ആധുനിക ജപ്പാനിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയനേതാവ്. ഏറ്റവും കൂടുതല്‍ നാള്‍ ജപ്പാനെ നയിച്ച പ്രധാനമന്ത്രി, സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെ രാജ്യത്തെ വളര്‍ത്തിയ ഭരണകര്‍ത്താവ്. 2006 ല്‍ അധികാരത്തിലേറിയപ്പോള്‍ പ്രധാനമന്ത്രി പദത്തിലെത്തിയ പ്രായം കുറഞ്ഞ വ്യക്തി. ഷിന്‍സോ ആബേയെ ലോകം അറിയുന്നത് ഇങ്ങനെയൊക്കെയാണ്.
ടോക്കിയോയിലെ രാഷ്ട്രീയ കുടുംബത്തില്‍ 1954 ല്‍ ആയിരുന്നു ഷിന്‍സോ ആബേയുടെ ജനനം
തലസ്ഥാന നഗരമായ ടോക്കിയോയിലെ രാഷ്ട്രീയ കുടുംബത്തില്‍ 1954 ല്‍ ആയിരുന്നു ഷിന്‍സോ ആബേയുടെ ജനനം. മന്ത്രിയും പ്രധാനമന്ത്രിയുമൊക്കെയായി രാജ്യസേവനം പാരമ്പര്യമാക്കിയവരുടെ കുടുംബത്തില്‍ നിന്ന് തന്നെയായിരുന്നു ഷിന്‍സോ ആബേയുടെയും വരവ്. മുത്തച്ഛന്‍ നൊബുസുകെ കിഷിക്കുവും ജപ്പാന്റെ പ്രധാനമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്.
1993 മുതല്‍ ഷിന്‍സോ ആബേ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായിരുന്നെങ്കിലും 52ാം വയസിലാണ് ആബേ, ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് കടന്നുവരുന്നത്. 2005 ല്‍ കാബിനറ്റ് സെക്രട്ടറിയായി. തൊട്ടടുത്ത വര്‍ഷം ലോകത്തിലെ തന്നെ മൂന്നാമത്തെ സാമ്പത്തികശേഷിയുള്ള രാജ്യത്തിന്റെ പ്രധാനമന്ത്രി കസേരയിലേക്ക്. ജപ്പാനും ലോകവും ഉറ്റുനോക്കിയ നിമിഷങ്ങള്‍.
ഷിഗേരു യോഷിദ്ക്ക് ശേഷം അധികാരത്തില്‍ തിരിച്ചെത്തുന്ന ജാപ്പനീസ് പ്രധാനമന്ത്രിയുമായി ഷിന്‍സോ ആബേ
അനാരോഗ്യം വില്ലനായപ്പോള്‍ ആബേയ്ക്ക് ആദ്യ തവണ കാലിടറി. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ രാജി. തൊട്ടുപിന്നാലെ ജപ്പാന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നാണം കെട്ട തോല്‍വി. ആബേയുടെ രാഷ്ട്രീയജീവിതം അവസാനിച്ചെന്ന് കരുതിയ നാളുകളായിരുന്നു അത്. പക്ഷെ അഞ്ചുവര്‍ഷത്തിനപ്പുറം 2012 ല്‍ പാര്‍ട്ടിയിലേക്ക് അതിശക്തമായ തിരിച്ചുവരവ് നടത്തിയ ആബേ, എല്‍ഡിപിയെ വിജയവഴിയിലേക്ക് നയിച്ച് വീണ്ടും അധികാരത്തിലെത്തി. അങ്ങനെ ഷിഗേരു യോഷിദ്ക്ക് ശേഷം അധികാരത്തില്‍ തിരിച്ചെത്തുന്ന ജാപ്പനീസ് പ്രധാനമന്ത്രിയുമായി ഷിന്‍സോ ആബേ.
'politics demands producing results' എന്നതായിരുന്നു രണ്ടാംവരവ് മുതല്‍ ആബേയുടെ പ്രഖ്യാപിത നിലപാട്. നിലപാടിലുറച്ചുള്ള പ്രവര്‍ത്തനം കൂടിയായതോടെ ജപ്പാന്റെ സാമ്പത്തിക നിലയില്‍ പ്രകടമായ വളര്‍ച്ച കണ്ടുതുടങ്ങി. ഈ നേട്ടം തന്നെയായിരുന്നു 2014 ലും 2017 ലും ജയം ആവര്‍ത്തിക്കാന്‍ ആബേയ്ക്ക് തുണയായത്.
രാജ്യത്തിന്റെ ഭരണഘടന ഭേദഗതി ചെയ്യാനാവാത്തതിന്റെ വേദന കൂടി പങ്കുവച്ചുകൊണ്ടാണ് രണ്ടുവര്‍ഷം മുമ്പ് ആബേ പ്രധാനമന്ത്രി പദം ഒഴിഞ്ഞത്. രണ്ടാം വരവിലും വില്ലനായത് അനാരോഗ്യം തന്നെ. നയിക്കാനുള്ള ആരോഗ്യമില്ലെന്ന് തോന്നുന്നതിനാല്‍ പടിയിറങ്ങുന്നു എന്ന് തന്നെ രാജ്യത്തോട് വിളിച്ചുപറഞ്ഞായിരുന്നു ആബേയുടെ മടക്കം.
എല്ലാത്തിനും ഉപരിയായി ഇന്ത്യയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഷിന്‍സോ ആബേ. ഇന്ത്യ -ചൈന പ്രശ്‌നത്തില്‍ എക്കാലവും ഇന്ത്യക്ക് ഒപ്പം നിലകൊണ്ടു. അന്തരാഷ്ട്ര തലത്തില്‍ പലവട്ടം ഇന്ത്യയെ പിന്തുണച്ചു. കൂടുതല്‍ വായ്പകള്‍ നല്‍കി സാമ്പത്തികമായി സഹായിച്ചു. രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പദ്മവിഭൂഷണ്‍ നല്‍കിയാണ് ഇന്ത്യ ആബേയോടുള്ള സ്‌നേഹം പ്രകടപ്പിച്ചത്. ആബേ മരണത്തിന് കീഴടങ്ങുമ്പോള്‍ ഒരു ലോകനേതാവ് എന്നതിലുപരി ഇന്ത്യക്ക് വേദനിക്കുന്നതും അതുകൊണ്ടാണ്.