ആഗോള ടെക് തൊഴില്‍ മേഖയിലെ ആശങ്ക വര്‍ധിപ്പിച്ച് വന്‍കിട കമ്പനികള്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നു. മുന്‍നിര കമ്പനികളായ മൈക്രോസോഫ്റ്റ്, ആമസോണ്‍, ഒല അടക്കമുളള നിരവധി സ്ഥാപനങ്ങളാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നത്. കണക്കുകള്‍ പ്രകാരം ലോകമെമ്പാടുമുളള 91 ടെക് കമ്പനികള്‍ 2023 ജനുവരിയില്‍ 24,151 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ടെക് മേഖലയില്‍ നിന്നും 2023ല്‍ പ്രതിദിനം 1600 പേര്‍ എന്ന നിലയിലാണ് പിരിച്ചുവിടല്‍.
ടെക് മേഖലയില്‍ നിന്നും 2023ല്‍ പ്രതിദിനം 1600 പേര്‍ പുറത്ത് പോകുന്നു
അതിനിടെ, ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റിലെ പിരിച്ചുവിടല്‍ നടപടികള്‍ ഇന്നുമുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൈക്രോസോഫ്റ്റിലെ ആഗോളതലത്തിലുള്ള ജീവനക്കാരുടെ വലിയൊരു വിഭാഗത്തെ വെട്ടിക്കുറയ്ക്കാനാണ് കമ്പനി ശ്രമിക്കുന്നത് . കോവിഡിന് ശേഷമുളള വിപണിയിലെ ആഘാതം, വരുമാന വളര്‍ച്ചയിലെ കുറവ്, സാമ്പത്തിക മാന്ദ്യം എന്നീ പ്രതിസന്ധികളെ തരണം ചെയ്യുന്നതിന്റെ ഭാഗമായാണ് വിവിധ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റിലെ പിരിച്ചുവിടല്‍ നടപടികള്‍ ഇന്നുമുതല്‍
മൈക്രോസോഫ്റ്റ്
സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനത്തിലാണ് മൈക്രോസോഫ്റ്റ് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നത്. വാഷിങ്ടണ്‍ ആസ്ഥാനമായുളള കമ്പനിക്ക് 220,000ത്തിലധികം തൊഴലാളികളാണുളളത്. കഴിഞ്ഞ് വര്‍ഷം രണ്ട് ഘട്ടമായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അവസാന മൂന്ന് മാസത്തെ വരുമാനം മൈക്രോസോഫ്റ്റ് റിപ്പോര്‍ട്ട് ചെയുന്നതിന് ഒരാഴ്ച മുന്‍പ് തന്നെ പിരിച്ചുവിടല്‍ പ്രഖ്യാപനം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആമസോണ്‍
ആമസോണിന്റെ മുഴുവന്‍ ഓഫീസുകളില്‍ നിന്നും ഏകദേശം 18,000ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് മേധാവി ആന്‍ഡി ജാസി വ്യക്തമാക്കിയത്. നഷ്ടമുണ്ടാക്കിയ ഡിപ്പാര്‍ട്ട്‌മെന്റുകളെയാണ് പിരിച്ചുവിടുന്നത്. ജീവനക്കാര്‍ക്ക് അഞ്ച് മാസത്തെ ശമ്പളം നല്‍കുമെന്നാണ് കമ്പനി വാഗദാനം.
കോവിഡിന് ശേഷമുള്ള വിപണിയിലെ ആഘാതം, വരുമാന വളര്‍ച്ചയിലെ കുറവ്, സാമ്പത്തിക മാന്ദ്യം എന്നീ പ്രതിസന്ധികളെ തരണം ചെയ്യുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്
ട്വിറ്റര്‍
പുതിയ ഘട്ടം പിരിച്ചുവിടലിന് തയ്യാറായിരിക്കുകയാണ് ട്വിറ്റര്‍. നിരീക്ഷണ സംഘത്തിലുളളവരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് വിദ്വേഷഭാഷണങ്ങളും ഓണ്‍ലൈന്‍ അതിക്രമങ്ങളും തടയുന്നതിന് നിയോഗിച്ചിട്ടുളളവരെയും പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. അയര്‍ലന്‍ഡിലെയും സിംഗപ്പൂരിലെയും ഉദ്യോഗസ്ഥരാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ നിരവധി പേരെ പിരിച്ചുവിടുകയും ഒട്ടേറെ പേര്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു.
വോഡാഫോൺ
ടെലികോം കമ്പനിയായ വോഡാഫോൺ ചെലവ് കുറയ്ക്കുന്ന നടപടിയുടെ ഭാഗമായി ലണ്ടനിലെ ആസ്ഥാനത്ത് നിന്നും നൂറ് കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതിയിടുന്നതായാണ് വിവരം. എണ്ണം വ്യക്തമല്ലെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റെവും വലിയ പിരിച്ചുവിടലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്രിപ്‌റ്റോ ഡോട്ട് കോം
ക്രിപ്‌റ്റോ കറന്‍സി എക്‌സ്ചേഞ്ച് കമ്പനിയായ ക്രിപ്‌റ്റേ ഡോട്ട് കോമിന്റെ സഹ സ്ഥാപകനായ ക്രിസ് മാര്‍സലേക്ക് 20 ശതമാനം ജീവനക്കാരുടെ എണ്ണം കുറയ്ക്കാനായുളള പദ്ധതി പ്രഖ്യാപിച്ചു. 2022ല്‍ വരുമാനം കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ 250 ജീവനക്കാരെ മുന്‍പ് പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിടല്‍ ജീവനക്കാരുടെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയല്ലെന്ന് മാര്‍സലേക്ക് വ്യക്തമാക്കുന്നു.
ഷെയര്‍ ചാറ്റ്
ഇന്ത്യ ആസ്ഥാനമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ഷെയര്‍ചാറ്റും അതിന്റെ വിഡിയോ ആപ്പായ മോജും 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഷെയര്‍ചാറ്റില്‍ ഏകദേശം 2200 ജീവനക്കാരുണ്ട്. 500 കോടി ഡോളറാണ് ഷെയര്‍ചാറ്റിന്റെ വിപണി മൂല്യം. വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച, സമര്‍ഥരായ തെഴിലാളകളെയാണ് പിരിച്ചുവിടുന്നതെന്ന് ഷെയര്‍ചറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഡുന്‍സോ
ബെംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഡുന്‍സോ. മൂന്ന് ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്നാണ് ഡുന്‍സോ പ്രഖ്യാപിച്ചിരിക്കുന്നത്.
ഒല
ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഗതാഗത നെറ്റ് വർക്ക് കമ്പനിയാണ് ഒല പുനഃസംഘടനയുടെ ഭാഗമായി 2022 ല്‍ 1100 ജീവനക്കാരെ പിരിച്ച് വിട്ടിരുന്നു. പിന്നാലെയാണ് ടെക്, പ്രൊഡക്ഷന്‍ ടീമില്‍ നിന്നും വീണ്ടും 200 ജീവനക്കാരെ കൂടി പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒല കാബ്‌സ്, ഒല ഇലക്ട്രിക്, ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്നീ മേഖലയില്‍ ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിടല്‍ ബാധിക്കുക.
കോയിന്‍ബേസ്
ക്രിപ്‌റ്റോ എക്‌സചേഞ്ച് കമ്പനിയായ കോയിന്‍ബേസ് കമ്പനിയുടെ 25 ശതമാനം പ്രവര്‍ത്തന ചിലവ് കുറയ്ക്കാന്‍ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി 950 ജീവനക്കാരെ പിരിച്ചുവിടുമെന്നും കോയിന്‍ബേസ് മേധാവിയായ ബ്രാന്‍ ആംസ്‌ട്രോങ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സെയില്‍സ് ഫോഴ്‌സ്
അമേരിക്കന്‍ ആസ്ഥാനമായ ടെക് കമ്പനിയാണ് സെയില്‍സ് ഫോഴ്‌സ്. വരുമാനക്കുറവ് ചൂണ്ടിക്കാട്ടി 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ചില ഓഫീസുകളും അടച്ചുപൂട്ടുന്നതായി സെയില്‍സ് ഫോഴ്‌സ് അറിയിച്ചു.
സിസ്‌കോ
അമേരിക്ക ആസ്ഥാനമായ മള്‍ട്ടി നാഷണല്‍ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി സ്ഥാപനമാണ് സിസ്‌കോ. സോഫ്‌വെയര്‍, ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിങ്, പ്രോഗ്രാം മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ബാധിക്കുക.700 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.