WORLD

ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യം; ആദ്യ റൗണ്ടിൽ ആർക്കും വിജയമില്ല, വോട്ടെണ്ണൽ രണ്ടാം ഘട്ടത്തിലേക്ക്

രണ്ടാം ഘട്ടത്തിൽ സാമാജി ജന ബലവെഗായുടെ നേതാവ് സജിത്ത് പ്രേമദാസയാണ് ദിസനായകെയുടെ എതിരാളി

വെബ് ഡെസ്ക്

ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി, വിജയിയെ പ്രഖ്യാപിക്കാൻ ആവശ്യമായ 50 ശതമാനം വോട്ട് നേടാൻ സ്ഥാനാർഥികൾക്ക് കഴിയാതെ വന്നതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്. ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ നാഷണൽ പീപ്പിൾസ് പവർ നേതാവ് അനുര കുമാര ദിസനായകെ മുന്നിട്ട് നിന്നിരുന്നെങ്കിലും '50 ശതമാനം പ്ലസ് ഒന്ന്' എന്ന കടമ്പ താണ്ടാൻ കഴിഞ്ഞില്ല. ഇതോടെയാണ് കൂടുതൽ വോട്ട് ലഭിച്ച രണ്ടുപേർ മാത്രം മത്സരിക്കുന്ന രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുപ്പ് നീങ്ങുന്നത്.

രണ്ടാം ഘട്ടത്തിൽ സാമാജി ജന ബലവെഗായുടെ നേതാവ് സജിത്ത് പ്രേമദാസയാണ് ദിസനായകെയുടെ എതിരാളി. 38 സ്ഥാനാർഥികളുണ്ടായിരുന്ന തിരഞ്ഞെടുപ്പ് മത്സരത്തിൽ ഇവർ രണ്ടുപേരുമൊഴികെ മറ്റുള്ളവരെല്ലാം പുറത്തായതായി ശ്രീലങ്കൻ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഞായറാഴ്ച ഉച്ചയോടെ അറിയിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12:31 വരെയുള്ള ശ്രീലങ്കൻ തിരഞ്ഞെടുപ്പ് കമ്മിഷൻ കണക്കുകൾ പ്രകാരം ഇതുവരെ എണ്ണപ്പെട്ട 60 ലക്ഷം വോട്ടുകളിൽ 49 ശതമാനമാണ് ദിസനായകെ കരസ്ഥമാക്കിയത്. 29.88 ശതമാനം വോട്ടുകൾ നേടിയ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസാണ് രണ്ടാം സ്ഥാനത്ത്.

രണ്ടാം ഘട്ടത്തിലെ വോട്ടെണ്ണലിൽ, ശേഷിക്കുന്ന വോട്ടുകളിൽ വോട്ടർമാർ അടയാളപ്പെടുത്തിയിട്ടുള്ള അവരുടെ രണ്ടാമത്തെയും മൂന്നാമത്തെയും മുൻഗണയാകും എണ്ണുക. അതിൽനിന്നാകും ശ്രീലങ്കയുടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. 1982 മുതൽ ശ്രീലങ്കയിൽ നടന്ന എട്ട് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പുകളിലും ആദ്യ റൗണ്ടിൽ തന്നെ വിജയിയെ പ്രഖ്യാപിച്ചിരുന്നു. പതിനേഴു ദശലക്ഷം ലങ്കൻ പൗരന്മാർക്കായിരുന്നു ഇത്തവണ വോട്ട് രേഖപ്പെടുത്താൻ അർഹതയുണ്ടായിരുന്നത്. 2022ലെ ജനകീയ പ്രക്ഷോഭത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പ് സമാധാനപരമായായിരുന്നു നടന്നത്.

എന്നിരുന്നാലും പൊതുസുരക്ഷ കണക്കിലെടുത്ത് ശനിയാഴ്ച രാത്രി പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്കാണ് നിരോധനാജ്ഞ പിൻവലിച്ചത്. ആദ്യ ഫലങ്ങളിൽ ദിസനായകെ ലീഡ് നില ഉയർത്തിയെങ്കിലും പല മേഖലകളിലും സജിത്ത് പ്രേമദാസയ്ക്ക് മേൽക്കൈ ലഭിച്ചതാണ് തിരിച്ചടിയായത്.

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും