അഫ്‌ഗാനിൽ രാജ്യവ്യാപകമായി പോളിയോ വാക്‌സിനേഷൻ ക്യാമ്പയിൻ പിൻവലിച്ച് താലിബാൻ. അഫ്ഗാൻ പോളിയോ രോഗഭീഷണിയിലാണെന്ന് ആരോഗ്യവിദഗ്‌ദർ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് രോഗം പകരുന്നത് തടയാനുള്ള ശ്രമങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള താലിബാന്റെ നടപടി. സുരക്ഷാ ഭയങ്ങളും സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയാണ് ക്യാമ്പയിൻ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പിൻവലിക്കാനുള്ള അപ്രതീക്ഷ തീരുമാനം.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഈ വർഷം ഇതുവരെ രാജ്യത്ത് 18 പുതിയ പോളിയോ അണുബാധകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 2023 ൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് ആറ് കേസുകളാണ്. ഇതിന്റെ മൂന്നിരട്ടിയാണ് ഈ വർഷം സ്ഥിരീകരിച്ച കേസുകൾ. പല കേസുകളും കണ്ടെത്താൻ സാധിക്കാത്തതിനാൽ ഈ വർഷത്തെ എണ്ണം ഇതിനേക്കാൾ കൂടുതലായിരിക്കുമെന്നും പ്രാദേശിക ആരോഗ്യ പ്രവർത്തകർ പറയുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പോളിയോ വ്യാപനത്തിന്റെ അപകടാവസ്ഥയിലാണ് രാജ്യമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
സുരക്ഷാ പ്രശ്‌നങ്ങളും വാക്‌സിനുകൾ നൽകുന്നതിൽ സ്ത്രീകളുടെ ഇടപെടലും കാരണം താലിബാൻ അഫ്ഗാനിസ്ഥാനിൽ പോളിയോ വാക്‌സിനേഷനുകൾ താൽക്കാലികമായി നിർത്തിയെന്ന് ഉന്നത ആരോഗ്യപ്രവർത്തകനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ഗാർഡിയൻ സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാമ്പയിൻ നടപ്പാക്കുന്ന രീതിയിലെ പ്രശനങ്ങൾ മൂലമാണ് താലിബാൻ ഇത് പിൻവലിക്കാൻ ഉത്തരവിട്ടത്. വീടുകൾ തോറും പോയി വാക്‌സിൻ നൽകുന്നത് ഒഴിവാക്കണമെന്ന് താലിബാൻ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. പകരം പ്രാദേശിക പള്ളികളിലേക്ക് മാറ്റാനാണ് ഉത്തരവ്. പ്രാദേശിക പള്ളികളിലേക്ക് കുട്ടികളുമായി കുടുംബങ്ങൾ എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ക്യാമ്പയിൻ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇതും പിൻവലിക്കാൻ ഭരണകൂടം തീരുമാനിക്കുകയായിരുന്നു.
"നിർമ്മാർജ്ജനം വിജയകരമാകാൻ, ഞങ്ങൾ 95% കുട്ടികളിലും രണ്ട് ഡോസ് വാക്സിൻ നൽകേണ്ടതുണ്ട്.എന്നാൽ വീടുതോറുമുള്ള കാമ്പെയ്‌നുകളില്ലാതെ, ഞങ്ങൾക്ക് ആ ലക്ഷ്യത്തിൽ എത്താൻ കഴിയില്ല. ഇത് രാജ്യത്തെ മുഴുവൻ അപകടത്തിലാക്കുന്നു." ആരോഗ്യ പ്രവർത്തകർ പറഞ്ഞു. വൈറൽ രോഗമായ പോളിയോ ചെറിയ കുട്ടികളിലും ശിശുക്കളിലും പക്ഷാഘാതത്തിനും മരണത്തിനും വരെ കാരണമാകും. ഇതൊരു പകർച്ചവ്യാധിയാണ്.
പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത കുട്ടികളുടെ എണ്ണം കൂടുന്നത്, പ്രത്യേകിച്ച് പോളിയോ പടർന്നുപിടിക്കുന്ന പ്രദേശങ്ങളിൽ, വൈറസിനെ ഉന്മൂലനം ചെയ്യാനുള്ള വർഷങ്ങളായി ആഗോളതലത്തിൽ നടത്തുന്ന ശ്രമങ്ങളെ ഇല്ലാതാക്കുമെന്ന് ലോകാരാഗ്യസംഘടന ചൂണ്ടിക്കാട്ടി. സ്ത്രീകളെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നതിൽ നിന്ന് താലിബാൻ വിലക്കിയിട്ടുണ്ടെങ്കിലും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നത് തുടരാൻ ഭാഗികമായി അനുമതി നൽകിയിരുന്നു. എന്നാലും തെക്കൻ അഫ്ഗാൻ മേഖലയിൽ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ പ്രാദേശിക അധികാരികൾ ഇതിന് നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ടെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.