WORLD

അഫ്ഗാനിൽ അംബാസഡറെ നിയമിച്ച് ചൈന, സ്വാഗതം ചെയ്ത് താലിബാൻ; ആദ്യ വിദേശപ്രതിനിധി

മറ്റ് രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ക്ക് അഫ്ഗാനിസ്ഥാനിലേക്ക് എത്തിച്ചേരാനുള്ള സൂചനയാണിതെന്ന് താലിബാന്‍ നേതാക്കള്‍ അറിയിച്ചു.

വെബ് ഡെസ്ക്

താലിബാന്‍ സര്‍ക്കാരിന് കീഴില്‍ ചൈനയുടെ പുതിയ അംബാസഡര്‍ ചുതമലയേറ്റു. ഷാവോ ഷെങ്ങാണ് പുതിയ അംബാസഡര്‍. താലിബാന്‍ ഭരണം ഏറ്റെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ പുതിയ അംബാസഡറെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമായി ചൈന. മറ്റ് രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ക്ക് അഫ്ഗാനിസ്ഥാനിലേക്ക് എത്തിച്ചേരാനുള്ള സൂചനയാണിതെന്ന് താലിബാന്‍ നേതാക്കള്‍ അറിയിച്ചു.

2021 ഓഗസ്റ്റിന് ശേഷം ഈ സ്ഥാനം ഏറ്റെടുക്കുന്ന ആദ്യത്തെ അംബാസഡറാണ് ഷാവോ ഷെങ്ങെന്ന് താലിബാന്‍ ഭരണകൂട വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. കാബൂളിലുള്ള താലിബാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കാണ് ഷാവോ ഷെങ് ചുമതലയേൽക്കാൻ എത്തിയത്. പോലീസ് അകമ്പടിയോടെ എത്തിയ ഷാവോ ഷെങ്ങിനെ താലിബാന്‍ ഭരണകൂടത്തലവന്‍ മുഹമ്മദ് ഹാസ്സന്‍ അഖുണ്ഡിന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ ചേർന്ന് ​ഗംഭീര വരവേൽപ്പാണ് നൽകിയത്. ഷാവോ ഷെങ്ങിന്റെ നാമനിർദേശം ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി പറഞ്ഞു.

''അഫ്ഗാനിസ്ഥാനിലെ ചൈനയുടെ അംബാസഡറുടേത് സാധാരണ നിയമനമാണ്. ചൈനയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സഹകരണം തുടരാനാണ് ഉദ്ദേശിക്കുന്നത്. അഫ്ഗാനിസ്ഥാനോടുള്ള ചൈനയുടെ നയം വ്യക്തവും സ്ഥിരതയുള്ളതുമാണ്. ചില രാജ്യങ്ങൾ അഫ്ഗാനിസ്ഥാനിൽ സംഭവിച്ചതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണം. തീവ്രവാദത്തെ ചെറുക്കുന്നതിൽ ഇരട്ടത്താപ്പ് ഉപേക്ഷിക്കണം, ഉപരോധം പിൻവലിക്കണം''- ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

2019 ല്‍ ചുമതലയേറ്റ ചൈനയുടെ മുന്‍ അംബാസഡര്‍ വാങ് യു കഴിഞ്ഞ മാസം തന്റെ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു. ഈ ഒഴിവിലേക്കാണ് പുതിയ നിയമനം. മറ്റ് സർക്കാരുകൾ അവരുടെ അംബാസഡർമാരുടെ കാലാവധി അവസാനിച്ചാൽ ഡെപ്യൂട്ടി അംബാസഡറെ നിയമിക്കുകയാണ് പതിവ്. എന്നാൽ ഒരു പുതിയ അംബാസഡറെ തന്നെ നാമനിർദേശം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു ചൈന. താലിബാന്‍ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് കാബൂളിലേക്ക് ഒരു രാജ്യത്തിന്റെ അംബാസഡറെ ആഘോഷത്തോടെ വരവേറ്റതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

2021 ഓ​ഗസ്റ്റിലാണ് താലിബാൻ അഫ്​ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുക്കുന്നത്. അതിനുശേഷം ലോകരാഷ്ട്രങ്ങൾ ആരും തന്നെ താലിബാനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഇപ്പോഴും മുൻ പ്രസിഡന്റ് അഷ്‌റഫ് ഗനിയാണ് ഐക്യരാഷ്ട്രസഭയിലെ രാജ്യത്തിന്റെ പ്രതിനിധി. അതേസമയം പുതിയ അംബാസഡറുടെ നിയമനം താലിബാനെ ഔപചാരികമായി അംഗീകരിക്കുന്നു എന്ന സൂചനയാണോ നൽകുന്നതെന്ന് ചൈന വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും രാജ്യങ്ങൾ തമ്മിലുള്ള വാണിജ്യബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള തങ്ങളുടെ ആഗ്രഹത്തെക്കുറിച്ച് ചൈനയും താലിബാനും മുൻപ് പല തവണ തുറന്ന് പറഞ്ഞിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ