ലക്ഷ്മൺ നരസിംഹൻ Google
WORLD

സ്റ്റാർബക്സ് സിഇഒ സ്ഥാനത്തേക്ക് ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹൻ

വെബ് ഡെസ്ക്

അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ജനപ്രിയ കോഫി ശൃംഖലയായ സ്റ്റാർബക്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹൻ. നിലവിലെ സി ഇ ഒ ഹോവാർഡ് ഷുൾട്‌സിന് പകരമായാണ് 55 കാരനായ ലക്ഷ്മൺ നരസിംഹൻ നിയമിതനായത്. 2019 മുതൽ ഡ്യൂറെക്സ് കോണ്ടം, എൻഫാമിൽ ബേബി ഫോർമുല, മ്യൂസിനെക്സ് കോൾഡ് സിറപ്പ് എന്നിവ നിർമ്മിക്കുന്ന റെക്കിറ്റിന്റെ സിഇഒ ആയിരുന്നു അദ്ദേഹം. പെപ്സികോയുടെ ആഗോള ചീഫ് കൊമേഴ്‌സ്യൽ ഓഫീസറായും ജോലി ചെയ്തിട്ടുണ്ട്.

ഒക്ടോബർ 1 ന് ലക്ഷ്മൺ കമ്പനിയിൽ ചേരുമെങ്കിലും 2023 ഏപ്രിൽ മുതലാണ് ചുമതലയേൽക്കുക. ഏപ്രിൽ വരെയും അദ്ദേഹം നിലവിലെ സിഇഒ ആയ ഹോവാർഡ് ഷുൾട്‌സുമായി ചേർന്ന് പ്രവർത്തിക്കുമെന്നും സ്റ്റാർബക്സ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ തുടർന്നുണ്ടായ മന്ദഗതികൾക്ക് ശേഷം കഴിഞ്ഞ ഏപ്രിൽ - ജൂൺ മാസങ്ങളിലായി യു എസിൽ വലിയ രീതിയിലുള്ള വിൽപ്പന നടന്നതായി സ്റ്റാർബക്സ് റിപ്പോർട് ചെയ്തിരുന്നു. ലോകമെമ്പാടും 34,000 സ്റ്റോറുകളുള്ള കോഫി ഷോപ്പ് ശൃംഖലയാണ് സ്റ്റാർബക്സ് .

വ്യാഴാഴ്ചയാണ് ലക്ഷ്മൺ നരസിംഹൻ സിഇഒ സ്ഥാനം ഒഴിയുന്നതായി റെക്കിറ്റ് പ്രഖ്യാപിച്ചത്. അതിന് പിന്നാലെ എഫ്ടിഎസ്ഇ-ലിസ്റ്റ് ചെയ്ത റെക്കിറ്റിന്റെ ഓഹരികൾ 4 ശതമാനം ഇടിഞ്ഞിരുന്നു.

വിവിധ മേഖലകളിലുള്ള കോർപ്പറേറ്റ് കമ്പനികളുടെ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുള്ള ഇന്ത്യൻ വംശജരുടെ നീണ്ട പട്ടികയിലേക്കാണ് ലക്ഷ്മൺ നരസിംഹനും വരുന്നത്. ഗൂഗിളിന്റെയും മാതൃ കമ്പനിയായ ആൽഫബെറ്റിന്റെയും തലവനായ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഐബിഎമ്മിന്റെ അരവിന്ദ് കൃഷ്ണ, അഡോബിന്റെ ശാന്തനു നാരായൺ എന്നിവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു. .1990-കളുടെ മധ്യത്തിൽ റോം ആൻഡ് ഹാസിന്റെ ചെയർമാനും സിഇഒ ആയും രാജ് ഗുപ്തയും, ഹാർട്ട്‌ഫോർഡ് ഫിനാൻഷ്യൽ സർവീസസ് ഗ്രൂപ്പിന്റെ സിഇഒയും ചെയർമാനുമായി രമണി അയറും, യുഎസ് എയർവേസ് ഗ്രൂപ്പിന്റെ സിഇഒ ആയി രാകേഷ് ഗാങ്‌വാളും ഉയർന്നത് മുതൽ കോർപറേറ്റ് കമ്പനികളുടെ ഉന്നതസ്ഥാനങ്ങളിൽ ഇന്ത്യൻ വംശജരുടെ സാന്നിധ്യമുണ്ട്.

പൂനെ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ലക്ഷ്മൺ നരസിംഹൻ പെൻസിൽവാനിയ സർവകലാശാലയിലെ ലോഡർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജർമ്മൻ, അന്തർദേശീയ പഠനങ്ങളിൽ ബിരുദാനന്തര ബിരുദവും യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിലെ വാർട്ടൺ സ്കൂളിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കൺസൾട്ടിംഗ് സ്ഥാപനമായ മക്കിൻസി ആൻഡ് കമ്പനിയുടെ സീനിയർ പാർട്ണറായും നരസിംഹൻ സേവനമനുഷ്ഠിച്ചിട്ടുണ്ട് . യു.എസ്., ഏഷ്യ, ഇന്ത്യ എന്നിവിടങ്ങളിലെ ഉപഭോക്തൃ, റീട്ടെയിൽ, സാങ്കേതിക മേഖലകളിൽ ആയിരുന്നു അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

'പ്രാദേശിക രാഷ്ട്രീയത്തില്‍ ഇന്ത്യയും ചൈനയും ഇടപെടുന്നു'; ഗുരുതര ആരോപണങ്ങളുമായി കനേഡിയൻ ഇന്റലിജൻസ് റിപ്പോർട്ട്

അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് മലയാളത്തിന്റെ ശ്രദ്ധാജ്ഞലി

'കലങ്ങിയ പൂരം തെളിയുന്നില്ല'; സര്‍ക്കാരിന്റെ അന്വേഷണത്തിന്റെ പേരിലും വിവാദം, വിവരാവകാശത്തിന് മറുപടി നല്‍കിയ ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

'പലസ്തീൻ ജനതക്ക് വേണ്ടി': പേജർ ആക്രമണത്തിൽ തിരിച്ചടിച്ച് ഹിസ്ബുള്ള, വടക്കൻ ഇസ്രയേലിലേക്ക് തൊടുത്തത്‌ 140 റോക്കറ്റുകൾ

സുബ്ബലക്ഷ്മിയാകാൻ കൊതിച്ചു, അഭിനേത്രിയാക്കിയത് തോപ്പില്‍ ഭാസി; വട്ടപ്പൊട്ടിലൊരു പൊന്നമ്മക്കാലം