പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ജൂലായ് 20 ന് പാർലമെന്ററി വോട്ടെടുപ്പ് നടക്കാനിരിക്കെ ശ്രീലങ്കയിൽ ആക്ടിങ് പ്രസിഡന്റ് റെനിൽ വിക്രമ സിംഗെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ക്രമസമാധാനം പുനഃസ്ഥാപിക്കാനും ജനസുരക്ഷ ഉറപ്പു വരുത്താനും അവശ്യ സേവനങ്ങളുടെ സുഗമമായ നടത്തിപ്പിനും അടിയന്തരാവസ്ഥ അനിവാര്യമാണെന്ന് ഞായറാഴ്ച രാത്രി പുറത്തിറക്കിയ വിജ്ഞാപനത്തിൽ പ്രസിഡണ്ട് റെനിൽ വിക്രമ സിംഗെ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്തു.
ചൊവ്വാഴ്ച മുതൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സ്വീകരിക്കും. വിക്രമ സിംഗേ ഉൾപ്പെടെ നാലു പേർ സ്ഥാനാർഥികളാകുമെന്നാണ് സൂചന.
സാമ്പത്തിക പ്രതിസന്ധിയും ആവശ്യ സാധനങ്ങളുടെ ദൗർലഭ്യവും രൂക്ഷമായ ശ്രീലങ്കയിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമായപ്പോൾ നേരത്തെയും നിരവധി തവണ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരുന്നു. ജനകീയ പ്രക്ഷോഭത്തിൽ നിന്ന് രക്ഷപ്പെടാൻ മുൻ പ്രസിഡന്റ് ഗോതബയ രജപക്സെ രാജ്യം വിട്ടതിനെത്തുടർന്ന് റെനിൽ വിക്രമ സിംഗെ കഴിഞ്ഞയാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നെങ്കിലും ഔദ്യോഗികമായി വിജ്ഞാപനമിറക്കിയിരുന്നില്ല.
അതിനിടെ ശ്രീലങ്കയിൽ അവശ്യ സാധനങ്ങളുടെ ദൗർലഭ്യം രൂക്ഷമായി തുടർന്നു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഇന്ധന ക്ഷാമം എല്ലാവിഭാഗം ജനങ്ങളെയും ഒരുപോലെ ബാധിച്ചു. ഏതാനും സ്വകാര്യ വാഹനങ്ങൾ മാത്രമാണ് തെരുവുകളിൽ ഓടുന്നത്. പെട്രോൾ പമ്പുകൾക്ക് മുന്നിൽ ഇന്ധനത്തിനായി നീണ്ടനിര നിത്യകാഴ്ചയായി മാറിയിരിക്കുന്നു. അത്യാവശ്യ ഘട്ടത്തിനു വേണ്ടിയുള്ള ഇന്ധനം സംഭരിക്കുന്നതിനായി ആളുകൾ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട അവസ്ഥയാണ്.
ശ്രീലങ്കയിൽ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ അയൽ രാജ്യത്തെ സ്ഥിതി ഗതികൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച സർവകക്ഷി യോഗം വിളിക്കാൻ ഇന്ത്യ തീരുമാനിച്ചു. യോഗത്തിൽ ശ്രീലങ്കൻ പ്രതിസന്ധിയെക്കുറിച്ച് ധനമന്ത്രി നിർമല സീതാ രാമനും വിദേശ കാര്യ മന്ത്രി എസ് ജയശങ്കറും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ചർച്ച ചെയ്യുമെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ഞായറാഴ്ച അറിയിച്ചു . അതിനിടെ പാർലമെന്ററി വർഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചു ചേർത്ത വിവിധ പാർട്ടികളുടെ യോഗത്തിൽ ഡിഎംകെയും എഡിഎംകെയും ശ്രീലങ്കൻ പ്രതിസന്ധിയിൽ ഇന്ത്യ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.