WORLD

പലസ്തീനികള്‍ വെന്തുമരിക്കുന്നു, മാനുഷിക സഹായം എത്തിക്കണമെന്ന് ഇസ്രയേലിനോട് അമേരിക്ക; ആയുധവിതരണം ഉള്‍പ്പെടെ നിർത്തലാക്കുമെന്ന് മുന്നറിയിപ്പ്

വെബ് ഡെസ്ക്

ഗാസയിലേക്ക് കൂടുതല്‍ മാനുഷിക സഹായം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇസ്രയേലിന് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കയില്‍ നിന്നുള്ള ആയുധ കയറ്റുമതി ഉള്‍പ്പെടെ നിർത്തലാക്കുമെന്നാണ് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും ഇസ്രയേല്‍ ഭരണകൂടത്തിന് സംയുക്തമായി എഴുതിയ കത്തില്‍ പറയുന്നത്.

30 ദിവസത്തിനുള്ളില്‍ നിയന്ത്രണങ്ങള്‍ നീക്കി മാനുഷികദുരിതം അവസാനിപ്പിക്കണമെന്നാണ് നിർദേശം. നാല് പേജുകള്‍ നീണ്ടതാണ് കത്ത്. ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനാണ് കത്തയച്ചിരിക്കുന്നത്. കത്തിന്റെ ആധികാരികത സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ സ്ഥിരീകരിച്ചിട്ടുണ്ട്.

കത്തിലെ നിർദേശങ്ങള്‍ ഇസ്രയേല്‍ വിശകലനം ചെയ്യുകയാണെന്നാണ് വാഷിങ്ടണിലുള്ള ഇസ്രയേല്‍ പ്രതിനിധി വ്യക്തമാക്കിയിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അമേരിക്ക ഉന്നയിച്ച നിർദേശങ്ങള്‍ ഇസ്രയേല്‍ ഗൗരവമായി തന്നെ പരിഗണിക്കുകയാണ്, ഇത് സംബന്ധിച്ച് അമേരിക്കൻ പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും ഇസ്രയേല്‍ പ്രതിനിധി അറിയിച്ചു.

ഗാസയിലേക്കുള്ള ഭക്ഷണത്തിന്റേയും മരുന്നിന്റേയും വിതരണത്തിന്റെ അളവ് വർധിപ്പിക്കണമെന്ന് വിവിധ മാനുഷിക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സഹായങ്ങളുടെ കയറ്റുമതിയില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുള്ളതായാണ് ഐക്യരാഷ്ട്രസഭ കഴിഞ്ഞ വാരം വ്യക്തമാക്കിയത്.

ഒരു ഭീഷണിയുടെ സ്വഭാവം കത്തിനില്ലെന്നാണ് അമേരിക്കയുടെ ദേശീയ സുരക്ഷ വക്താവായ ജോണ്‍ കിർബി വ്യക്തമാക്കുന്നത്. മാനുഷിക സഹായം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിക്കൊണ്ടാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് കിർബിയുടെ വിശദീകരണം. കഴിഞ്ഞ മാർച്ചിലും ഏപ്രിലുമായി ഇസ്രയേലും അമേരിക്കയും നടത്തിയ ചർച്ചകളെ തുടർന്ന് മാനുഷിക സഹായവിതരണത്തിന്റെ അളവ് വർധിപ്പിച്ചിരുന്നു. എന്നാല്‍, സെപ്റ്റംബറോടെ ഇതില്‍ ഇടിവ് വന്നിട്ടുള്ളതായാണ് കത്തില്‍ അമേരിക്ക വ്യക്തമാക്കുന്നത്. പ്രതിദിനം കുറഞ്ഞത് 350 ട്രക്കുകളെങ്കിലും കടത്തിവിടണമെന്നാണ് അമേരിക്കയുടെ ആവശ്യം.

അമേരിക്കയുടെ നിർദേശങ്ങള്‍ അവഗണിച്ചാല്‍ ഇസ്രയേലിനുണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദമാക്കാൻ മില്ലർ തയാറായില്ല. ഏപ്രിലില്‍ ബ്ലിങ്കനയച്ച കത്തിനെ തുടർന്ന് മാനുഷിക സഹായം വർധിപ്പിക്കാൻ ഇസ്രയേല്‍ തയാറായിരുന്നതായി മില്ലർ ചൂണ്ടിക്കാണിച്ചു. ഗാസയിലെ ആശുപത്രിക്ക് പുറത്ത് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ പലസ്തീനികള്‍ ജീവനോടെ വെന്തുമരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബ്ലിങ്കൻ കണ്ടതായും മില്ലർ കൂട്ടിച്ചേർത്തു.

മാനുഷിക സഹായം ഉയർത്തണമെന്ന ആവശ്യം അമേരിക്ക നിരന്തരം ഇസ്രയേലിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, പലപ്പോഴും നെതന്യാഹു ഭരണകൂടം അത് അവഗണിക്കുകയായിരുന്നു.

ഇറാനെതിരെ പ്രത്യാക്രമണ പദ്ധതി തയ്യാറാക്കി ഇസ്രയേല്‍: ലക്ഷ്യം വെക്കുക സൈനിക കേന്ദ്രങ്ങൾ, ആക്രമണം ഉടൻ?

രാജ്യത്ത് തീവ്രവാദം പുനരുജ്ജീവിപ്പിക്കാൻ പ്രവർത്തിച്ചു; ശൗര്യചക്ര അവാർഡ് ജേതാവിനെ കൊലപ്പെടുത്തിയത് കാനഡയിലെ ഖലിസ്ഥാൻ ഭീകരരെന്ന് എൻഐഎ വെളിപ്പെടുത്തൽ

വിമാന കമ്പനികള്‍ക്ക് തുടരെ ലഭിക്കുന്ന ഭീഷണി സന്ദേശം; വ്യാജ കോളര്‍മാരെ 'നോ ഫ്ലൈ' ലിസ്റ്റില്‍ ഉള്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍

ലെബനനില്‍ മുനിസിപ്പൽ കെട്ടിടത്തിന് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം; മേയർ ഉൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടു

നിജ്ജാർ കൊലപാതകം: ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ കാനഡയുടെ നീക്കം; സിഖ് സമൂഹത്തിനോട് വിവരങ്ങള്‍ അഭ്യർഥിച്ച് പോലീസ്