ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ നേതാവായിരുന്ന ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയ്ക്ക് പിന്നാലെ, ഇന്ത്യ- കാനഡ നയതന്ത്ര ബന്ധത്തിലെ ഉലച്ചിൽ ശക്തമാകുന്നു. ഇന്ത്യന്‍ വംശജരായ ഹിന്ദുക്കൾ കാനഡ വിട്ടു പോകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) രംഗത്തെത്തി. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ആഘോഷിക്കുന്നതിലൂടെ, ഇന്ത്യക്കാർ രാജ്യത്ത് അക്രമം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് ഇന്ത്യന്‍ വംശജർ പുറത്തുപോകണമെന്ന് സംഘടന പറയുന്നത്.
നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാർ ഏജന്റുമാർക്ക് ബന്ധമുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച പറഞ്ഞു. ഇതിനു പിന്നാലെ, ഇരുരാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു
"ഇന്ത്യന്‍ വംശജരായ ഹിന്ദുക്കള്‍ കാനഡ വിട്ട്, ഇന്ത്യയിലേക്ക് പോവുക. നിങ്ങൾ ഇന്ത്യയെ പിന്തുണയ്ക്കുക മാത്രമല്ല, ഖാലിസ്ഥാൻ അനുകൂല സിഖുകാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു." എസ്എഫ്ജെയുടെ നിയമോപദേഷ്ടാവ് ഗുർപത്വന്ത് പന്നുൻ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. 2019 ല്‍ ഇന്ത്യയില്‍ സിഖ് ഫോർ ജസ്റ്റിസിനെ തീവ്രവാദ സംഘടനയായിക്കണ്ട് നിരോധിക്കുകയും പുന്നനെ തീവ്രവാദിയായും പ്രഖ്യാപിച്ചിരുന്നു.
ജൂൺ 18 നാണ് ഖലിസ്ഥാന്‍ വാദി നേതാവും കാനഡയിലെ സറേയിലുള്ള ഗുരു നാനാക് സിഖ് ഗുരുദ്വാര സാഹിബിന്റെ അധ്യക്ഷനുമായ നൈജർ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ ഇന്ത്യൻ സർക്കാർ ഏജന്റുമാർക്ക് ബന്ധമുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച പറഞ്ഞു. ഇതിനു പിന്നാലെ, ഇരുരാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തിരുന്നു. കാനഡയുടെ ആരോപണങ്ങൾ അസംബന്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ തള്ളുകയും ചെയ്തു. എന്നാൽ, പന്നുവിന്റെ ഭീഷണിയിൽ ആശങ്ക പ്രകടിപ്പിച്ച് കനേഡിയൻ ഹിന്ദുസ് ഫോർ ഹാർമണി വക്താവ് വിജയ് ജെയിൻ രംഗത്തെത്തി. കാനഡയിലുടനീളം ഹിന്ദുഫോബിയ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കാനഡയിലെ ഖാലിസ്ഥാൻ റഫറണ്ടവുമായി ബന്ധമുണ്ടെന്ന് കരുതുന്നവർ ഹിന്ദു ക്ഷേത്രങ്ങളില്‍ ഉടനീളം ഇന്ത്യാ വിരുദ്ധ പോസ്റ്ററുകള്‍ ഒട്ടിക്കുന്ന വീഡിയോകളും പുറത്തുവന്നിരുന്നു. ഇത് വലിയ ഭീഷണി ഉയർത്തുന്നതായും 1985 ലെ പോലെ കനേഡിയൻ ഹിന്ദുക്കളുടെ ജീവൻ നഷ്ടപ്പെടുന്നതിന് കാരണമാകുമോയെന്ന് ഭയക്കുന്നതായും വിജയ് ജെയിൻ പറഞ്ഞു.
1985 ജൂണിൽ എയർ ഇന്ത്യ മോണ്ട്രിയല്‍- ലണ്ടൻ- ഡൽഹി വിമാനത്തിൽ ഖലിസ്ഥാൻ നടത്തിയ ബോംബാക്രമണത്തിൽ 307 യാത്രക്കാരും 22 ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. കനേഡിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി എല്ലാ വർഷവും ജൂൺ 23 ന് കാനഡ ദേശീയ അനുസ്മരണ ദിനമായി ആചരിക്കുന്നു.
ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയ്ക്ക് പിന്നാലെ, രാജ്യത്ത് സമാധാനം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കനേഡിയൻ മന്ത്രി അനീറ്റ ആനന്ദ് രംഗത്തെത്തി. ട്രൂഡോയുടെ പ്രസ്താവന വേദനാജനകമാണെന്ന് കാനഡയിലെ ദക്ഷിണേഷ്യന്‍ കുടുംബങ്ങൾ പറഞ്ഞതായും അവർ എക്സിൽ കുറിച്ചു. വിഷയത്തിൽ നിയമപരമായ വാദങ്ങൾ തുടരട്ടെയെന്നും, എല്ലാവരും ശാന്തരാകാനും അവർ ആവശ്യപ്പെട്ടു.