WORLD

കുത്തനെ കുറഞ്ഞ് ജനനനിരക്ക്; തായ്‌വാനിൽ സ്കൂളുകളും സർവകലാശാലകളും പൂട്ടുന്നു

വെബ് ഡെസ്ക്

ജനനനിരക്ക് കുത്തനെ കുറയുന്ന സാഹചര്യത്തിൽ കുട്ടികളില്ലാത്തതിനാൽ സ്കൂളുകൾ പൂട്ടാൻ നിർബന്ധിതരായി തായ്‌വാൻ. കിഴക്കൻ ഏഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളെയും പോലെ പ്രതിവർഷം തായ്‌വാന്റെയും ജനനനിരക്ക് ക്രമാതീതമായി കുറയുകയാണ്. പതിറ്റാണ്ടുകളായി ഇതേ നില തുടരുന്നതിനാലാണ് കുട്ടികളില്ലാതെ സ്കൂളുകൾ പൂട്ടേണ്ട അവസ്ഥയിലേക്ക് രാജ്യം നീങ്ങിയത്.

സ്ഥിരതയുള്ള ജനസംഖ്യ നിലനിർത്തുന്നതിനാവശ്യമായ ജനനനിരക്ക് കൈവരിക്കുന്നതിനുള്ള പെടാപ്പാടിലാണ് രാജ്യം. ഈ നിരക്ക് പ്രകാരം ഒരു സ്ത്രീ ജന്മം നൽകേണ്ട കുട്ടികളുടെ ശരാശരി എണ്ണം 2.1 ആണ്. എന്നാൽ 80-കളുടെ പകുതി മുതൽ തായ്‌വാൻ 2.1 ൽ എത്തിയിട്ടില്ല. 2023-ൽ ഈ നിരക്ക് 0.865 ആയിരുന്നു. ഈ നിരക്കിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് സർക്കാർ പിന്തുണ ആവശ്യമുള്ള പ്രായമായവരുടെ ജനസംഖ്യ മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികളക്കുറിച്ച് ജനസംഖ്യ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

തായ്‌വാനിൽ പുതിയ തലമുറയുടെ എണ്ണം കുറയുന്നത് ഇതിനകം തന്നെ സൈനിക റിക്രൂട്ട്‌മെൻ്റിനെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. സ്‌കൂളുകളിലും സർവകലാശാലകളിലും പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിലും ഈ പ്രശ്നം പ്രതിഫലിച്ച് തുടങ്ങിയിട്ടുണ്ട്. 2011 നും 2021 നും ഇടയിൽ, തായ്‌വാനിലെ പ്രൈമറി, ജൂനിയർ ഹൈസ്‌കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം 23 ലക്ഷത്തിൽനിന്ന് 18 ലക്ഷത്തിൽ താഴെയായി കുറഞ്ഞു.

പൊതുവിദ്യാലയങ്ങളോളം പ്രചാരമില്ലാത്ത സ്വകാര്യ സ്‌കൂളുകളാണ് ആദ്യം പൂട്ടുന്നത്. ഡസൻ കണക്കിനു സ്വകാര്യ സ്‌കൂളുകൾ പൂട്ടൽഭീഷണി നേരിടുന്നതായി പ്രാദേശിക വാർത്താ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അധിക സഹായം ആവശ്യമുള്ള സർക്കാർ സ്‌കൂളുകളുടെ പട്ടികയിൽ 13 സ്വകാര്യ, വൊക്കേഷണൽ ഹൈസ്‌കൂളുകൾ ഉൾപ്പെടുന്നു. അവ അടുത്ത വർഷത്തോടെ പൂട്ടാൻ സാധ്യതയുണ്ടെന്ന് തായ്‌പേയ് ടൈംസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

2014 മുതൽ 15 കോളേജുകളും സർവകലാശാലകളും അടച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അന്താരാഷ്ട്ര മാധ്യമമായ ദ ഗാർഡിയനോട് പറഞ്ഞു. തായ്‌വാനിലെ 103 സ്വകാര്യ സർവകലാശാലകളിൽ നാലെണ്ണം പൂട്ടാൻ ഈ ആഴ്ച ഉത്തരവിട്ടിട്ടുണ്ട്. 2028 ഓടെ 40-50 സ്വകാര്യ സർവകലാശാലകൾ കൂടി പൂട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി യൂണിയൻ ഓഫ് പ്രൈവറ്റ് സ്കൂൾ എഡ്യൂക്കേറ്റേഴ്സ് ചെയർപേഴ്സൺ വു ചുൻ-ചുങ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടികളെ പരിപാലിക്കുന്നതിനുള്ള അമിത ചെലവും ജോലി തിരക്കുകൾ മൂലം സമയം ലഭിക്കാത്തതും ഉൾപ്പടെ അനവധി ഘടകങ്ങൾ ഈ സാഹചര്യത്തെ സ്വാധീനിക്കുന്നുണ്ട്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?