അമേരിക്കൻ ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിന് പിന്നാലെ തായ്‌വാൻ- ചൈന ബന്ധം കൂടുതൽ വഷളാകുന്നു. സന്ദർശനത്തിൽ ചൈനയുടെ കടുത്ത പ്രതിഷേധം തുടരുന്നതിനിടെ തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ വികസന വിഭാഗം ഉപമേധാവിയെ മരിച്ച നിലയിൽ കണ്ടെത്തി. അതേസമയം ദ്വീപിലേക്ക് അധിനിവേശം ലക്ഷ്യമിട്ടുള്ള അഭ്യാസങ്ങളാണ് ചൈന നടത്തുന്നതെന്ന ആരോപണവുമായി തായ്‌വാൻ രംഗത്തെത്തി.
സൈനിക ഉടമസ്ഥതയിലുള്ള നാഷണൽ ചുങ്-ഷാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഡെപ്യൂട്ടി തലവനായ ഔ യാങ് ലി-ഹ്‌സിംഗ് തെക്കൻ തായ്‌വാനിലെ ഇന്ന് രാവിലെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 57 കാരനായ ഔ യാങ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്നും അദ്ദേഹത്തിന് നേരത്തെ ഹൃദ്രോഗം ഉണ്ടായിരുന്നതായുമാണ് കുടുംബം പറയുന്നത്. വിവിധ മിസൈൽ നിർമ്മാണ പദ്ധതികൾക്ക് മേൽനോട്ടം വഹിക്കാൻ ഈ വർഷം ആദ്യം ആണ് അദ്ദേഹം ചുമതലയേറ്റത്. തായ്‌വാനെ ലക്ഷ്യമിട്ട് ചൈന നീക്കങ്ങൾ നടത്തുന്നതിന് ഇടയിലാണ് ഔ യാങിന്റെ വിയോഗം.
തായ്‌വാന് ചുറ്റും ചൈന നടത്തുന്ന സൈനിക പ്രകടനം തുടരുകയാണ്. വ്യാഴാഴ്ച മുതൽ ആരംഭിച്ച സൈനിക പ്രകടനത്തിനിടെ ചൈനീസ് വിമാനങ്ങളും കപ്പലുകളും കടലിടുക്കിലെ സെൻസിറ്റീവ് മീഡിയൻ ലൈൻ കടന്നതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാൻ പ്രതിരോധ മന്ത്രാലയം സൈന്യത്തിന് മുന്നറിയിപ്പു നൽകി. യുദ്ധ എയർ പട്രോളിംഗും, നാവിക കപ്പലുകൾ വിന്യസിപ്പിക്കുകയും, കരയിൽ നിന്നുമുള്ള മിസൈൽ സംവിധാനങ്ങൾ സജീവമാക്കിയതായും മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ 30 വർഷത്തിനിടെ ഏറ്റവും മോശമായ സ്ഥിതിയിലാണ് ചൈന-തായ്‌വാൻ ബന്ധം.
1949-ൽ ചൈനീസ് ആഭ്യന്തരയുദ്ധത്തിനൊടുവിൽ മാവോ സേതുങ്ങിന്റെ നേതൃത്വത്തിൽ ബീജിംഗിൽ അധികാരം പിടിച്ചപ്പോൾ മുതൽ പരാജയപ്പെട്ട ദേശീയവാദികൾ ചിയാങ് കൈ-ഷെക്കിന്റെ നേതൃത്വത്തിൽ തായ്‌പേയിൽ സർക്കാർ സ്ഥാപിക്കുകയായിരുന്നു. 1996 -ൽ ദ്വീപ് അതിന്റെ ആദ്യത്തെ ജനാധിപത്യ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചൈന -തായ്‌വാൻ തർക്കം രൂക്ഷമായിരുന്നു. അതിന് ശേഷമുളള ഏറ്റവും വലിയ പ്രതിസന്ധിക്കാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്.
നാൻസി പെലോസിയുടെ സന്ദർശനത്തോടെ അമേരിക്കയുമായുള്ള സഹകരണങ്ങളിൽ നിന്ന് ചൈന പിൻമാറിയിരുന്നു. കാലാവസ്ഥാ വ്യതിയാനം, പ്രതിരോധ സഹകരണം എന്നീ വിഷയങ്ങളിലാണ് പിൻമാറ്റം. നേരത്തെ കാലാവസ്ഥാ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനും പ്രതിസന്ധികളെ നേരിടുന്നതിനുമായി പതിവായി കൂടിക്കാഴ്ച നടത്തുമെന്നും ഒരുമിച്ച് പ്രവർത്തിക്കുമെന്നും ചൈനയും യുഎസും തീരുമാനിച്ചിരുന്നു. എന്നാൽ ഈ കരാർ ഇപ്പോൾ അനിശ്ചിതത്തിലായിരിക്കുകയാണ്.
ചൈനയുടെ തീരുമാനത്തിനെതിരെ അമേരിക്ക രംഗത്തെത്തി. അടിസ്ഥാനപരമായി നിരുത്തരവാദപരമായ തീരുമാനമാണിതെന്ന ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാൻ ആവശ്യമായ നിർണായക നടപടികളിൽ നിന്ന് ചൈന ഇപ്പോൾ വിട്ടുനിൽക്കുന്നത് ഏറെ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും അതിനാൽ സഹകരണം തുടരണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു.