WORLD

'പ്രസിഡന്റിനെ മാറ്റാൻ ഏഴുദിവസത്തെ സമയം;' ബംഗ്ലാദേശിൽ വീണ്ടും വിദ്യാർഥി പ്രതിഷേധം

കഴിഞ്ഞദിവസം നൂറുകണക്കിന് വിദ്യാർഥികൾ മുഹമ്മദ് ഷഹാബുദ്ദീൻ്റെ രാജി ആവശ്യപ്പെട്ട് പ്രസിഡൻ്റിൻ്റെ കൊട്ടാരം വളയുകയും കടന്നുകയറാൻ ശ്രമിക്കുകയും ചെയ്തിരുന്നു

വെബ് ഡെസ്ക്

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയോടെ ശാന്തമായ ബംഗ്ലാദേശിൽ വീണ്ടും പുകച്ചിൽ. നിലവിലെ പ്രസിഡന്റ് മുഹമ്മദ് ശഹാബുദ്ദിൻ ഷെയ്ഖ് ഹസീനയുടെ രാജി സംബന്ധിച്ച് നടത്തിയ പരാമർശമാണ് പുതിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചത്. കഴിഞ്ഞ ആഴ്‌ച ബംഗ്ലാ ദിനപത്രമായ മനാബ് സമിന് നൽകിയ അഭിമുഖത്തിൽ, രാജ്യം വിടുന്നതിന് മുൻപ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിൻ്റെ രേഖാമൂലമുള്ള തെളിവുകളൊന്നും തൻ്റെ പക്കലില്ലെന്ന് ഷഹാബുദ്ദീൻ പറഞ്ഞിരുന്നു. ഇതാണ് വിദ്യാർഥി പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്.

കഴിഞ്ഞദിവസം നൂറുകണക്കിന് വിദ്യാർഥികൾ മുഹമ്മദ് ഷഹാബുദ്ദീൻ്റെ രാജി ആവശ്യപ്പെട്ട് പ്രസിഡൻ്റിൻ്റെ കൊട്ടാരം വളയുകയും കടന്നുകയറാൻ ശ്രമിക്കുകയും ചെയ്തിരുന്നു. വിവിധ ബാനറുകൾക്ക് കീഴിൽ അണിനിരന്ന പ്രതിഷേധക്കാരെ പോലീസാണ് തടഞ്ഞത്. ഒടുവിൽ പോലീസ് ഗ്രനേഡുകൾ പ്രയോഗിക്കുകയും ഉച്ചഭാഷിണി ഉപയോഗിച്ച് പിരിഞ്ഞുപോകാൻ പ്രക്ഷോഭകരോട് പോലീസ് അഭ്യർത്ഥിച്ചതോടെയാണ് സ്ഥിതിഗതികൾക്ക് അൽപ്പം അയവ് വന്നത്.

ഷെയ്ഖ് ഹസീനയുടെ രാജിയിലേക്കും രാജ്യം വിടുന്നതിലേക്കും നയിച്ച പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ 'വിവേചന വിരുദ്ധ വിദ്യാർത്ഥി പ്രസ്ഥാനം', ഷഹാബുദ്ദീൻ്റെ രാജി ആവശ്യപ്പെട്ട് ധാക്കയിലെ സെൻട്രൽ ഷഹീദ് മിനാറിനു മുന്നിൽ റാലി നടത്തി. ബംഗ്ലാദേശിൻ്റെ 1972-ലെ ഭരണഘടന റദ്ദാക്കുന്നതുൾപ്പെടെ അഞ്ച് ആവശ്യങ്ങളാണ് വിദ്യാർഥി സംഘടന മുന്നോട്ടുവയ്ക്കുന്നത്. ഒപ്പം ഷഹാബുദ്ദീനെ പുറത്താക്കുന്നതിന് ഏഴ് ദിവസത്തെ സമയപരിധിയും നൽകിയിട്ടുണ്ട്.

നേരത്തെ 2024 ഓഗസ്റ്റ് അഞ്ചിന്, ഷെയ്ഖ് ഹസീനയുടെ രാജിക്കത്ത് നൽകിയതായി ശഹാബുദീൻ പറഞ്ഞിരുന്നു. അതിന് ശേഷമാണ് നിലവിൽ കാര്യങ്ങൾ മാറ്റിപ്പറഞ്ഞത്. പ്രൊഫസർ മുഹമ്മദ് യൂനുസ് മുഖ്യ ഉപദേഷ്ടാവായ നിലവിലെ ഇടക്കാല സർക്കാറിനുള്ളിൽ തന്നെ മുഹമ്മദ് ശഹാബുദീനെതിരെ എതിർപ്പുകളുണ്ട്.

ഇടക്കാല സർക്കാരിലെ നിയമകാര്യ ഉപദേഷ്ടാവ്, ആസിഫ് നസ്രുൾ, ശഹാബുദീൻ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾ കള്ളമാണെന്നും 'സത്യപ്രതിജ്ഞാ ലംഘനത്തിന് തുല്യമാണ്' എന്നും ആരോപിച്ചിരുന്നു. ആ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ, ശഹാബുദ്ദീൻ പ്രസിഡന്റ് പദവിയിൽ തുടരാൻ യോഗ്യനാണോ എന്ന് ഇടക്കാല സർക്കാർ ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുഹമ്മദ് ശഹാബുദീനെ തലസ്ഥാനത്തുനിന്ന് മാറ്റാനുള്ള ചർച്ചകൾ നടക്കുന്നതായാണ് വിവരം.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍