WORLD

റഫായില്‍ തെരുവുയുദ്ധം കടുപ്പിച്ച് ഇസ്രയേല്‍, ഡ്രോണ്‍ ആക്രമണവും; സുരക്ഷിത സ്ഥാനമില്ലാതെ പലസ്തീനികള്‍

വെബ് ഡെസ്ക്

യുദ്ധക്കെടുതിയുടെ കരളലിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന ഗാസയിലെ റഫയില്‍ കരയുദ്ധം കടുപ്പിച്ച് ഇസ്രയേല്‍. ഇസ്രയേല്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷതേടി ലക്ഷക്കണക്കിന് സാധാരണക്കാര്‍ അഭയം തേടിയ തെക്കന്‍ ഗാസ നഗരമായ റഫയിലേക്ക് ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി ഇസ്രയേല്‍ സൈന്യം കടന്നതിന് പിന്നാലെയാണ് തെരുവുകളില്‍ രൂക്ഷമായ തെരുവ് പോരാട്ടവും ഇസ്രായേല്‍ ബോംബാക്രമണവും റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേല്‍ ആക്രമണത്തില്‍ കുറഞ്ഞത് 37 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വിവരം.

ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഫിലാഡല്‍ഫി ഇടനാഴി എന്നറിയപ്പെടുന്ന ഈജിപ്തുമായുള്ള ഗാസയുടെ അതിര്‍ത്തിയുടെ മുഴുവന്‍ നിയന്ത്രണവും പിടിച്ചെടുത്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ ഇസ്രയേല്‍ സൈനിക നീക്കങ്ങള്‍ക്ക് എതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ആക്രമണം കൂടുതല്‍ രൂക്ഷമാക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. റഫായിലെ ജനങ്ങളെ ലക്ഷ്യംവെച്ചുള്ള ഡ്രോണ്‍ ആക്രമണം ഇസ്രയേല്‍ തുടരുകയാണെന്ന് മേഖലയിലെ ആംബുലന്‍സ് ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹൈതാം അല്‍ ഹമാസ് പ്രതികരിച്ചു. സുരക്ഷിതമായ സ്ഥാനങ്ങളില്‍ താമസിക്കുന്നവരെ പോലും ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് നടക്കുന്നതെന്നും സഹായം തേടി നിരവധി ഫോണ്‍ കോളുകളാണ് ലഭിക്കുന്നതെന്നും ഹൈതാം വ്യക്തമാക്കി. അടിയന്തര സഹായമെത്തിക്കാനൊരുങ്ങുന്നവരെയും ലക്ഷ്യം വെച്ചിട്ടുള്ളതിനാല്‍ ആംബുലന്‍സുകള്‍ക്ക് പ്രദേശത്തേക്ക് എത്താനാകില്ലെന്നും ഹൈതാം ചൂണ്ടിക്കാണിച്ചു.

ബോംബിങ്ങിനും വെടിവെപ്പിനും പുറമെ സൂയിസൈഡ് ഡ്രോണുകളായും മാറ്റാനാകുന്ന ക്വാഡ്കോപ്റ്ററുകള്‍ വ്യാപകമായി ആക്രമണത്തിന് ഉപയോഗിക്കുന്നു

പലസ്തീനികളെ ആക്രമിക്കുന്നതിനായി ഇലക്ട്രോണിക് നിയന്ത്രിത ക്വാഡ്കോപ്റ്ററുകള്‍ മെഷീന്‍ ഗണ്ണുകളിലും മിസൈലുകളിലും ഘടിപ്പിച്ച് ഇസ്രയേല്‍ ഉപയോഗിക്കുന്നതായി മനുഷ്യാവകാശ സംഘടനകള്‍ ഫെബ്രുവരിയില്‍ വെളിപ്പെടുത്തിയിരുന്നു. നേരത്തെ രഹസ്യാന്വേഷണത്തിനായി ഇസ്രയേല്‍ ക്വാഡ്കോപ്റ്റർ ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. ബോംബിങ്ങിനും വെടിവെപ്പിനും പുറമെ സൂയിസൈഡ് ഡ്രോണുകളായും ക്വാഡ്കോപ്റ്ററുകള്‍ മാറ്റാനാകും.

ഈജിപ്തുമായി പങ്കിടുന്ന റഫാ അതിർത്തി അടച്ചിട്ടുള്ളതിനാല്‍ മേഖലയിലേക്ക് മാനുഷിക സഹായം എത്തുന്നില്ല. ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യമേഖലയെ മുഴുവന്‍ ബാധിച്ചിരിക്കുകയാണ് ഇത്. കഴിഞ്ഞ ദിവസം റഫായിലെ താല്‍ക്കാലിക കൂടാരങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റവർക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് പലസ്തീന്റെ ലോകാരോഗ്യ സംഘടന പ്രതിനിധിയായ റിക് പീപ്പർകോണ്‍ അറിയിച്ചു. ഗുരുതരമായ പൊള്ളലേറ്റവരെ ചികിത്സിക്കാനുള്ള ഒരു സംവിധാനവും ഗാസയിലില്ലെന്നും റിക് കൂട്ടിച്ചേർത്തു.

ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം ആക്രമണത്തില്‍ പരുക്കേറ്റ 75 പേർക്കാണ് ചികിത്സ ലഭിച്ചിട്ടുള്ളത്. തെക്കന്‍ ഗാസയിലെ ഇന്റർനാഷണല്‍ മെഡിക്കല്‍ കോർപ്‍സിന്റെ (ഐഎംസി) താല്‍ക്കാലിക ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതില്‍ 25 പേരുടെ നില അതീവ ഗുരുതരമാണ്. അതിർത്തിയടച്ചതിന് ശേഷം മൂന്ന് ട്രക്കുകള്‍ മാത്രമാണ് ലോകാരോഗ്യസംഘടനയ്ക്ക് ഗാസയിലേക്ക് എത്തിക്കാനായതെന്നും റിക് പറയുന്നു. ഇസ്രയേലിനും ഗാസയ്ക്കുമിടയിലുള്ള കരേം അബു സലേം ക്രോസ് വഴിയാണ് ഇവ എത്തിയത്.

പലസ്തീന്‍ അഭയാർഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയോട് (യുഎന്‍ആർഡബ്ല്യുഎ) കിഴക്കന്‍ ജെറുസലേമിലെ ആസ്ഥാനമൊഴിയാന്‍ ഇസ്രയേല്‍ ലാന്‍ഡ് അതോറിറ്റി ആവശ്യപ്പെട്ടു. 30 ദിവസത്തെ സാവാകാശമാണ് നല്‍കിയിരിക്കുന്നത്. ടൈംസ് ഓഫ് ഇസ്രയേലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കിഴക്കന്‍ റഫായിലുള്ള കെട്ടിടങ്ങളെല്ലാം ഇസ്രയേല്‍ സൈന്യം തകർക്കുകയാണെന്നാണ് പലസ്തീന്‍ വാർത്ത ഏജന്‍സിയായ വാഫയും അല്‍ജസീറ അറബിക്കും റിപ്പോർട്ട് ചെയ്യുന്നത്. പലസ്തീന്‍ റെഡ് ക്രസന്റിന്റെ ഭാഗമായ രണ്ട് പാരമെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും