ഗാസ മുനമ്പിലെ ഇസ്രയേല്‍ വംശഹത്യയ്‌ക്കെതിരെ അന്താരാഷ്ട്ര കോടതി മുമ്പാകെ (ഐസിജെ) ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ കക്ഷി ചേരുമെന്ന് അറിയിച്ച് സ്‌പെയിന്‍. വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ ആല്‍ബറെസാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ അയര്‍ലന്‍ഡ്, ചിലി, മെക്‌സിക്കോ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം കക്ഷി ചേര്‍ന്നിരുന്നു. ഗാസയില്‍ സൈനിക നടപടികള്‍ തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് സ്പെയ്ന്‍ വ്യക്തമാക്കി.
''സംഘര്‍ഷത്തിന്റെ പ്രാദേശിക വിപുലീകരണവും ഞങ്ങള്‍ വളരെയധികം ആശങ്കയോടെ നിരീക്ഷിക്കുന്നു. ഗാസയിലേക്കും പശ്ചിമേഷ്യയിലേക്കും സമാധാനം തിരികെ വരുമെന്നത് കൊണ്ട് മാത്രമല്ല, അന്താരാഷ്ട്ര നിയമങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടുമാണ് ഈ തീരുമാനം,'' ആല്‍ബറെസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുകയും ദ്വിരാഷ്ട്ര പരിഹാരം പ്രയോഗിക്കുന്നതിനുള്ള പാതയില്‍ മുന്നേറുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ഏക ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ കക്ഷി ചേരുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാണ് സ്‌പെയിന്‍.
എന്നാല്‍, വംശഹത്യ ആരോപണം തെളിവില്ലാത്തതാണെന്നും ഹമാസിന്റെ ആക്രമണത്തിനുള്ള പ്രതിരോധമാണ് തങ്ങൾ നടത്തുന്നതെന്നുമാണ് ഇസ്രയേലിന്റെ വാദം. വിചാരണയുടെ ആദ്യ ദിവസം ദക്ഷിണാഫ്രിക്ക ഇസ്രയേലിനെതിരെയുള്ള വാദങ്ങള്‍ നിരത്തിയിരുന്നു. 1948ലെ വംശഹത്യ കണ്‍വെന്‍ഷന്‍ ഇസ്രയേല്‍ ലംഘിച്ചുവെന്ന് ദക്ഷിണാഫ്രിക്ക ആരോപിച്ചു. ഇതിന് മറുപടിയായി ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമിക്കുന്ന രംഗങ്ങളുടെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ കോടതിയില്‍ ഹാജരാക്കിയായിരുന്നു പ്രതിരോധം.
വംശഹത്യ കണ്‍വെന്‍ഷന്റെ കീഴിലുള്ള വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ഡിസംബറിലാണ് ഇസ്രയേലിനെതിരെ ദക്ഷിണാഫ്രിക്ക ഐസിജെയില്‍ കേസ് നല്‍കിയത്. ഗാസയില്‍ നടത്തുന്നത് 'വംശഹത്യ'യാണെന്നും ഇസ്രയേലിന്റെ 'കൊളോണിയൽ അധിനിവേശത്തിനും വംശവിവേചന ഭരണത്തിനും' കീഴിൽ പലസ്തീനികൾ ദുരിതമനുഭവിക്കുകയാണെന്നും കൂടുതൽ അപകടങ്ങളിൽനിന്ന് അവരെ സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നതായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഹർജി.
പലസ്തീൻ ജനതയെ സംരക്ഷിക്കാൻ കോടതി ഉടൻ നടപടിയെടുക്കണമെന്നും വംശഹത്യ അവസാനിപ്പിക്കാൻ ആവശ്യപ്പെടണമെന്നും ഹർജിയിൽ ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടിരുന്നു. കേസില്‍ വാദങ്ങള്‍ പുരോഗമിക്കെ പലസ്തീനെതിരെയുള്ള വംശഹത്യാ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും സാധാരണക്കാരെ സഹായിക്കണമെന്നും കോടതി ഇസ്രയേലിനോട് ഉത്തരവിട്ടിരുന്നു.
വംശഹത്യക്കേസില്‍ ഐസിജെ വിധി പുറപ്പെടുവിക്കുന്നതിന് ഇനിയും വര്‍ഷങ്ങളെടുക്കും. വിധികള്‍ പാലിക്കാന്‍ രാജ്യങ്ങള്‍ ബാധ്യസ്ഥരാണെങ്കിലും ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതിക്ക് അവ സമ്മര്‍ദ്ദത്തിലൂടെ നടപ്പിലാക്കാന്‍ മാര്‍ഗമില്ല. വിധിക്ക് അപ്പീല്‍ നല്‍കാന്‍ സാധ്യമല്ല.
മലേഷ്യ, തുര്‍ക്കി, ജോര്‍ദാന്‍, ബൊളീവിയ, മാലിദ്വീപ്, നെയിംബിയ, പാകിസ്താന്‍, കൊളംബിയ, ബ്രസീല്‍, മെക്‌സിക്കോ, ചിലി എന്നീ രാജ്യങ്ങളാണ് ഇസ്രയേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ ആരോപണങ്ങളെ പിന്തുണച്ച മറ്റ് രാജ്യങ്ങളും സംഘടനകളും. ഈ രാജ്യങ്ങള്‍ക്ക് പുറമേ, ലോകമെമ്പാടുമുള്ള അഭിഭാഷകരും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും ഇസ്രയേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ കേസില്‍ ചേര്‍ന്നിട്ടുണ്ട്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കണ്‍ട്രീസും (ഒഐസി) അറബ് ലീഗും ആരോപണങ്ങളെ പിന്തുണച്ചിട്ടുണ്ട്.
ആഴ്ചകള്‍ക്ക് മുന്‍പാണ് സ്പെയിനും അയര്‍ലന്‍ഡും നോര്‍വേയും പലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചത്. മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള നീക്കത്തിന് ആവശ്യമായ ആഹ്വാനം എന്നാണ് മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളും പലസ്തീന്റെ അംഗീകാരത്തെ വിശേഷിപ്പിച്ചത്. ഇസ്രയേല്‍ വളരെ രൂക്ഷമായാണ് ഈ നീക്കത്തോട് പ്രതികരിച്ചത്. രാജ്യങ്ങള്‍ ഭീകരതയ്ക്ക് പ്രതിഫലം നല്‍കുന്നു എന്നാരോപിച്ച് അംബാസിഡര്‍മാരെ ഇസ്രയേല്‍ തിരിച്ച് വിളിച്ചിരുന്നു.
ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയത്തിലെ നിയമവിദ്ഗധന്‍ ടാല്‍ ബെക്കറാണ് ഇസ്രയേലിനുവേണ്ടി വാദിക്കാൻ ആദ്യം ഹാജരായത്. ''ദക്ഷിണാഫ്രിക്ക വികലവും വസ്തുതാപരവുമായ ചിത്രമാണ് മുന്നോട്ടുവച്ചത്. വംശഹത്യ എന്ന പദം ഇസ്രയേലിനെതിരായ ആയുധമായാണ് ദക്ഷിണാഫ്രിക്ക പ്രയോഗിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ വിചാരണ ഒക്ടോബര്‍ ഏഴിന് നടന്ന സംഭവങ്ങള്‍ അവഗണിക്കുകയായിരുന്നു,'' ബെക്കര്‍ വാദിച്ചിരുന്നു.
ഒക്ടോബര്‍ മുതല്‍ ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 36,500 കവിഞ്ഞതായി പ്രദേശത്തെ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.