ചൈനീസ് യുദ്ധവിമാനങ്ങൾ വ്യോമ പ്രതിരോധ മേഖലയിലേക്ക് കടന്നുകയറിയതിനെ തുടർന്ന് പ്രതിരോധ സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കി തായ്‌വാന്‍. ചൈനയുടെ 37 സൈനിക വിമാനങ്ങളെ തായ്‌വാന്റെ വ്യോമ മേഖലയിൽ കണ്ടതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് തായ്‌വാന്റെ നടപടി.
മൂന്ന് വർഷത്തിനിടെ ആദ്യമായാണ് ചൈന, തായ്‌വാന്റെ വ്യോമമേഖലയിൽ കടന്നുകയറുന്നത്. പലപ്പോഴായി വ്യോമാതിർത്തിക്ക് സമീപം ചൈനീസ് യുദ്ധവിമാനങ്ങൾ അഭ്യാസപ്രകടനങ്ങൾ നടത്താറുണ്ടെങ്കിലും മേഖലയിലേക്ക് കടക്കാൻ തയാറായിരുന്നില്ല. ജെ-11, ജെ-16 യുദ്ധവിമാനങ്ങളും ആണവശേഷിയുള്ള എച്ച്-6 ബോംബറുകളും ഉൾപ്പെടെ 37 ചൈനീസ് വ്യോമസേനാ വിമാനങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധ ഐഡന്റിഫിക്കേഷൻ സോണിന്റെ (എഡിഐഇസഡ്) തെക്കുപടിഞ്ഞാറൻ മേഖലയിൽ ബുധനാഴ്ച കണ്ടതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വ്യോമനിരീക്ഷണവും ദീർഘദൂര നാവിഗേഷൻ പരിശീലനവും നടത്താൻ തായ്‌വാനിന്റെ തെക്കുകിഴക്ക് മേഖലയിലൂടെ പറന്നാണ് ചൈനീസ് വിമാനങ്ങൾ പടിഞ്ഞാറൻ പസഫിക്കിലേക്ക് കടന്നതെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു. എഡിഐഇസഡ് എന്നത് തായ്‌വാൻ അവരുടെ ബഫർ സോണായാണ് കണക്കാക്കുന്നത്. ഈ മേഖലയിൽ മറ്റ് രാജ്യങ്ങളിലെ വിമാനങ്ങൾ പ്രവേശിക്കുന്നത് പ്രകോപനമായാണ് തായ്‌വാൻ കണക്കാക്കുന്നത്.
ഇതേ തുടർന്ന് തായ്‌വാൻ സൈനിക വിമാനങ്ങളും കപ്പലുകളും നിരീക്ഷണത്തിനായി അയയ്ക്കുകയും കര അധിഷ്‌ഠിത മിസൈൽ സംവിധാനങ്ങൾ സജീവമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ചൈന ഇതുവരെയും തായ്‌വാന്റെ നടപടിയോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് വർഷമായി തായ്‌വാനെതിരെ ചൈന സൈനിക നീക്കങ്ങൾ തുടരുകയാണ്. രാജ്യത്തിന് ചുറ്റും സൈനിക അഭ്യാസങ്ങൾ നടത്തിയായിരുന്നു ചൈന തായ്‌വാനെതിരെ സമർദം ചെലുത്തിയിരുന്നത്. എന്നാൽ ചൈനയെ ധിക്കരിച്ച് തായ്‌വാൻ പ്രസിഡന്റ്, അമേരിക്കൻ ജനപ്രതിനിധി സഭാ സ്‌പീക്കർ കെവിൻ മക്കാർത്തിയുമായി ചർച്ച നടത്തിയത് അടുത്തിടെ പ്രകോപനങ്ങൾക്ക് കാരണമായിരുന്നു.
മേഖലയിലെ സാഹചര്യങ്ങൾ രൂക്ഷമാക്കി 42 യുദ്ധവിമാനങ്ങളാണ് അന്ന് തായ്‌വാൻ കടലിടുക്കിലെ സെൻസിറ്റിവ് രേഖ മറികടന്നത്. അമേരിക്കൻ സന്ദർശനത്തിന് ശേഷം സായ് ഇങ്-വെൻ മടങ്ങിയെത്തി ഒരു ദിവസം മാത്രം പിന്നിടവെയായിരുന്നു മൂന്ന് ദിവസം നീണ്ട അഭ്യാസപ്രകടനങ്ങൾക്ക് ചൈന തുടക്കം കുറിച്ചത്. നേരത്തെ ചൈന നടത്തിയ അത്ര തീവ്രമായിരുന്നില്ല ഇപ്പോൾ നടന്ന അഭ്യാസപ്രകടനങ്ങൾ എങ്കിലും തായ്‌വാനുള്ള കർശന മുന്നറിയിപ്പുകളായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. തായ്‌വാന്റെ പരമാധികാരം അവകാശപ്പെടുന്ന ചൈനയ്ക്ക്, തങ്ങളുടെ എതിർപ്പ് മറികടന്ന് നടത്തിയ കൂടിക്കാഴ്ച വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.