എക്കാലത്തും ഉറച്ച പിന്തുണ നല്‍കിയ നേതാവായിരുന്നു ഹസീന. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എക്കാലവും ഊഷ്മളമാക്കി നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. ഹസീനയിലുള്ള വിശ്വാസത്തിലാണ് ബംഗ്ലാദേശിന് പല സാമ്പത്തിക-സൈനിക സഹായങ്ങളും ഇന്ത്യ നല്‍കിപ്പോന്നത്.

പിന്തുണ തുടരാന്‍ ഇന്ത്യ

ബംഗ്ലാദേശില്‍ സ്ഥിതിഗതികള്‍ കൈവിട്ടു പോയെങ്കിലും ഷെയ്ഖ് ഹസീനയെ തള്ളിപ്പറയാന്‍ ഇന്ത്യ തയാറായേക്കില്ലെന്നാണ് സൂചന. ബംഗ്ലാദേശിലെ പ്രക്ഷോഭവും ഹസീനയുടെ രാജിയുമെല്ലാം ഗൗരവത്തോടെ നോക്കിക്കണ്ട ശേഷം ഇന്ത്യന്‍ വിദേശകാര്യവക്താവ് നടത്തിയ പരാമര്‍ശത്തിലുണ്ട് ഇന്ത്യയുടെ നിലപാട്. ''ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടില്ലെന്നും, ഭരണപ്രതിസന്ധി ഒഴിവാക്കാന്‍ വേണ്ട സഹായങ്ങള്‍ നല്‍കുമെന്നു''മായിരുന്നു പ്രതികരണം.

ബംഗ്ലാദേശില്‍ വലിയതോതില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്നും സര്‍ക്കാരിനെതിരായ ശബ്ദങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്നുവെന്നും ഹസീനയ്‌ക്കെതിരേ പാശ്ചാത്യ രാജ്യങ്ങള്‍ വിമര്‍ശനം ഉന്നയിച്ചപ്പോഴെല്ലാം ഇന്ത്യ ഉറച്ച പിന്തുണയാണ് ഹസീനയ്ക്ക് നല്‍കിയത്. ബംഗ്ലാദേശിലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ച് ഹസീനയ്ക്ക് ഭരണത്തുടര്‍ച്ച സമ്മാനിക്കാന്‍ ഇന്ത്യ ശ്രമിച്ചുവെന്ന ആരോപണങ്ങളെപ്പോലും മുഖവിലയ്‌ക്കെടുക്കാതെയായിരുന്നു അത്.

ഹസീനയ്ക്ക് അഭയം നല്‍കുമോ?

അത്രകണ്ട് സൗഹൃദം പുലര്‍ത്തിയിരുന്ന ഹസീനയെ ഈ പ്രതിസന്ധി ഘട്ടത്തില്‍ കൈവിടാന്‍ ഇന്ത്യ തയാറായേക്കില്ല. ബംഗ്ലാദേശ് വിട്ട് പലായനം ചെയ്ത ഹസീന രാഷ്ട്രീയ അഭയം തേടുകയാണെങ്കില്‍ അത് ഇന്ത്യയിലായിരിക്കുമെന്ന് ഉറപ്പാണ്. അത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞാല്‍ ഇന്ത്യ എന്ത് നിലപാട് സ്വീകരിക്കുമെന്നും ചോദ്യമുയരുന്നുണ്ട്.

ഹസീനയ്ക്ക് അഭയം നല്‍കുന്നത് മനുഷ്യാവകാശ ലംഘനങ്ങളെ ന്യായീകരിക്കുന്നതിന് തുല്യമായിരിക്കുമെന്ന വിമര്‍ശനം ഒരു കോണില്‍ നിന്ന് ഉയരുന്നു. അത് മുഖവിലയ്‌ക്കെടുത്തുള്ള നീക്കമായിരുന്നു ഇന്ത്യയുടെ ഭാഗത്തു നിന്ന് ഉണ്ടാകുക. ഹസീനയുടെ പ്രതിച്ഛായ മിനിക്കുകയെന്ന നടപടിയാകും ഇന്ത്യ ആദ്യം ചെയ്യുക.

ബംഗ്ലാദേശ് ഇനി ആര് ഭരിക്കും?

ബംഗ്ലാദേശില്‍ ഇനി ആര് ഭരണത്തില്‍ വരുമെന്നതാണ് ഇന്ത്യ സംബന്ധിച്ച് ഏറ്റവും നിര്‍ണായകം. അടുത്തിടെ മാലിദ്വീപില്‍ സംഭവിച്ചതു പോലെ ഇന്ത്യ വിരുദ്ധ ചേരി ബംഗ്ലാദേശില്‍ അധികാരത്തിലേറുന്നത് ഒരിക്കലും അംഗീകരിക്കാന്‍ ഇന്ത്യക്ക് കഴിയില്ല. ഇപ്പോഴത്തെ പ്രതിപക്ഷ കക്ഷിയായ ബിഎന്‍പി ജമാ അത്തും സൈനിക ഭരണകൂടവും മുമ്പ് ബംഗ്ലാദേശ് ഭരിച്ചപ്പോള്‍ ഇന്ത്യയുമായുള്ള ബന്ധത്തില്‍ വലിയ വിള്ളലുകള്‍ ഉണ്ടായിരുന്നു. വീണ്ടും അത്തരരമൊരു സാഹചര്യത്തിലേക്ക് പോകാനുള്ള സാധ്യതകള്‍ ഒഴിവാക്കുകയാണ് ഇന്ത്യയുടെ മുന്നിലുള്ള ആദ്യ ലക്ഷ്യം.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും