46-ാം വയസില്‍ 18കാരന്റെ ശരീര ഘടനയിലേക്ക് മാറുന്നതിനായി ദശലക്ഷക്കണക്കിന് യുഎസ് ഡോളര്‍ ചിലവഴിച്ച് അമേരിക്കന്‍ ടെക് സംരംഭകനായ ബ്രയാന്‍ ജോണ്‍സണ്‍. പ്രായം കുറയ്ക്കുന്നതിനായി പ്രത്യേക ടീമിനെ നിയോഗിച്ചാണ് ബ്രയാന്‍ തന്റെ ദിനചര്യകളും പരീക്ഷണങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ടൈം മാഗസിന്‍ സീനീയര്‍ കറസ്പോണ്ടന്റ് ഷാര്‍ലെറ്റ് ആള്‍ട്ടറിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ബ്രയാന്റെ വെളിപ്പെടുത്തലുകള്‍.
46 വയസ് പ്രായമുള്ള തന്റെ ശരീരത്തിലെ അവയവങ്ങള്‍ 18 വയസുള്ള വ്യക്തിയുടെ അവയവങ്ങള്‍ പോലെ കാണപ്പെടുകയും പ്രവര്‍ത്തിക്കുയും ചെയ്യുക എന്നതാണ് പരീക്ഷണങ്ങളുടെ ലക്ഷ്യം. ഇതിനായി ബ്രയാന്‍ 111 ഗുളികകളാണ് ദിവസവും കഴിക്കുന്നത്. തലയോട്ടിയിലേക്ക് ചുവന്ന വെളിച്ചം അടിക്കുന്ന തരത്തിലുള്ള ബേസ്ബോള്‍ തൊപ്പി, പരീക്ഷണങ്ങള്‍ക്കായി സ്വന്തം മലത്തിന്റെ ശേഖരണം, രാത്രിയിലെ ഉദ്ധാരണം നിരീക്ഷിക്കുന്നതിനായി ലിംഗത്തില്‍ ചെറിയ ജെറ്റ് പായ്ക്ക് എന്നിങ്ങനെ നീളുന്നു സംവിധാനങ്ങള്‍.
കിടയ്ക്കക്ക് പുറമെ രണ്ട് വസ്തുക്കള്‍ മാത്രമാണ് ബ്രയാന്റെ മുറിയിലുള്ളത്. മുഖത്തെ ചുളിവുകള്‍ കുറയ്ക്കുന്നതിനുള്ള ലേസര്‍ ഫേസ് ഷീല്‍ഡും ഉദ്ധാരണ നിരീക്ഷണത്തിനായുള്ള ജെറ്റ് പായ്ക്കുമാണിവ.
ശാസ്ത്രജ്ഞരും ആരോഗ്യമേഖലയിലെ വിദഗ്ധരും ബ്രയാന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളില്‍ സംശയം പ്രകടിപ്പിച്ചതായും ഷാര്‍ലെറ്റിന്റെ റിപ്പോര്‍ട്ട് വ്യക്തമാകുന്നു. എന്നാല്‍ അത്തരം വാദങ്ങളെ പൂര്‍ണമായും തള്ളുകയാണ് ബ്രയാന്‍. "എനിക്ക് 21-ാം നൂറ്റാണ്ടിനേക്കാള്‍, 25-ാം നൂറ്റാണ്ടുമായാണ് കൂടുതല്‍ ബന്ധം. നമ്മുടെ കാലത്തുള്ളവര്‍ എന്നെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നത് ഞാന്‍ കാര്യമാക്കുന്നില്ല. 25-ാം നൂറ്റാണ്ട് എന്ത് ചിന്തിക്കുന്നു എന്നതിനാണ് മുഖ്യപരിഗണന," ബ്രയാന്‍ പറഞ്ഞു.
കഠിനമായ ദിനചര്യകളിലൂടെ കടന്നുപോകുമ്പോള്‍ ഒരാള്‍ക്ക് മുനുഷ്യത്വം നിലനിര്‍ത്താനാകുമോയെന്ന സംശയത്തിനും ബ്രായന്‍ മറുപടി നല്‍കി. "എല്ലാ കാര്യങ്ങളിലും നമുക്ക് മുന്നില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ചില ആശയങ്ങളുണ്ട്. സന്തോഷം, പ്രണയം, ലൈംഗികബന്ധം എന്നിങ്ങനെ എല്ലാത്തിനും. മനസിലാക്കേണ്ട ഒരു വസ്തുത, നമുക്ക് നിയന്ത്രണമില്ലാത്ത ഒരു ഭാവിയിലേക്കാണ് നാം സഞ്ചരിക്കുന്നതെന്നാണ്. എല്ലാ മാനുഷിക മൂല്യങ്ങളില്‍ നിന്നും നാം വേര്‍പ്പെടാന്‍ തയാറാവുകയാണ്- ബ്രയാന്‍ കൂട്ടിച്ചേര്‍ത്തു.