ലിസ് ട്രസ് മന്ത്രിസഭയില്‍ ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെച്ച ഇന്ത്യന്‍ വംശജ സുവെല്ല ബ്രെവർമാൻ ഋഷി സുനക് ക്യാബിനറ്റില്‍ ഇടംപിടിച്ചു. ആഭ്യന്തര സെക്രട്ടറിയായി തന്നെയാണ് സുവെല്ലയുടെ നിയമനം. രണ്ട് നിര്‍ണായക സ്ഥാനങ്ങളിലേക്കുള്ള പ്രഖ്യാപനം കൂടി പ്രധാനമന്ത്രിയായി ചുമതലയേറ്റ ഋഷി സുനക് നടത്തി. ഉപപ്രധാനമന്ത്രിയായി ഡൊമിനിക് റാബിനെ നിയമിച്ചു. ക്വാസി കാര്‍ട്ടെങ്ങിന് പകരമെത്തിയ ജെറേമി ഹണ്ട് തന്നെ ധനകാര്യ സെക്രട്ടറി സ്ഥാനത്ത് തുടരുമെന്നും പ്രഖ്യാപിച്ചു. നീതിന്യായ വകുപ്പിന്‌റെ ചുമതല കൂടി ഉപപ്രധാനമന്ത്രിക്കായിരിക്കും.
ലിസ് ട്രസ് മന്ത്രിസഭയിലുണ്ടായിരുന്ന നാലുപേരോട് സ്ഥാനമൊഴിയാന്‍ പുതിയ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബിസിനസ് സെക്രട്ടറി ജേക്കബ് റീസ് മോഗ്, ജസ്റ്റിസ് സെക്രട്ടറി ബ്രാന്‍ഡന്‍ ലൂയിസ് , തൊഴില്‍ പെന്‍ഷന്‍ സെക്രട്ടറി ക്ലോ സ്മിത്ത്, വികസന സെക്രട്ടറി വിക്കി ഫോര്‍ഡ് എന്നിവരോടാണ് സ്ഥാനമൊഴിയാന്‍ നിര്‍ദേശിച്ചത്. ഇവര്‍ രാജിവെച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
സ്വകാര്യ മെയിലില്‍ നിന്ന് പാര്‍ലമെന്ററി സഹപ്രവര്‍ത്തകന് ഔദ്യോഗിക രേഖ അയച്ച് നിയമലംഘനം നടത്തിയതിനെ തുടര്‍ന്നാണ് ലിസ് ട്രസ് കാബിനറ്റില്‍ നിന്ന് സുവെല്ല ബ്രെവർമാന് രാജിവെയ്ക്കേണ്ടി വന്നത്. ആറ് ദിവസത്തിന് ശേഷം അതേ പദവയിലേക്ക് അവരെ തിരിച്ചുകൊണ്ടുവന്ന ഋഷി സുനകിന്റെ നടപടിക്ക് എതിരെ വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞു. ലിസ് ട്രസിന്റെ സാമ്പത്തിക നയത്തിന്റെ കടുത്ത വിമര്‍ശകയായിരുന്ന സുവെല്ല, രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സുനകിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
സുരക്ഷാ വീഴ്ചയുടെ പേരില്‍ പിരിച്ചുവിട്ടയാളെ ഹോം സെക്രട്ടറിയായി തിരിച്ചുകൊണ്ടുവന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി ലേബര്‍ പാര്‍ട്ടി അംഗങ്ങളും രംഗത്തെത്തി. ''പുതിയ പ്രധാനമന്ത്രി, സ്ഥാനമൊഴിയേണ്ടി വന്ന മറ്റ് രണ്ടുപേരെക്കാളും ഒട്ടും മികച്ചതല്ലെന്ന്'' ലേബര്‍ പാര്‍ട്ടി എംപി ക്രിസ് ബ്രയാന്റ് ട്വീറ്റ് ചെയ്തു.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഋഷി സുനക് വ്യക്തമാക്കിയിരുന്നു. ലിസ് ട്രസ് സര്‍ക്കാരിന്‌റെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകള്‍ തിരുത്താനാണ് താന്‍ പ്രധാനമന്ത്രിയായതെന്നും സുനക് പറഞ്ഞു.''സാമ്പത്തിക സ്ഥിരതയും ആത്മവിശ്വാസവുമാണ് സര്‍ക്കാരിന്‌റെ മുഖ്യ അജണ്ട. അതിനര്‍ഥം കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകും'' എന്നാണെന്നും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.