ഹെൻഗാമെ ഗാസിയാനി 
WORLD

ഇറാനിൽ അടിച്ചമർത്തൽ ശക്തം; ഹിജാബ് നീക്കിയ സിനിമാ താരങ്ങള്‍ ഉൾപ്പെടെ അറസ്റ്റിൽ

പ്രതിഷേധത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന് കായികതാരങ്ങളെയും മാധ്യമപ്രവർത്തകരെയും ഉള്‍പ്പെടെ ചോദ്യം ചെയ്തു

വെബ് ഡെസ്ക്

ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ അടിച്ചമർത്തൽ ശക്തം. മഹ്സ അമിനി കൊല്ലപ്പെട്ടതിന് പിന്നാലെ മാസങ്ങളായി തുടരുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ച രണ്ട് പ്രമുഖ താരങ്ങളെ ഇറാൻ ഭരണകൂടം അറസ്റ്റ് ചെയ്തു. പരസ്യമായി ശിരോവസ്ത്രം അഴിച്ചതിനാണ് നടിമാരായ ഹെൻഗാമെ ഗാസിയാനിയെയും കതയൗൻ റിയാഹിയെയും അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിലെ പ്രകോപനപരമായ പോസ്റ്റുകൾ പരിശോധിച്ച് സമൻസ് അയച്ചതിന് ശേഷമാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് ഇറാൻ സർക്കാരിന്റെ വാര്‍ത്താ ഏജന്‍സിയായ ഐആർഎൻഎ റിപ്പോര്‍ട്ട് ചെയ്തു.

കലാപം പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തതിനും സര്‍ക്കാര്‍ വിരുദ്ധ മാധ്യമങ്ങളുമായി ആശയവിനിമയം നടത്തിയതിനുമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഇറാന്‍ സര്‍ക്കാര്‍

ഹിജാബ് നീക്കം ചെയ്യുന്ന ഒരു വീഡിയോ ഗാസിയാനി നവംബര്‍ 19ന് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഒരുപക്ഷേ, ഇത് എന്റെ അവസാനത്തെ പോസ്റ്റായിരിക്കാം എന്ന് പറഞ്ഞായിരുന്നു ചിത്രം പങ്കുവെച്ചത്. ഇറാൻ സർക്കാർ അൻപതിലധികം കുട്ടികളെ കൊല ചെയ്തതായും കഴിഞ്ഞയാഴ്ച മറ്റൊരു പോസ്റ്റില്‍ അവര്‍ ആരോപിച്ചിരുന്നു. കലാപം പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തതിനും സര്‍ക്കാര്‍ വിരുദ്ധ മാധ്യമങ്ങളുമായി ആശയവിനിമയം നടത്തിയതിനുമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് ഇറാന്‍ സര്‍ക്കാരിന്റെ വിശദീകരണം.

സമാനമായ സംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ഒടുവിലാണ് റിയാഹിയെയും അറസ്റ്റ് ചെയ്തത്. സെപ്റ്റംബറിൽ റിയാഹി, ഹിജാബ് ധരിക്കാതെ ലണ്ടൻ ആസ്ഥാനമായുള്ള ഇറാൻ ഇന്റർനാഷണൽ ടിവിക്ക് അഭിമുഖം നൽകിയിരുന്നെന്നും അറസ്റ്റ് സംബന്ധിച്ച് ഇറാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഭിനയത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കും നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയയാളാണ് റിയാഹി.

കതയൗൻ റിയാഹി

രണ്ട് മാസത്തിലേറെയായി നടക്കുന്ന പ്രക്ഷോഭങ്ങൾ രാജ്യത്ത് കലാപം സൃഷ്ടിക്കാന്‍ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ശത്രുക്കളാണ് പ്രക്ഷോഭകാരികളെ പ്രോത്സാഹിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് ഇതുവരെ ആറ് പേരെയാണ് ഇറാന്‍ ഭരണകൂടം വധശിക്ഷക്ക് വിധിച്ചത്. കുറഞ്ഞത് 21 പേർക്കെതിരെ വധശിക്ഷയ്ക്ക് കാരണമായേക്കാവുന്ന കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ടിട്ടുണ്ടെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നു. ഭരണകൂട അടിച്ചമർത്തലിൽ 378 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുള്ളതായും അവരിൽ 47 പേരും കുട്ടികളാണെന്നും ഇറാൻ മനുഷ്യാവകാശ സംഘടനകളും കണക്കുകള്‍ പുറത്തുവിടുന്നു.

ഇറാനില്‍ ഭരണകൂട അടിച്ചമർത്തലിൽ കൊല്ലപ്പെട്ട 378 പേരില്‍ 47 പേരും കുട്ടികളാണെന്ന് മനുഷ്യാവകാശ സംഘടന

കൂട്ട അറസ്റ്റുകളിലും അടിച്ചമർത്തലുകളിലും കായികതാരങ്ങളും ചലച്ചിത്ര താരങ്ങളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ ഇരകളായിട്ടുണ്ട്. പ്രക്ഷോഭത്തെ കുറിച്ചുള്ള ചോദ്യം ചെയ്യലിൽ, ഇറാനിലെ അറിയപ്പെടുന്ന ഫുട്ബോൾ ടീമുകളിലൊന്നായ പെർസെപോളിസ് എഫ്‌സിയിൽ നിന്നുള്ള യഹ്‌യ ഗോൾമോഹമ്മദിയുടെ പരിശീലകനും ഉൾപ്പെട്ടിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

സ്പെയിനിലെ ഒരു ടൂർണമെന്റിൽ പങ്കെടുക്കാൻ പോയതിന് ശേഷം ഇറാനിലേക്ക് മടങ്ങില്ലെന്ന് ഇറാൻ ബോക്സിംഗ് ഫെഡറേഷൻ തലവൻ ഹുസൈൻ സൂരി പറഞ്ഞു. മനുഷ്യരെ കൊന്നൊടുക്കുന്ന രാജ്യത്തെ സേവിക്കാൻ തനിക്ക് താല്‍പ്പര്യമില്ലെന്ന് അദ്ദേഹം പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ വിശദീകരിക്കുന്നു. ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ, ഇറാന്ഒ ടീം അംഗങ്ങൾ രാജ്യത്തെ ജനങ്ങളുടെ ശബ്ദമാകാൻ ആഗ്രഹിക്കുന്നുവെന്ന് ദേശീയ ടീം ക്യാപ്റ്റൻ എഹ്‌സാൻ ഹജ്‌സഫിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ