തായ്‌വാൻ പ്രസിഡന്റിനെ വരവേൽക്കുന്നു 
WORLD

മുന്നറിയിപ്പ് വകവയ്ക്കാതെ തായ്‌വാന്‍ പ്രസിഡന്റിന്റെ അമേരിക്ക സന്ദർശനം; ചൈനയിലേക്ക് കണ്ണുനട്ട് ലോകം

ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് തായ്‌വാൻ പ്രസിഡന്റ് ന്യൂയോർക്കിലെത്തിയത്

വെബ് ഡെസ്ക്

ചൈനയുമായുള്ള പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ്-വെന്നിന്റെ അമേരിക്ക സന്ദർശനം. സെൻട്രൽ അമേരിക്കയിലേക്കുള്ള യാത്രാ മധ്യേയാണ് വ്യാഴാഴ്ച സായ് ഇങ്-വെൻ യുഎസിൽ എത്തിയത്. വളരെ സാധാരണമായ സന്ദർശനമായാണ് അമേരിക്ക ഇതിനെ വിശേഷിപ്പിക്കുന്നതെങ്കിലും ചൈനയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അങ്ങനെയല്ല. ഈ സംഭവം ചൈന-യുഎസ് ബന്ധത്തിൽ ഉൾപ്പെടെ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് ചൈനയുടെ പ്രതികരണം.

തായ്‌വാൻ നേതാക്കൾ അമേരിക്കയിലേക്കോ അല്ലെങ്കിൽ തിരിച്ചോ, ഏതായാലും പ്രശ്നമല്ല. തീകൊണ്ടുള്ള കളി അമേരിക്ക അവസാനിപ്പിക്കണമെന്നും പ്രതിനിധി പറഞ്ഞു

ചൈനയുടെ മുന്നറിയിപ്പിനെ അവഗണിച്ചാണ് തായ്‌വാൻ പ്രസിഡന്റ് ന്യൂയോർക്കിലെത്തിയത്. തായ്‌വാനും അമേരിക്കയും തമ്മിൽ നടത്തുന്ന ഏത് തരം കൂടിക്കാഴ്ചയെയും എതിർക്കുന്ന സമീപനമാണ് ചൈനയുടേത്. സന്ദർശനവുമായി തായ്‌വാന്‍ മുന്നോട്ടുപോയാൽ ഏറ്റുമുട്ടലിലേക്ക് വരെ നയിച്ചേക്കാമെന്ന് ചൈന അറിയിച്ചിരുന്നു. ഗ്വാട്ടിമാല, ബെലീസ് എന്ന രാജ്യങ്ങളിലേക്കുള്ള യാത്രാ മധ്യേ നടത്തിയ സന്ദർശനമാണെന്ന് തായ്‌വാന്‍ അവകാശപ്പെടുന്നത്. എന്നാല്‍ മടക്കയാത്രയിൽ യുഎസ് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തിയുമായി സായ് ഇങ്-വെൻ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.

ചൈനയുടെ 'വൺ-ചൈന പോളിസി'യെ വെല്ലുവിളിക്കുന്നതാണ് തായ്‌വാന്റെ നീക്കം. ചൈനയെ സംബന്ധിച്ചിടത്തോളം തായ്‌വാന്‍ എന്ന ദ്വീപ് രാഷ്ട്രം ചൈനയുടെ ഭാഗമാണ്. തായ്‌വാന്റെ പരമാധികാരത്തെ ചൈന അംഗീകരിക്കുന്നില്ല. ആ സാഹചര്യത്തിൽ തായ്‌വാൻ, അമേരിക്കയുമായി കൂടുതൽ ബന്ധം സ്ഥാപിക്കുന്നത് ചൈനയുടെ അഭിലാഷങ്ങൾക്ക് ഭീഷണിയാണ്. തായ്‌വാന്‍ ചൈനയോട് ചേർക്കാനുള്ള പദ്ധതികളിൽ വിട്ടുവീഴ്ചയില്ലെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാമത് പാർട്ടി കോൺഗ്രസിൽ ഷി ജിന്‍ പിങ് വ്യക്തമാക്കിയിരുന്നു. വേണ്ടി വന്നാൽ ആയുധം ഉപയോഗിക്കാനും മടിക്കില്ലെന്നും ഷി പ്രഖ്യാപിച്ചിരുന്നു.

നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം

സായ് ഇങ്-വെന്നിനെ സ്വീകരിക്കുക വഴി തായ്‌വാന്റെ സ്വാതന്ത്ര്യത്തിനായി വാദിക്കുകയാണ് അമേരിക്കയെന്നാണ് വാഷിഗ്ടണിലെ ചൈനീസ് പ്രതിനിധി പ്രതികരിച്ചത്. തായ്‌വാൻ നേതാക്കൾ അമേരിക്കയിലേക്കോ അല്ലെങ്കിൽ തിരിച്ചോ, ഏതായാലും പ്രശ്നമല്ല. തീകൊണ്ടുള്ള കളി അമേരിക്ക അവസാനിപ്പിക്കണമെന്നും പ്രതിനിധി പറഞ്ഞു. തായ്‌വാൻ തങ്ങളുടെ രാജ്യത്തിന്റെ അവിഭാജ്യ ഭാഗമാണെന്നും അതിനെതിരായ ഏതു നീക്കത്തിനെതിരെയും തിരിച്ചടിക്കുമെന്നും തായ്‌വാൻ അഫയേഴ്‌സ് ഓഫീസിന്റെ വക്താവും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, തായ്‌വാൻ പ്രസിഡന്റിന്റെ ഏഴാമത്തെ അമേരിക്ക സന്ദർശനമാണ് ഇതെന്നും ചൈന അമിതമായി പ്രതികരിക്കരുതെന്നും യുഎസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു. ഇതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം, അമേരിക്കൻ ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം, മേഖലയിൽ കനത്ത സുരക്ഷാ ഭീഷണിയാണ് സൃഷ്ടിച്ചത്. ചൈനയുടെ മുന്നറിയിപ്പിനെ ധിക്കരിച്ചുകൊണ്ടുള്ള തായ്‌വാനിലേക്കുള്ള പെലോസിയുടെ വരവിനു പിന്നാലെ ചൈന തായ്‌വാൻ കടലിടുക്കിൽ വലിയ തോതിലുള്ള സൈനിക അഭ്യാസങ്ങൾ നടത്തിയിരുന്നു. മുൻപ് തായ്‌വാനുമായി ബന്ധമുണ്ടായിരുന്ന ഹോണ്ടുറാസ് അടുത്തിടെ ചൈനയുമായി അടുത്തിരുന്നു. ഇതിനുശേഷമുള്ള സായ് ഇങ്-വെന്നിന്റെ മധ്യ അമേരിക്കയിലേക്കുള്ള ആദ്യ യാത്രയാണിതെന്ന പ്രത്യേകതയുമുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ