പാകിസ്ഥാനില്‍ നബിദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിക്കിടെ വൻ സ്‌ഫോടനം. ബലൂചിസ്ഥാനിലെ മസ്‌തുങ് ജില്ലയിലാണ് സ്ഫോടനമുണ്ടായത്. സ്ഥോടനത്തില്‍ 52 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറ്റമ്പതോളം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
നബിദിനാഘോഷം നടന്ന പള്ളിക്കടുത്താണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ട്. സംഭവം ചാവേര്‍ ആക്രമണമാണെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് നവാസ് ഗിഷ്‌കോരിയുടെ വാഹനത്തിന് സമീപമാണ് സ്പോടനമുണ്ടായതെന്ന് ജാവേദ് ലഹ്‌രി എന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഫോടനത്തില്‍ പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചുണ്ടെന്നും, അതിൽ ചിലരുടെ നില ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
'ഭീകര സംഘടനകൾ' നടത്തിയ സ്ഫോടനമാണിതെന്ന് പാകിസ്താന്റെ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചുണ്ട്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ബലൂചിസ്ഥാനില്‍ ഈ മാസം ആദ്യം ഉണ്ടായ സ്‌ഫോടനത്തിൽ ഒരു പ്രമുഖ നേതാവുൾപ്പടെ 11 പേർക്ക് പരിക്കേറ്റിരുന്നു.