തായ്‌വാൻ കടലിടുക്കിൽ ചൈന നടത്തിയ സൈനിക അഭ്യാസങ്ങളെ വിമർശിച്ച് തായ്‌വാൻ പ്രസിഡന്റ് സായ് ഇങ്-വെൻ. ദ്വീപിന് ചുറ്റും മൂന്നു ദിവസമായി നടത്തിയ സൈനികാഭ്യാസത്തെ അപലപിച്ച സായ്, ചൈനയുടെ പ്രവൃത്തി നിരുത്തരവാദപരവും പ്രാദേശിക സ്ഥിരതയ്ക്ക് ഭീഷണിയുമാണെന്നും പറഞ്ഞു.
ചൈനയെ ധിക്കരിച്ച് തായ്‌വാൻ പ്രസിഡന്റ് അമേരിക്കയിലെ ജനപ്രതിനിധി സഭാ സ്‌പീക്കർ കെവിൻ മക്കാർത്തിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയായിരുന്നു ചൈനയുടെ നടപടി.
ദ്വീപിന് ചുറ്റുമുള്ള വ്യോമ-നാവിക മേഖലയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള പരിശീലനം ഭീഷണി സൃഷ്ടിക്കുന്നതാണെന്ന് ജാപ്പനീസ് പ്രതിരോധ മന്ത്രാലയം പറഞ്ഞു
സൈനികാഭ്യാസം കഴിഞ്ഞ ദിവസം രാത്രിയോടെ അവസാനിപ്പിച്ചെങ്കിലും എട്ടോളം ചൈനീസ് കപ്പലുകളെ ദ്വീപിന് ചുറ്റുമുള്ള ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെയും കാണപ്പെട്ടതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൗഹൃദ രാജ്യങ്ങൾ സന്ദർശിക്കുകയെന്നത് വർഷങ്ങളായി നടക്കുന്ന കാര്യമാണെന്നും തായ്‌വാനിലെ ജനങ്ങൾ അത് പ്രതീക്ഷിക്കുണ്ടെന്നും സായ് പറഞ്ഞു.
"തായ്‌വാനിലും സമീപ മേഖലയിലും അസ്ഥിരതയുണ്ടാക്കുന്നതിനായാണ് ചൈന സൈനികാഭ്യാസം നടത്തുന്നത്. മേഖലയിലെ ഒരു പ്രധാന ശക്തിക്ക് ചേർന്ന മനോഭാവമല്ല,” തിങ്കളാഴ്‌ച രാത്രി സായ് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. കൂടാതെ ദ്വീപിനെ സംരക്ഷിച്ചതിന് തായ്‌വാൻ സൈന്യത്തിന് നന്ദിയും സായ് അറിയിച്ചു.
ചൈന വിഘടനവാദിയെന്ന് വിശേഷിപ്പിക്കുന്ന സായ് നടത്തിയ അമേരിക്കൻ സന്ദർശനമാണ് പുതിയ പ്രകോപനങ്ങൾക്ക് കാരണം. മക്കാർത്തിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം തിരികെയെത്തിയ ശേഷമാണ് ചൈന സൈനികാഭ്യാസങ്ങൾ ആരംഭിച്ചത്. തായ്‌വാൻ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ചൈന, ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ വേണ്ടിവന്നാൽ സേനയെ ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഒന്നിലധികം സൈനിക വിഭാഗങ്ങൾ ശരിക്കുമുള്ള യുദ്ധ സാഹചര്യങ്ങളിൽ സംയോജിതമായി നടത്തുന്ന പോരാട്ടമാണ് പരീക്ഷിച്ചതെന്ന് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഈസ്റ്റേൺ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ അന്നത്തെ യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി നടത്തിയ തായ്‌വാൻ സന്ദർശനത്തിന് പിന്നാലെയും ചൈന കടലിടുക്കിൽ സൈനികാഭ്യാസം നടത്തിയിരുന്നു. അന്നത്തെ അത്ര തീവ്രമായിരുന്നില്ല ഇപ്പോൾ നടന്ന അഭ്യാസപ്രകടനങ്ങൾ എങ്കിലും തായ്‌വാനുള്ള കർശന മുന്നറിയിപ്പുകളായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.
അഭ്യാസപ്രകടനങ്ങളെ ശാസിച്ച് ജപ്പാനും രംഗത്തുവന്നിരുന്നു. ദ്വീപിന് ചുറ്റുമുള്ള വ്യോമ-നാവിക മേഖലയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള പരിശീലനം ഭീഷണി സൃഷ്ടിക്കുന്നതാണെന്ന് ജാപ്പനീസ് പ്രതിരോധ മന്ത്രാലയം പറഞ്ഞു. തായ്‌വാൻ പ്രശ്‌നങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത മനോഭാവമാണ് അഭ്യാസങ്ങളിലൂടെ ചൈന പ്രകടിപ്പിച്ചതെന്നും മന്ത്രാലയം അറിയിച്ചു.
തങ്ങളുടെ ഭാവി തീരുമാനിക്കേണ്ടത് തായ്‌വാനിലെ ജനങ്ങളാണെന്ന അഭിപ്രായമാണ് സായിയുടേത്. അതുകൊണ്ട് തന്നെ 2016ൽ അധികാരമേറ്റപ്പോൾ മുതൽ ചൈന സമ്മർദ്ദം ചെലുത്തുന്നുണ്ട്.