നെതർലൻഡ്‌സിൽ 550 ലധികം കുട്ടികളുടെ അച്ഛനായ ജൊനാഥന്‍ മെയ്‌ജറോട് ബീജദാനം നിർത്തണമെന്ന് ഡച്ച് കോടതി. ബീജദാനത്തിലൂടെയാണ് നാല്പത്തിയൊന്നുകാരനായ ഇയാൾ ഇത്രയധികം കുട്ടികളുടെ അച്ഛനായത്. കോടതി ഉത്തരവ് ലംഘിച്ച് ബീജം ദാനം ചെയ്യുകയാണെങ്കിൽ കനത്ത പിഴ ഈടാക്കുമെന്നും ഡച്ച് കോടതി മുന്നറിയിപ്പ് നൽകി. ഒരു ബീജത്തിന് ഒരു ലക്ഷം യൂറോ (ഏകദേശം 90 ലക്ഷം രൂപ) എന്ന നിലയിൽ പിഴ നൽകേണ്ടി വരുമെന്നാണ് കോടതിയുടെ അറിയിപ്പ്. ബീജദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച് രക്ഷിതാക്കളെയോ ക്ലീനിക്കുകളെയോ ബന്ധപ്പെടരുതെന്നും കർശന നിർദേശം.
വന്ധ്യതാ ക്ലിനിക്കുകൾക്കുള്ള മാർഗനിർദേശ പ്രകാരം ഒരു ബീജദാതാവിന് 12 കുടുംബങ്ങളിലായി 25 കുട്ടികൾക്ക് മാത്രമേ പിതാവാകാൻ പാടുള്ളൂ. ഇതിൽ കൂടാൻ പാടില്ല. എന്നാൽ 2007-ൽ ബീജം ദാനം ചെയ്യാൻ തുടങ്ങിയ ജൊനാഥൻ 550 മുതൽ 600 വരെ കുട്ടികളുടെ പിതാവായെന്ന് കോടതി പറഞ്ഞു. ജോനാഥൻ തന്റെ ബീജത്തിൽ ജനിച്ച കുട്ടികളുടെ എണ്ണം കുറച്ച് പറഞ്ഞ് സ്വീകർത്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്നും കോടതി കണ്ടെത്തി.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവൃത്തിക്കുന്ന ഒരു ഫൗണ്ടേഷനും, മെയ്ജറിന്റെ ബീജത്തിലൂടെ ജനിച്ച കുട്ടിയുടെ അമ്മയും നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ഇദ്ദേഹം ബീജദാനം തുടരുന്നത് കുട്ടികളുടെ സ്വകാര്യ ജീവിതത്തിൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അവകാശത്തെ ലംഘിക്കുമെന്നും ഹർജിയിൽ ആരോപിക്കുന്നു. രാജ്യത്ത് വ്യാപകമായി ജൊനാഥൻ ബീജദാനം നടത്തിയിട്ടുള്ളതിനാൽ രക്തബന്ധമുള്ള കുട്ടികൾ അറിയാതെ ലൈംഗികബന്ധത്തിലേർപ്പെടാൻ സാധ്യതയുണ്ട്. കുട്ടികൾക്ക് സ്വസ്ഥമായി പ്രണയബന്ധത്തിലേർപ്പെടാനാകില്ല. അതിനാൽ ബീജദാനത്തിൽ ഇന്നും ഇയാളെ തടയണമെന്നുമായിരുന്നു ഹർജിക്കാർ ആവശ്യപ്പെട്ടത്.
മറ്റ് രാജ്യങ്ങളിലടക്കം കാട്ടുതീ പോലെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ജോനാഥന്റെ ബീജദാനം വിലക്കിയതിന് ഹർജിക്കാരൻ കോടതിയോട് നന്ദി രേഖപ്പെടുത്തി.അതേസമയം തങ്ങളുടെ താൽപ്പര്യങ്ങൾ മാനിക്കണമെന്നും കോടതി വിധി അംഗീകരിക്കണമെന്നും ജോനാഥനോട് ഹർജി സമർപ്പിച്ച കുട്ടിയുടെ അമ്മ പറഞ്ഞു. സ്വകാര്യജീവിതമെന്നത് കുട്ടികളുടെ അവകാശമെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം കോടതി ഉത്തരവ് പ്രകാരം ഏതെങ്കിലും ക്ലിനിക്കുകളിൽ ബീജം ശേഖരിച്ചുവച്ചിട്ടുണ്ടെങ്കിൽ അതു നശിപ്പിക്കണമെന്നും പുതിയ ദമ്പതികൾക്ക് കൈമാറരുതെന്നും കോടതി ഉത്തരവിട്ടു. ജോനാഥൻ പതിമൂന്നോളം ക്ലീനിക്കുകൾക്ക് ബീജം ദാനം ചെയ്തിരുന്നു. ഇതിൽ 11 എണ്ണവും നെതർലൻഡ്സിലാണ്. കോടതി ഇയാൾക്കെതിരെ നേരത്തെ വിലക്കേർപ്പെടുത്തിയെങ്കിലും പേരുമാറ്റിയും അല്ലാതെയും ഇയാൾ ബീജദാനം നടത്തിവരികയായിരുന്നു.