WORLD

സുഡാൻ ആഭ്യന്തര സംഘർഷത്തിൽ മരണം 185; യൂറോപ്യൻ യൂണിയൻ അംബാസിഡർക്ക് നേരെയും ആക്രമണം

ആരും വീട് വിട്ട് പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ എംബസി പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വെബ് ഡെസ്ക്

സുഡാനില്‍ അര്‍ധ സൈന്യവും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തി പ്രാപിക്കുന്നു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം185 കടന്നതായി ഐക്യ രാഷ്ട്രസഭ അറിയിച്ചു. സുഡാനിലെ യുറോപ്യൻ യൂണിയൻ അംബാസിഡര്‍ എയോണ്‍ ഒ ഹാരയ്ക്ക് നേരേയും ആക്രമണം ഉണ്ടായി. അദ്ദേഹത്തിന്റെ വസതിയില്‍ വച്ചായിരുന്നു ആക്രമണം നടന്നത്. ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഐക്യരാഷട്രസഭയുടെ ആഹ്വാനം ഇരു വിഭാഗവും ചെവിക്കൊണ്ടിട്ടില്ല

സംഘർഷത്തിനിടെ കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിൻ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച ഫ്ലാറ്റിന്റെ ജനാലയിലൂടെ വെടിയേറ്റ ആൽബർട്ടിന്റെ മൃതദേഹം തിങ്കളാഴ്ച പുലർച്ചെയാണ് ആംബുലൻസ് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. ആരും വീട് വിട്ട് പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ എംബസി പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാല്‍ക്കണി പോലുള്ള തുറസായ സ്ഥലത്ത് നില്‍ക്കരുത്, ആവശ്യത്തിന് വെള്ളവും ഭക്ഷണവും മരുന്നും കരുതിവയ്ക്കുക എന്നിങ്ങനേയും നിര്‍ദേശങ്ങളുണ്ട്. സ്ഥിതിഗതികൾ ഏകദേശം ശാന്തമാകുമ്പോള്‍ തന്നെ സുഡാനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹാരയ്ക്ക് ഗുരുതര പരിക്കുകള്‍ ഇല്ലെന്ന് സുഡാന്‍ വിദേശകാര്യ മന്ത്രി മൈക്കല്‍ മാര്‍ട്ടിന്‍ സ്ഥിരീകരിച്ചു. എന്നാൽ നയതന്ത്രജ്ഞരെ സംരക്ഷിക്കാനുള്ള ചട്ടത്തിന്റെ ലംഘനം എന്നാണ്, ആക്രമണത്തെ മാര്‍ട്ടിന്‍ വിശേഷിപ്പിച്ചത്. സംഘര്‍ഷത്തില്‍ 185 പേര്‍ കൊല്ലപ്പെടുകയും 1,800 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. സുഡാനിലെ ഖാര്‍ത്തൂം പ്രദേശത്തെ കീഴടക്കാനുള്ള മത്സരത്തിലാണ് സൈനിക - അര്‍ധസൈനിക വിഭാഗക്കാര്‍. വ്യോമാക്രമണവും ഷെല്ലാക്രമണവും മറ്റ് ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളും മൂലം ജനജീവതം താറുമാറായിരിക്കുകയാണ്.

നയതന്ത്ര സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ സുഡാന്‍ അധികൃതരുടെ പ്രാഥമിക ഉത്തരവാദിത്വമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി ജോസെഫ് ബോറെല്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളെ ഖാര്‍ത്തൂമില്‍ നിന്ന് ഒഴിപ്പിച്ചിട്ടില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വക്താവ് നബീല മസ്രാലി എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. ജീവനക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും സുരക്ഷാ നടപടികള്‍ വിലയിരുത്തുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'സുഡാനിലെ പ്രതിന്ധി ഏത് രീതിയിലേക്കാണ് പോകുന്നത് എന്നത് നിര്‍വചിക്കാന്‍ സാധിക്കാത്ത് സ്ഥിതിയാണ്. സുഡാനിലെ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി വോള്‍ക്കര്‍ പെര്‍തെസ് പറഞ്ഞു'.

2021 ഒക്ടോബറിലെ സൈനിക അട്ടിമറിക്ക് പിന്നാലെയുണ്ടായ സംഘർഷങ്ങൾ കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യത്ത് നിലനിൽക്കുന്നുണ്ട്. സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും അര്‍ധ സൈനിക കമാന്‍ഡറായ ഉപസൈനികമേധാവി മുഹമ്മദ് ഹംദാന്‍ ഡാഗ്ലോയും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് ഇരു സേനകളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ഇരുവരും ഒരുമിച്ചായിരുന്നു 2021 ൽ സൈനിക അട്ടിമറിക്ക് നേതൃത്വം നൽകിയത്. പതിറ്റാണ്ടുകളുടെ സൈനിക ഭരണത്തിന് ശേഷം ഒരു ജനാധിപത്യ, സിവിലിയന്‍ ഗവണ്‍മെന്റിനായി സുഡാനികള്‍ ശ്രമിക്കുന്നതിനിടെയാണ് സൈനിക കലാപം പൊട്ടിപ്പുറപ്പെട്ടത്.

കഴിഞ്ഞ ദിവസം ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ആന്റോണിയെ ഗുട്ടെറസും വെടി നിര്‍ത്തലിന് ആഹ്വാനം ചെയ്തിരുന്നു. ഉടന്‍ വെടി നിര്‍ത്തലുണ്ടായില്ലെങ്കില്‍ രാജ്യത്തെ പ്രദേശങ്ങളെ വിനാശകരമായി ബാധിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഐക്യ രാഷ്ട്ര സഭയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഖാര്‍ത്തൂമില്‍ സൈനിക വിഭാഗവും അര്‍ധ സൈനിക വിഭാഗവും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. മൂന്ന് മണിക്കൂര്‍ നേരത്തേക്കാണ് താത്കാലിക വെടിനിര്‍ത്തല്‍ നടത്തിയത്. അടിയന്തര മാനുഷിക ആവശ്യങ്ങള്‍ക്ക് സുരക്ഷിത പാത ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സുഡാന്‍ സൈന്യം അറിയിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ കൂടിയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

ഏറ്റുമുട്ടല്‍ ആരംഭിച്ചതുമായി ബന്ധപ്പെട്ട് ഇരുപക്ഷവും പരസ്പരം പഴിചാരുകയാണ് സുഡാനില്‍ വിമാനത്താവളവും പ്രസിഡൻഷ്യൽ കൊട്ടാരവും ഉൾപ്പെടെയുള്ള പ്രധാന മേഖലകളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് ഇരുപക്ഷവും. സംഘർഷം രൂക്ഷമാതോടെ സിവിലിയൻ പലായന സാധ്യത മുന്നിൽകണ്ട് അയൽ രാജ്യങ്ങൾ അതിർത്തി അടക്കുമോ എന്ന് ആശങ്കയും നിലനിൽക്കുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ