യുക്രെയ്നില്‍ മിസൈല്‍ ആക്രമണം ശക്തമാക്കി റഷ്യ. തലസ്ഥാനമായ കീവും ഊർജനിലയങ്ങളും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. റഷ്യ 70 ക്രൂയിസ് മിസൈലുകൾ വിക്ഷേപിച്ചതായാണ് യുക്രെയന്‍ സായുധ സേന പുറത്തുവിടുന്ന വിവരം . ഇതിൽ 51 എണ്ണവും തടയാനായെന്ന് യുക്രെയ്ന്‍ സായുധ സേന കമാന്‍ഡര്‍ വലേരി സലുഷ്‌നി വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ യുക്രെയ്നില്‍ വൈദ്യുതിയും കുടിവെള്ളവും മുടങ്ങി. കീവ് ലക്ഷ്യമാക്കി 31 മിസൈലുകളാണ് റഷ്യ അയച്ചത്. ഇതില്‍ 21 എണ്ണവും ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് തടയാന്‍ യുക്രെയ്ന്‍ സേനയ്ക്കായി. രാജ്യത്തുടനീളം എയര്‍ അലര്‍ട്ടുകള്‍ നല്‍കി നിരവധി പേരെ മാറ്റിപാര്‍പ്പിച്ചതായും സൈന്യം അറിയിച്ചു.
മനുഷ്യരാശിക്കെതിരെയുളള കുറ്റകൃത്യമാണ് റഷ്യ നടത്തിയിരിക്കുന്നത്.വ്ളോഡിമർ സെലെൻസ്‌കി
മനുഷ്യരാശിക്കെതിരെയുളള ആക്രമണമാണ് റഷ്യ നടത്തിവരുന്നതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്‌കി കുറ്റപ്പെടുത്തി. '' യുക്രെയ്നെ പൂർണമായും ഇരുട്ടിലാക്കി സമ്മർദ്ദത്തിലാക്കാമെന്നുള്ള നീക്കമാണ് റഷ്യയുടേത്. റഷ്യന്‍ ഭീകരതയുടെ പുതിയ ഫോര്‍മുലയാണിത്'' - സെലന്‍സ്കി പറഞ്ഞു.
കഴിഞ്ഞദിവസം യുക്രെയ്നിലെ വിൽനിയാൻസ്കിലെ പ്രസവാശുപത്രിയിൽ നടന്ന മിസൈൽ ആക്രമണത്തിൽ നവജാത ശിശു കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നാലെ യൂറോപ്യൻ യൂണിയന്‍ പാർലമെന്റ് റഷ്യയെ തീവ്രവാദത്തിന്റെ സ്പോൺസർ എന്ന് വിശേഷിപ്പിച്ചു. റഷ്യയെ ഭീകര ഭരണകൂടമായി മുദ്രകുത്താൻ പാര്‍ലമെന്റ് വോട്ടെടുപ്പ് നടത്തുകയും ജനാധിപത്യ രാജ്യങ്ങളുടെ പിന്തുണ തേടുകയും ചെയ്തു. ഇതിന് പിന്നാലെ യൂറോപ്യൻ പാർലമെന്റിന്റെ വെബ്സൈറ്റുകള്‍ സൈബർ ആക്രമണം നേരിടുകയുണ്ടായി. ക്രെംലിൻ അനുകൂല ഗ്രൂപ്പായ കിൽനെറ്റ് ആണ് ആക്രമണം നടത്തിയത്. യുക്രെയ്നിയൻ സായുധ സേനയുടെ സാന്നിധ്യമുള്ളതിനാലാണ് ആശുപത്രിയില്‍ ബോംബാക്രമണം നടത്തിയതെന്നായിരുന്നു റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദം.
ഇന്നലെയുണ്ടായ ആക്രമണത്തെ തുടർന്ന് യുക്രെയ്ൻ പൂർണമായും ഇരുട്ടിലായിരിക്കുകയാണ്. വൈദ്യുതി മുടക്കം കാരണം മൂന്ന് ആണവ റിയാക്ടറുകള്‍ യുക്രെയ്ൻ അടച്ചുപൂട്ടി. അയൽരാജ്യമായ മോൾഡോവയേയും ഊര്‍ജനിലയങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണം ബാധിച്ചു. റഷ്യ മോൾഡോവയെ ഇരുട്ടിലാക്കിയെന്ന് മോൾഡോവൻ പ്രസിഡന്റ് കുറ്റപ്പെടുത്തി.
ശൈത്യകാലത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് യുക്രെയ്നെതിരെ ആക്രമണം ശക്തമാക്കുന്ന റഷ്യന്‍ നീക്കം. സമാധാന ചർച്ചകൾക്ക് യുക്രെയ്‌നെ നിർബന്ധിതരാക്കാനാണ് റഷ്യയുടെ ഇപ്പോഴത്തെ ശ്രമം . യുക്രെയ്ന്റെ ഊർജ നിലയങ്ങള്‍ നശിപ്പിക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്. കീവില്‍ മാത്രം 80 ശതമാനത്തിലേറെ പേരും കുടിവെള്ളവും വൈദ്യുതിയുമില്ലാതെ ക്ഷാമം നേരിടുകയാണ്.