ഇന്ത്യൻ വംശജയായ 60കാരിയെ എട്ട് വർഷത്തോളം അടിമയാക്കി പീഡിപ്പിച്ചതിന് തടവിലായ മെൽബൺ സ്വദേശിനിക്ക് രണ്ടര വർഷം അധിക തടവ് വിധിച്ച് വിക്ടോറിയ കോടതി. വിചാരണ കാലയളവിൽ തെളിവ് നൽകരുതെന്ന് ഇരയെ ഭീഷണിപ്പെടുത്തിയതിനാണ് അധിക തടവ് ശിക്ഷ വിധിച്ചത്. ഇരയെ എട്ട് വർഷത്തോളം അടിമയാക്കി പീഡിപ്പിച്ചതായി തെളിഞ്ഞതിനെ തുടർന്ന് മൗണ്ട് വേവർലിയിൽ നിന്നുള്ള ഓസ്‌ട്രേലിയൻ തമിഴ് വംശജയായ കുമുത്തിനി, ഭർത്താവ് കന്ദസാമി കണ്ണൻ എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ഇതിന് പുറമെയാണ് അധിക തടവ് ശിക്ഷ വിധിച്ചത്.
2007 മുതൽ 2015 വരെ ഇരയെ അടിമയാക്കി കൈവശം വച്ചതിനും ഉടമസ്ഥാവകാശം വിനിയോഗിച്ചതിനുമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് കുട്ടികളെ നോക്കാനായി എത്തിച്ച വയോധികയെ ദിവസം മൂന്ന് ഡോളർ മാത്രം നൽകി 24 മണിക്കൂർ ജോലിയെടുപ്പിച്ചതായി കണ്ടെത്തിയിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു അവരെ താമസിപ്പിച്ചിരുന്നത്. കൂടാതെ പാചകം ചെയ്യാനും വീട് വൃത്തിയാക്കാനും നിർബന്ധിക്കുമായിരുന്നു. ഇതിന് പുറമെ സ്ത്രീക്ക് ശാരീരിക പീഡനവും ഏൽക്കേണ്ടി വന്നു. പോഷകാഹാരക്കുറവ്, പ്രമേഹം, കാലുകളിലും കൈകളിലും ഗ്യാങ്ഗ്രീൻ എന്നിവയുമായി ഇരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.
കുറ്റം സമ്മതിച്ചതിനെത്തുടർന്ന് കുമുത്തിനിയെ വെള്ളിയാഴ്ച വിക്ടോറിയയിലെ കൗണ്ടി കോടതിയിൽ രണ്ട് വർഷവും ആറ് മാസവും കൂടി തടവിന് ശിക്ഷിക്കുകയായിരുന്നു. അടിമത്ത കുറ്റങ്ങൾക്കുള്ള നിലവിലെ ശിക്ഷ പൂർത്തിയാകുന്നതിന് 18 മാസം മുൻപ് അധിക ശിക്ഷ ആരംഭിക്കുമെന്ന് ജഡ്ജി വ്യക്തമാക്കി. 2016 ജൂണിലാണ് ദമ്പതികൾക്കെതിരെ പോലീസ് അടിമത്തക്കുറ്റം ചുമത്തിയത്. 2020 ൽ, വിചാരണ കാത്തിരിക്കുന്നതിനിടെ, കുമുത്തിനി ഇരയെ വിളിച്ച് ഭീഷണിപ്പെടുത്തുകയും കോടതി നടപടികളിൽ തെളിവ് നൽകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശിക്ഷ കാലാവധി പൂർത്തിയാകുന്ന 2026 ജനുവരിയിൽ മാത്രമേ ഇനി കുമുത്തിനിക്ക് പരോൾ ലഭിക്കുകയുള്ളു. കുമുത്തിനിയുടെ ഭർത്താവ് കണ്ണന് ആറ് വർഷത്തെ തടവും മൂന്ന് വർഷത്തെ പരോൾ ഇല്ലാത്ത കാലയളവുമാണ് കോടതി വിധിച്ചത്.
നാല് കുട്ടികളുടെ അമ്മയായ ഇര, 2002 ലും 2004 ലും ദമ്പതികളോടൊപ്പം താമസിക്കാൻ രണ്ട് തവണയായി ഓസ്‌ട്രേലിയയിൽ വന്നിരുന്നു. പിന്നീട് നാട്ടിൽ പോയി 2007 ൽ ഒരു മാസത്തെ ടൂറിസ്റ്റ് വിസയിൽ തിരിച്ചെത്തുകയായിരുന്നു. മടങ്ങാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടും, ദമ്പതികളുടെ കുട്ടികളെ പരിപാലിക്കുന്നതിനും പാചകം ചെയ്യുന്നതിനും വീട് വൃത്തിയാക്കുന്നതിനും മറ്റ് ജോലികൾ ചെയ്യുന്നതിനും നിർബന്ധിക്കുകയായിരുന്നു. പാസ്‌പോർട്ടും ദമ്പതികൾ കൈവശം വച്ചിരിക്കുകയായിരുന്നു.