ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ ഏറ്റുമുട്ടലിന് താത്കാലിക ആശ്വാസം. ഖാര്‍ത്തൂമില്‍ സൈനിക വിഭാഗവും അര്‍ദ്ധ സൈനിക വിഭാഗവും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. മൂന്ന് മണിക്കൂർ നേരത്തേക്കാണ് താത്കാലിക വെടിനിർത്തൽ. ഐക്യരാഷ്ട്ര സഭയുടെ നിർദേശത്തെ തുടർന്നാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. അടിയന്തര മാനുഷിക ആവശ്യങ്ങൾക്ക് സുരക്ഷിത പാത ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സുഡാൻ സൈന്യം അറിയിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ കൂടിയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.
അതിനിടെ, സുഡാനിൽ നടക്കുന്ന ആഭ്യന്തര സംഘർഷത്തിനിടയിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി സുഡാനിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തി വരികയാണെന്ന് നോർക്ക അധികൃതർ അറിയിച്ചു.
റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് ഈ നടപടിയെ അംഗീകരിച്ചതായി അറിയിച്ച് കൊണ്ട് പ്രസ്താവനയിറക്കി. ഞായറാഴ്ച മുതൽ എല്ലാ ദിവസവും നാല് മുതല്‍ മൂന്ന് മണിക്കൂര്‍ നേരത്തേക്കായിരിക്കും വെടിനിര്‍ത്തല്‍ നടപ്പിലാക്കുക.
സുഡാനിൽ രണ്ട് ദിവസമായി തുടരുന്ന ആഭ്യന്തര കലാപത്തിൽ ഒരു മലയാളി അടക്കം 56 പേർക്കാണ് ജീവൻ നഷ്ടമായത്. 600 ഓളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും സൈന്യവും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സ്ഫോടനങ്ങളിലും വെടിവെപ്പിലും തലസ്ഥാനമായ ഖാർത്തൂമിന്റെ വടക്കൻ, തെക്കൻ പ്രാന്തപ്രദേശങ്ങളിലെ നിരവധി കെട്ടിടങ്ങൾ തകർന്നു. തെരുവുകളിൽ ടാങ്കുകളുടെ മുഴക്കം കേൾക്കാമെന്നും യുദ്ധവിമാനങ്ങൾ തലയ്ക്ക് മുകളിലൂടെ പറക്കുകയാണെന്നും ദൃക്സാക്ഷികൾ പറഞ്ഞു. അതിനിടെ മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടതിനെ തുടർന്ന് വേൾഡ് ഫുഡ് പ്രോഗ്രാം സുഡാനിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
2021 ഒക്ടോബറിലെ സൈനിക അട്ടിമറിക്ക് പിന്നാലെയുണ്ടായ സംഘർഷങ്ങൾ കഴിഞ്ഞ കുറഞ്ഞു മാസങ്ങളായി രാജ്യത്ത് നിലനിൽക്കുന്നുണ്ട്. സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും അര്‍ധ സൈനിക കമാന്‍ഡറായ മുഹമ്മദ് ഹംദാന്‍ ഡാഗ്ലോയും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. വിവിധയിടങ്ങളിൽ കനത്ത വെടിവയ്പുണ്ടായതായി സുഡാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആർഎസ്‌എഫ് താവളങ്ങളിൽ ജെറ്റുകൾ ആക്രമണം നടത്തുന്നതിനാൽ ഇന്നലെ രാത്രി മുഴുവൻ ആളുകളോട് വീടുകളിൽ തുടരാൻ സൈന്യം ആവശ്യപ്പെട്ടിരുന്നു. അർധസൈനിക വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ വ്യോമസേന നിരീക്ഷിക്കുന്നുണ്ടെന്നും അറിയിച്ചിരുന്നു.
സംഘർഷം തുടരുന്നതിനാൽ ഗതാഗതവും ജനജീവിതം സ്തംഭിച്ചിരിക്കുകയാണെന്നും രാജ്യത്തിനകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചിട്ടുള്ള സാഹചര്യത്തിൽ നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു.