അഫ്ഗാനിസ്ഥാനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബന്ധുക്കളെ നിയമിക്കുന്നതില്‍ അമര്‍ഷവുമായി താലിബാന്‍. സർക്കാർ തസ്തികകളിൽ നിയമിച്ച ബന്ധുക്കളെ പിരിച്ചുവിടണമെന്നും ഭാവിയിൽ കുടുംബാംഗങ്ങളെ നിയമിക്കരുതെന്നും താലിബാൻ നേതാവായ ഹിബത്തുല്ല അഖുന്ദ്‌സാദ ഉത്തരവിട്ടു. 2021-ൽ അധികാരമേറ്റപ്പോൾ ചില മുതിർന്ന ഉദ്യോഗസ്ഥരെ താലിബാൻ പിരിച്ചുവിട്ടിരുന്നു.
2021ല്‍ താലിബാന്‍ അധികാരം ഏറ്റെടുത്തതിന് പിന്നാലെ നിരവധിപേര്‍ രാജ്യം ഉപേക്ഷിച്ച് പോയിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു
ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ നേതൃത്വം, കുട്ടികളെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ എമിറേറ്റ് സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥർക്ക് വാക്കാലുള്ള നിർദ്ദേശം നൽകിയെന്ന് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ ട്വീറ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു. അനുഭവപരിചയമില്ലാത്തവരെ അവരുടെ വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തിൽ നിയമിച്ചുവെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് തീരുമാനം. നിരവധി സർക്കാർ ഉദ്യോഗസ്ഥര്‍ അവരുടെ സ്വാധീനം ഉപയോഗിച്ച് മക്കളെ സര്‍ക്കാര്‍ ജോലിയില്‍ നിയമിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
2021ല്‍ താലിബാന്‍ അധികാരം ഏറ്റെടുത്തതിന് പിന്നാലെ നിരവധിപേര്‍ രാജ്യം ഉപേക്ഷിച്ച് പോയിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുറവ് നികത്താന്‍ ബന്ധുക്കളെ ജോലിയില്‍ പ്രവേശിപ്പിച്ചിരുന്നു. യുദ്ധത്തില്‍ മുന്‍ നിരയിലുണ്ടായിരുന്ന ഇവര്‍ ഓഫീസ് ജോലികളില്‍ മാത്രമായി ഒതുങ്ങി. പുതിയ ക്ലറിക്കല്‍ ജോലിയില്‍ അവര്‍ ഒട്ടും സംതൃപ്തരല്ലെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. പരിചയമില്ലാത്ത ജോലി എന്നതിനപ്പുറം, ജോലിഭാരം കൂടി എന്നതും ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കി.
2021ല്‍ താലിബാന്‍ അധികാരമേറ്റെടുത്തത് മുതല്‍ അഫ്ഗാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. രാജ്യം കടുത്ത ഉപരോധങ്ങളും ഫണ്ട് വെട്ടിക്കുറയ്ക്കലുകളും നേരിടുകയാണ്. കൂടാതെ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശം സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയ താലിബാന്‍ ഭരണത്തിലേറിയതോടെ അതെല്ലാം അട്ടിമറിച്ച് കടുത്ത മത നിയമങ്ങളാണ് രാജ്യത്ത് നടപ്പാക്കി വരുന്നത്. സ്ത്രീ വിദ്യാഭ്യാസത്തിനും വസ്ത്രധാരണത്തിനുമെതിരെ താലിബാനെടുത്ത നിലപാട് ആഗോളതലത്തിലടക്കം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. നിലവില്‍ അഫ്ഗാനിസ്ഥാനില്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് പെണ്‍കുട്ടിള്‍ക്ക് വിലക്കുണ്ട്.
അതേസമയം, കഴിഞ്ഞ 544 ദിവസമായി അടച്ചിട്ടിരിക്കുന്ന പെൺകുട്ടികൾക്കായുള്ള സെക്കൻഡറി സ്കൂളുകൾ വീണ്ടും തുറക്കാൻ അഫ്ഗാനിസ്ഥാനിലെ മാതാപിതാക്കളും വിദ്യാർഥികളും താലിബാനോട് ആവശ്യപ്പെട്ടതായി ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. വിദ്യാർഥികളുടെ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും പെൺകുട്ടികളുടെ വിദ്യാഭ്യാസം പുഃനരാരംഭിക്കാൻ അനുവദിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു.