റഷ്യയില്‍ ഭീകരാക്രമണം. തലസ്ഥാന നഗരമായ മോസ്‌കോയില്‍ നടന്ന ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. കൊക്കസ് സിറ്റി ഹാളില്‍ പ്രമുഖ സംഗീത ബാന്‍ഡ് പിക്‌നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിന് പിന്നാലെ ഹാളിനുള്ളില്‍ സ്‌ഫോടനമുണ്ടായി. പിന്നാലെ, കെട്ടിടത്തില്‍ വന്‍ തീപിടിത്തമുണ്ടായി.
സൈനികരുടെ വേഷത്തില്‍ എത്തിയ അക്രമികളില്‍ ഒരാള്‍ പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്. ബാന്‍ഡിന്റെ പരിപാടി കാണാനായി വലിയ തിരക്ക് ഇവിടെയുണ്ടായിരുന്നു. നൂറോളം പേരെ അഗ്നിരക്ഷാ സേന രക്ഷപ്പടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് റഷ്യന്‍ ന്യൂസ് ഏജന്‍സികള്‍ വ്യക്താക്കി.
പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. രാജ്യത്തെ പുടിന്‍ അഭിസംബോധന ചെയ്യുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി. അഞ്ചു അക്രമികളാണ് കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്ന പ്രാഥമിക വിവരം. അക്രമം നടത്തിയതിന് ശേഷം ഭീകരര്‍ രക്ഷപ്പെട്ടു എന്നാണ് ഐഎസ് അവകാശപ്പെടുന്നത്. മോസ്‌കോയിലെ ഏറ്റവും പ്രിദ്ധമായ കോണ്‍സര്‍ട്ട് ഹാളാണ് കൊക്കസ് സിറ്റി ഹാള്‍. 6,200 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഹാളാണ് ഇത്.