WORLD

30 ഗ്രാം ഹെറോയിൻ കടത്തിയതിന് സിംഗപ്പൂരിൽ സ്ത്രീയ്ക്ക് വധശിക്ഷ

വെബ് ഡെസ്ക്

രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയയാക്കാൻ ഒരുങ്ങി സിംഗപ്പൂർ. മയക്കുമരുന്ന് കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ സരിദേവി ജമാണിയെന്ന നാല്പത്തിയഞ്ചുകാരിയുടെ വധശിക്ഷയാണ് നടപ്പാക്കുന്നത്. ഒരാഴ്ചയ്ക്കിടെ മയക്കുമരുന്ന് കേസിൽ നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണ് ഇത്. വെള്ളിയാഴ്ചയാണ് ശിക്ഷ നടപ്പാക്കുക.

30ഗ്രാം ഹെറോയിൻ കടത്തിയെന്നതാണ് സരിദേവിക്കെതിരായ കേസ്. 2018 ലാണ് കുറ്റകൃത്യം നടക്കുന്നത്. ചോദ്യംചെയ്യലിൽ സരിദേവി കുറ്റമേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം തന്റെ ഫ്ലാറ്റിൽ നിന്ന് ഹെറോയിൻ, മെത്താംഫെറ്റാമൈൻ എന്നിവ കണ്ടെടുത്തിട്ടില്ലെന്ന് അവർ പറഞ്ഞു.

രണ്ടുദിവസം മുൻപാണ് മയക്കുമരുന്ന് കേസിൽ പ്രതിയായ മുഹമ്മദ് അസീസ് ബിൻ ഹുസൈൻ എന്നയാളുടെ വധശിക്ഷ സിംഗപ്പൂരിൽ നടപ്പാക്കിയത്. 50 ഗ്രാം മയക്കുമരുന്ന് കടത്തിയതിനാണ് ഇയാളെ ശിക്ഷിച്ചത്. ലോകത്ത് മയക്കുമരുന്ന് വിരുദ്ധ നിയമം ഏറ്റവും ശക്തമായ രാജ്യമാണ് സിംഗപ്പൂർ.

2004-ലാണ് അവസാനമായി സിംഗപ്പൂരിൽ ഒരു സ്ത്രീയെ വധശിക്ഷയ്ക്ക് വിധേയയാക്കുന്നത്. അന്നും മയക്കുമരുന്ന് കേസിൽ തന്നെയായിരുന്നു നടപടി. സിംഗപ്പൂരിലെ നിയമപ്രകാരം, 15 ഗ്രാമിൽ കൂടുതൽ ഹെറോയിനോ 500 ഗ്രാമിൽ കൂടുതൽ കഞ്ചാവോ കൈവശം വയ്ക്കുന്നത് വധശിക്ഷ വിധിക്കാവുന്ന കുറ്റമാണ്. കഞ്ചാവ് കടത്തൽ ഫോണിലൂടെ ഏകോപിപ്പിച്ചു എന്ന കുറ്റത്തിന് തങ്കരാജു സുപ്പയ്യ എന്നയാളെ കഴിഞ്ഞ ഏപ്രിലിൽ വധിച്ചിരുന്നു.

ബ്രിട്ടീഷ് ശതകോടീശ്വരനായ റിച്ചാർഡ് ബ്രാൻസൺ അടക്കം സരിദേവി ജമാണിയുടെ വധശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ചെറിയ കുറ്റങ്ങൾക്ക് പോലും വധശിക്ഷ വിധിക്കുന്നതും നടപ്പാക്കുന്നതും ആഗോളതലത്തിൽ തന്നെ സിംഗപ്പൂരിനെതിരെ മനുഷ്യാവകാശപ്രവർത്തകരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വധശിക്ഷ നടപ്പാക്കുന്നത് മൂലം മയക്കുമരുന്നുകളുടെ ഉപയോഗത്തിലും ലഭ്യതയിലും എന്തെങ്കിലും മാറ്റം ഉണ്ടാകുന്നില്ലെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കർശനമായ മയക്കുമരുന്ന് നിയമങ്ങൾ സിംഗപ്പൂരിനെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിൽ ഒന്നായി നിലനിർത്തുന്നുവെന്നാണ് അധികാരികളുടെ വാദം. സമൂഹത്തെ സംരക്ഷിക്കാൻ അത്തരം നിയമങ്ങൾ ആവശ്യമാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നടപ്പാക്കുന്നതിൽ പൊതുസമൂഹത്തിന്റെ വ്യാപക പിന്തുണയുണ്ടെന്നും അധികാരികൾ അവകാശപ്പെടുന്നു. ചൈന, ഇറാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് മയക്കുമരുന്ന് കേസിൽ വധശിക്ഷ നടപ്പാക്കുന്ന മറ്റ് രാജ്യങ്ങൾ.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?