അമേരിക്കയുടെ ആകാശത്തെത്തിയ ചൈനീസ് ചാര ബലൂണിനെ അമേരിക്കന്‍ സൈന്യം വെടിവച്ച് വീഴ്ത്തിയത് ചൈന - അമേരിക്ക ബന്ധത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. പോര്‍ വിമാനങ്ങളെ ഉപയോഗിച്ചാണ് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളില്‍ കരോലിന തീരത്ത് വച്ച് ബലൂണ്‍ തകര്‍ത്തത്. കഴിഞ്ഞയാഴ്ചയായിരുന്നു സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു ബലൂണ്‍ യുഎസ് ആകാശത്ത് പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ ചൈനയുടെ ചാര ബലൂണാണിതെന്ന് അമേരിക്ക വ്യക്തമാക്കി. പോര്‍ വിമാനങ്ങളെ ഉപയോഗിച്ച് തകര്‍ത്ത ബലൂണിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് യുഎസ് സൈന്യം. ബലൂണിന്റെ ആഗമന ഉദ്ദേശ്യം മനസിലാക്കുന്നതിന് അവശിഷ്ടങ്ങളുടെ കണ്ടെത്തല്‍ നിര്‍ണായകമാണ്.
അമേരിക്കൻ ആകാശത്ത് പ്രത്യക്ഷപ്പെട്ടതു മുതല്‍ ലോക ശ്രദ്ധയാര്‍ജിച്ച ചാരബലൂണ്‍ യഥാര്‍ഥത്തില്‍ എന്താണ്? ഈ സാറ്റലൈറ്റ് യുഗത്തില്‍ ഇത്തരത്തിലൊരു നിരീക്ഷണ ബലൂണിന്റെ ആവശ്യകതയെന്താണ് ?
സാറ്റലൈറ്റുകളെ പരമാവധി ഉപയോഗപ്പെടുത്തുന്ന ഈ കാലത്തും നിരീക്ഷണ വസ്തുവിന്റെ ഏറ്റവും അടുത്തുനിന്നുള്ള ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങളും സിഗ്നലുകളും ലഭിക്കുന്നുവെന്നതാണ് ബലൂണുകളെ ശ്രദ്ധേയമാക്കുന്നത്. കാറ്റിന്റെ ദിശയ്ക്കനുസരിച്ച് ബലൂണിന്റെ സഞ്ചാരപഥത്തില്‍ വ്യതിയാനം സംഭവിക്കുമെങ്കിലും ഗൈഡിങ് ഉപകരണം വഴി ബലൂണിനെ നിയന്ത്രിക്കാനാവും. സാറ്റലൈറ്റുകള്‍ ഏറ്റവും ഉയരത്തിലുള്ള ചാരപ്രവൃത്തികൾ ചെയ്യുമ്പോള്‍, വിമാനങ്ങള്‍ സഞ്ചരിക്കുന്ന ദൂരപരിധിയില്‍ നിന്നുകൊണ്ടാണ് ചാര ബലൂണുകള്‍ വിവരങ്ങള്‍ ചോര്‍ത്തുക. ബലൂണുകള്‍ക്ക് ഓര്‍ബിറ്റിങ് സാറ്റലൈറ്റുകളേക്കാള്‍ വ്യക്തമായ ചിത്രങ്ങളും നല്‍കാന്‍ സാധിക്കുന്നവെന്നും വാന നിരീക്ഷകര്‍ വ്യക്തമാക്കുന്നു.
ബലൂണുകള്‍ക്ക് ഓര്‍ബിറ്റിങ് സാറ്റലൈറ്റുകളേക്കാള്‍ വ്യക്തമായ ചിത്രങ്ങളും നല്‍കാന്‍ സാധിക്കുന്നവെന്നും വാന നിരീക്ഷകര്‍ വ്യക്തമാക്കുന്നു.
ബലൂണുകളിൽ നിന്ന് പുറപ്പെടുവിക്കുന്ന സിഗ്നലുകൾ ഉപയോഗിച്ച് ആശയ വിനിമയ സംവിധാനം തന്നെ തടസപ്പെടുത്താനാകാം ചാര ബലൂണുകള്‍ അയച്ചതെന്നാണ് പ്രധാന നിഗമനം. വാഷിങ്ടണ്‍ ഡിസിയിലെ നാഷണല്‍ ഡിഫന്‍സ് സർവകലാശാലാ നിയര്‍ ഈസ്റ്റ് സൗത്ത് ഏഷ്യ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിലെ പ്രൊഫസര്‍ ഡേവിഡ് ഡിറോച്ചസ് ഇക്കാര്യം അഭിപ്രായപ്പെടുന്നു. ബലൂണ്‍ അമേരിക്ക ട്രാക്ക് ചെയ്യുന്നതിന് ഏത് തരത്തിലുള്ള സിഗ്നലുകളാണ് ഉപയോഗിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് രാജ്യത്തിന്റെ റഡാര്‍ സംവിധാനത്തെ തകര്‍ക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനാകാം ചൈന ഇത്തരത്തിലൊരു ബലൂണിനെ അയച്ചതെന്നാണ് മറ്റൊരു വിലയിരുത്തൽ.
നിരീക്ഷണ ബലൂണുകളുടെ ചരിത്രം
1800 കാലഘട്ടം മുതലാണ് നിരീക്ഷണ ബലൂണകള്‍ ഉപയോഗിച്ച് തുടങ്ങിയത്. 1859ലെ ഫ്രാൻസ്-ഓസ്ട്രിയന്‍ യുദ്ധത്തില്‍ നിരീക്ഷണത്തിനായി ഫ്രാന്‍സ് മനുഷ്യനെ വഹിച്ചുള്ള ബലൂണുകള്‍ ഉപയോഗിച്ചിരുന്നതായി ചരിത്രം പറയുന്നു. 1861 മുതല്‍ 1865 വരെ നീണ്ടുനിന്ന അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന് തൊട്ടുപിന്നാലെ ആളുകളുള്ള ബലൂണുകള്‍ വീണ്ടും ഉപയോഗത്തില്‍ വന്നു. ഒന്നും രണ്ടും ലോകമഹായുദ്ധ മായപ്പോഴേക്ക് നിരീക്ഷണ ബലൂണുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ സാധാരണമായി. ജാപ്പനീസ് സൈന്യം ബലൂണുകള്‍ ഉപയോഗിച്ച് അമേരിക്കൻ അധീനതയിലുള്ള പ്രദേശങ്ങളിൽ ബോംബുകള്‍ അയച്ചു. ഒറിഗോണ്‍ വനത്തില്‍ ബലൂണുകളില്‍ ഒന്ന് തകര്‍ന്ന് നിരവധി പേർ കൊല്ലപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുപിന്നാലെ, അമേരിക്കൻ സൈന്യം ചാര ബലൂണുകള്‍ കൂടുതല്‍ ഉപയോഗിച്ചു തുടങ്ങി, പ്രോജക്ട് ജെനെട്രിക്‌സ് എന്ന വലിയ സൈനീക ദൗത്യം തന്നെയുണ്ടായി. 1950-കളില്‍ ഫോട്ടോഗ്രാഫിക് ബലൂണുകള്‍ സോവിയറ്റ് യൂണിയന് മുകളിൽ അമേരിക്ക പറത്തിയിരുന്നുവെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.
അമേരിക്കന്‍ വ്യോമാതിര്‍ത്തിയിലേക്ക് വിദേശ ബലൂണുകള്‍ പ്രവേശിക്കുന്നത് സമീപ വര്‍ഷങ്ങളില്‍ താരതമ്യേന സാധാരണമാണെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. ട്രംപ് ഭരണകാലത്ത് ചൈനീസ് സര്‍ക്കാര്‍ തന്നെ ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും നിരീക്ഷണ ബലൂണുകള്‍ അമേരിക്കയിലേയ്ക്ക് കടത്തിവിട്ടിരുന്നു എന്നാണ് കണക്ക്. അമേരിക്കൻ നടപടിക്കെതിരെ ചൈന ശക്തമായി രംഗത്തെത്തിയതോടെ ഇടവേളയ്ക്ക് ശേഷം അമേരിക്ക- ചൈന ബന്ധം വഷളാവുകയാണ്.