WORLD

കോവിഡിനെ നേരിടാന്‍ 'അവശ്യ സഹായം' നല്‍കാം; ചൈനയ്ക്ക് സഹായ വാഗ്ദാനവുമായി തായ്‌വാൻ

കൂടുതല്‍ ആളുകള്‍ മഹാമാരിയില്‍നിന്ന് പുറത്തുവരണമെന്നാണ് ആഗ്രഹിക്കുന്നത്. മാനുഷിക കരുതലിന്റെ ഭാഗമായി എത്രകാലം വേണമെങ്കിലും അവശ്യ സഹായം ലഭ്യമാക്കാന്‍ തയ്യാറാണെന്നും വെന്‍

വെബ് ഡെസ്ക്

അധിനിവേശ ഭീഷണിക്കിടയിലും ചൈനയ്ക്ക് സഹായ വാഗ്ദാനവുമായി തായ്‌വാൻ. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവശ്യ സഹായം ലഭ്യമാക്കാന്‍ ഒരുക്കമാണെന്ന് തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ പറഞ്ഞു. കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാനും ആരോഗ്യകരവും സുരക്ഷിതവുമായ പുതുവർഷം ആഘോഷിക്കാനും ആവശ്യമായ സഹായം നൽകാൻ തയ്യാറാണ്. എന്നാല്‍, ദ്വീപിന് സമീപം ചൈന നടത്തുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ സമാധാനത്തിനും സുസ്ഥിരതയ്ക്കും ഒരിക്കലും ഗുണകരമാകില്ലെന്നും വെന്‍ അഭിപ്രായപ്പെട്ടു. പുതുവര്‍ഷ സന്ദേശത്തിലായിരുന്നു വെന്നിന്റെ വാക്കുകള്‍.

കൂടുതല്‍ ആളുകള്‍ മഹാമാരിയില്‍നിന്ന് പുറത്തുവരണമെന്നാണ് ആഗ്രഹിക്കുന്നത്. മാനുഷിക കരുതലിന്റെ ഭാഗമായി എത്രകാലം വേണമെങ്കിലും അവശ്യ സഹായം ലഭ്യമാക്കാന്‍ തയ്യാറാണെന്നും വെന്‍ വ്യക്തമാക്കി. എന്നാല്‍, സഹായം സംബന്ധിച്ച് കൂടുതല്‍ വിശദീകരണമൊന്നും നല്‍കിയില്ല.

കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ ഇരു രാജ്യങ്ങളും വിഷയത്തില്‍ കൊമ്പുകോര്‍ക്കുന്നതാണ്. തായ്‌വാൻ കോവിഡ് കൈകാര്യം ചെയ്ത രീതി കൃത്യമല്ലെന്നായിരുന്നു ചൈനയുടെ വിമര്‍ശനങ്ങള്‍. എന്നാല്‍ ചൈനയുടെ പ്രവർത്തനം സുതാര്യതയില്ലാത്തത് ആണെന്നും തായ്‌വാനിലേക്കുള്ള വാക്സിൻ വിതരണത്തിൽ ഇടപെടാൻ ചൈന ശ്രമിക്കുന്നതായി തായ്‌വാനും ആരോപിച്ചിരുന്നു. ഇരുപക്ഷവും ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സീറോ കോവിഡ് പോളിസി തിരിച്ചടിച്ചതോടെ, ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് വെന്‍ സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരുപക്ഷത്തിനുമിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുദ്ധം ഒരു മാര്‍ഗമല്ലെന്ന് പറഞ്ഞ വെന്‍ സന്ധി സംഭാഷണത്തിന് തയ്യാറാണെന്ന നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു.

തായ്‌വാൻ കടലിടുക്കിന് ഇരുവശത്തുമുള്ള ആളുകള്‍ ഒരേ കുടുംബത്തിലെ അംഗങ്ങള്‍ ആണെന്നായിരുന്നു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പുതുവത്സര സന്ദേശത്തില്‍ പറഞ്ഞത്. തായ്‌വാനെ ചൈനയുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്ന കാര്യമൊന്നും പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നുമില്ല. അതേസമയം, ചൈനീസ് പ്രസിഡന്റിന്റെ വാക്കുകള്‍ ശ്രവിച്ചിരുന്നു എന്നായിരുന്നു വെന്നിന്റെ പ്രതികരണം.

കഴിഞ്ഞ ഓഗസ്റ്റില്‍ യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി തായ്‌പേയ് സന്ദർശിച്ചതിന് പിന്നാലെ തായ്‌വാന്‍ കടലിടുക്കില്‍ ചൈന സൈനിക അഭ്യാസങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്ന അവകാശവാദം ചൈന ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. അതേസമയം, ചൈനയുമായി ചർച്ചയും സമാധാനവുമാണ് ആഗ്രഹിക്കുന്നതെന്നും തായ്‌വാൻ ആക്രമിക്കപ്പെട്ടാൽ പ്രതിരോധിക്കുക അല്ലാതെ വേറെ വഴിയില്ലെന്നും വെന്‍ പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ