സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും (ആര്‍ എസ് എഫ്) തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷം. തലസ്ഥാനമായ ഖാര്‍ത്തുമിന്റെ വടക്ക് സ്ഥിതിചെയ്യുന്ന പ്രസിഡന്‍ഷ്യല്‍ കൊട്ടാരം അര്‍ധസൈനിക വിഭാഗം പിടിച്ചെടുത്തതായാണ് സുഡാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഥിതി ആശങ്കാജനകമായ സാഹചര്യത്തിൽ ഇന്ത്യക്കാരോട് വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് സുഡാനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു
നിലവിലെ സ്ഥിതി കണക്കിലെടുത്ത് ഇന്ത്യക്കാര്‍ വീടുകളില്‍ തന്നെ തുടരണമെന്നും പരമാവധി മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നുമാണ് ഖാര്‍ത്തുമിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തിരിക്കുന്നത്.
സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും അര്‍ധ സൈനിക കമാന്‍ഡറായ മുഹമ്മദ് ഹംദാന്‍ ഡാഗ്ലോയും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. അര്‍ധസൈനിക വിഭാഗം സുഡാനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലേയ്ക്കും ആക്രമണം അഴിച്ചുവിടുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊട്ടാരത്തിന്റെ പ്രവേശനകവാടം സൈനികര്‍ ഉപരോധിച്ചിരിക്കുകയാണെന്നും കെട്ടിടത്തിനു ചുറ്റം ആയുധധാരികള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആക്രമണങ്ങള്‍ തുടരുന്നതിനിടെ ഖാര്‍ത്തും, മെറോവ് വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തതായി ആര്‍എസ്എഫ് പ്രസ്താവനയിൽ അവകാശപ്പെട്ടു.
ആക്രമണം അഴിച്ചുവിടുന്നത് സംബന്ധിച്ച് ഇരുപക്ഷവും പരസ്പരം പഴിചാരുകയാണ്. ഏറ്റുമുട്ടലുകള്‍ക്ക് കാരണം സൈന്യമാണെന്നാണ് ആര്‍എസ്എഫിന്റെ ആരോപണം. അതേസമയം ഏറ്റുമുട്ടൽ തുടരുകയാണെന്നും രാജ്യത്തെ സംരക്ഷിക്കാനുള്ള കടമ സൈന്യം നിര്‍വഹിക്കുകയാണെന്നും സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ നബീല്‍ അബ്ദുല്ല വാർത്താ ഏജൻസിയായ എ എഫ് പിയോട് പറഞ്ഞു.
സൈന്യം തങ്ങള്‍ക്കെതിരെ വ്യാപക അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്നാണ് ആര്‍എസ്എഫ് ആരോപിച്ചു. ഖാര്‍ത്തുമിലെ സോബ ക്യാമ്പിലേയ്ക്ക് വലിയ വ്യൂഹത്തെയാണ് സൈന്യം വിന്യസിച്ചിരിക്കുന്നതെന്ന് ആര്‍ എസ് എഫ് ആരോപിച്ചു. ആര്‍എസ്എഫ് രാജ്യത്തുടനീളം സൈന്യത്തെ വിന്യസിക്കുന്നതിനെതിരെ സൈനിക വിഭാഗവും രംഗത്തെത്തിയിരുന്നു. തങ്ങളുടെ അനുമതിയില്ലാതെയാണിതെന്നാണ് സൈന്യം പറയുന്നത്.
2021ല്‍ സൈനിക അട്ടിമറിക്ക് നേതൃത്വം നല്‍കിയ ബുര്‍ഹാനും സുഡാനിലെ ശക്തനായ ആര്‍എസ്എഫ് നേതാവ് മുഹമ്മദ് ഹംദാന്‍ ദാഗ്ലോയും തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. സൈന്യത്തെ പുനഃസംഘടിപ്പിക്കുന്നതില്‍ കരാറിലെത്തിച്ചേരാന്‍ ഇരു വിഭാഗവും പരാജയപ്പെട്ടതോടെയാണ് സുഡാനില്‍ അര്‍ധ സൈനിക വിഭാഗവും സൈനിക വിഭാഗവും തമ്മില്‍ സംഘര്‍ഷം രൂക്ഷമായത്. ആര്‍എസ്എഫിനെ സൈന്യത്തില്‍ എങ്ങനെ സംയോജിപ്പിക്കണം എന്നതിനെച്ചൊല്ലി ബുര്‍ഹാനും ഡാഗ്ലോയും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
2000-ത്തിന്‍റെ തുടക്കത്തില്‍ പടിഞ്ഞാറന്‍ ഡാര്‍ഫൂര്‍ മേഖലയെ അടിച്ചമര്‍ത്തിയ സുഡാനിന്റെ അന്നത്തെ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിന്റെ ജന്‍ജാവീദ് സൈനിക സംഘത്തില്‍ നിന്നാണ് ആര്‍എസ്എഫ് ഉടലെടുത്തത്. എങ്കിലും 2019 ലെ ബഷീറിന്റെ പുറത്താക്കല്‍ ആര്‍എസ്എഫിനെ ഇല്ലാതാക്കിയില്ല. ബഷീറിനു ശേഷമുള്ള സുഡാനിലെ ഏറ്റവും ശക്തനായ നേതാക്കളിലൊരാളായി മാറിയിരിക്കുകയാണ് ആര്‍എസ്എഫിന്റെ ഇപ്പോഴത്തെ തലവൻ ഡാഗ്ലോ മാറി.