WORLD

അഫ്ഗാനിസ്ഥാനിൽ ഐക്യരാഷ്ട്ര സഭയുടെ പ്രവർത്തനങ്ങൾക്ക് വിലക്കില്ലെന്ന് താലിബാൻ: സ്ത്രീകളുടെ വിലക്ക് ആഭ്യന്തര വിഷയം

യുഎൻ മിഷനിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് താലിബാന്‍ വിലക്കിയതിനെതിരെ ഐക്യരാഷ്ട്ര സഭ പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് പുതിയ പ്രസ്താവന

വെബ് ഡെസ്ക്

അഫ്ഗാനിസ്ഥാനിൽ ഐക്യരാഷ്ട്ര സഭയുടെ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് താലിബാൻ. അഫ്ഗാൻ സ്ത്രീകളെ ഐക്യരാഷ്ട്ര സഭയിൽ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കാനുള്ള തീരുമാനം ആഭ്യന്തര കാര്യമാണെന്നും തീരുമാനത്തെ എല്ലാ കക്ഷികളും ബഹുമാനിക്കണമെന്നും താലിബാൻ സർക്കാർ വക്താവ് സബിഹുല്ല മുജാഹിദ് പ്രസ്താവനയിൽ പറഞ്ഞു. യുഎൻ മിഷനിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് താലിബാന്‍ വിലക്കിയതിനെതിരെ ഐക്യരാഷ്ട്ര സഭ പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് പുതിയ പ്രസ്താവന. താലിബാന്റെ നിലപാടുകളും ആവശ്യങ്ങളും അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച് കൊണ്ടായിരുന്നു പ്രസ്താവന.

സ്ത്രീകള്‍ക്ക് മേല്‍ തുടര്‍ച്ചയായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന താലിബാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ചയാണ് സ്ത്രീകളെ യുഎന്നില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കിയത്. താലിബാന്റെ തീരുമാനത്തെ അപലപിച്ച യുഎന്‍, സ്ത്രീകള്‍ക്ക് മേലുള്ള വിലക്ക് നിയമവിരുദ്ധവും സ്ത്രീകളുടെ അവകാശങ്ങളുടെ കടുത്ത ലംഘനവുമാണെന്ന് പ്രതികരിച്ചു. ഇത് അഫ്ഗാൻ ജനങ്ങൾക്ക് സഹായം നൽകുന്നതിൽ നിന്ന് പിന്തിരിയാനുള്ള തീരുമാനമെടുക്കാൻ ഐക്യരാഷ്ട്ര സഭയെ പ്രേരിപ്പിക്കുകയാണെന്നും ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ദശലക്ഷക്കണക്കിന് അഫ്ഗാനികൾക്ക് ജീവൻ രക്ഷാ സഹായം എത്തിക്കുന്നതിന് സ്ത്രീകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ താലിബാന്റെ വിലക്ക് വന്നതോടെ അഫ്ഗാൻ ജീവനക്കാരായ സ്ത്രീകളോടും പുരുഷന്മാരോടും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓഫീസുകളിൽ റിപ്പോർട്ട് ചെയ്യരുതെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ തീരുമാനം ഇവിടെ വിവേചനം ഉണ്ടെന്നോ ഐക്യരാഷ്ട്ര സഭയുടെ പ്രവർത്തനങ്ങൾ തടഞ്ഞുവെന്നോ അർത്ഥമാക്കുന്നില്ലെന്നും മതപരവും സംസ്‌കാരികവുമായ കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് ജനങ്ങളുടെ എല്ലാ അവകാശങ്ങള്‍ക്കും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും സബിഹുല്ല വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത്, ഐക്യരാഷ്ട്ര സഭയിലെ അംഗരാജ്യങ്ങൾ മരവിപ്പിച്ച അഫ്ഗാൻ ആസ്തികൾ, ബാങ്കിങ്, യാത്രാ നിരോധനം, മറ്റ് നിയന്ത്രണങ്ങൾ എന്നിവ എത്രയും വേഗം പരിഹരിക്കേണ്ടത് ആവശ്യമാണെന്നും അതുവഴി സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ മേഖലകളിൽ അഫ്ഗാനിസ്ഥാന് പുരോഗതി കൈവരിക്കാനാകുമെന്നും പ്രസ്താവനയിൽ പറയുന്നു. 2021ല്‍ താലിബാന്‍ അധികാരമേറ്റെടുത്തത് മുതല്‍ അഫ്ഗാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. രാജ്യം കടുത്ത ഉപരോധങ്ങളും ഫണ്ട് വെട്ടിക്കുറയ്ക്കലുകളും നേരിടുകയാണ്. സ്ത്രീ വിദ്യാഭ്യാസത്തിനും വസ്ത്രധാരണത്തിനുമെതിരെ താലിബാനെടുത്ത നിലപാട് ആഗോളതലത്തിലടക്കം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. 

താലിബാൻ വീണ്ടും അധികാരത്തിൽ വന്നതിന് ശേഷമുണ്ടായ മനുഷ്യാവകാശ ലംഘന പ്രവർത്തനങ്ങളെ തുടർന്ന് നിരവധി മനുഷ്യാവകാശ സംഘടനകൾ അഫ്ഗാൻ ജനങ്ങൾക്ക് നൽകി കൊണ്ടിരിക്കുന്ന സന്നദ്ധ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു. ഇസ്ലാമിക നിയമം ലംഘിക്കുന്ന ഒരു പ്രവൃത്തിയും അനുവദിക്കില്ലെന്നും സ്ത്രീകളുടെ അവകാശങ്ങൾക്ക് മേലുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച ആശങ്കകൾ നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുമെന്നും താലിബാൻ നേരത്തെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം