ഇന്ത്യയ്ക്കെതിരെ ആക്രമണം അഴിച്ചുവിട്ട നിരവധി ഭീകരരെ വിദേശ മണ്ണിൽ അജ്ഞാതരായ അക്രമികൾ കൊലപ്പെടുത്തുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ്. അടുത്തിടെ, കാനഡയിലെ ഖലിസ്ഥാൻ നേതാക്കളായ ഹർദീപ് സിങ് നിജ്ജർ, സുഖ്ദൂൽ സിങ് എന്നിവരുടെ കൊലപാതകങ്ങൾ വാർത്തകളിൽ ഇടം നേടിയതോടെയാണ് മറ്റ് ഭീകരരുടെ മരണങ്ങളും ചർച്ചയാകുന്നത്.
ജൂൺ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ അജ്ഞാതരുടെ വെടിയേറ്റാണ് നിജ്ജർ മരിച്ചത്. പിന്നാലെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചു. ഇതോടെയാണ് ഇന്ത്യയും കാനഡയും തമ്മിലുണ്ടായിരുന്ന ബന്ധം വഷളാകുന്നത്.
എന്നാൽ ഇന്ത്യയ്ക്കെതിരെ ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഒരാൾ വിദേശ രാജ്യത്ത് കൊല്ലപ്പെടുന്നത് ഇതാദ്യമല്ല. 1999ൽ കാഠ്മണ്ഡുവിലേക്ക് പോയ ഇന്ത്യൻ എയർലൈൻസ് 814 വിമാനം റാഞ്ചിയവരിൽ ഒരാളായ സഹൂർ മിസ്ത്രി കഴിഞ്ഞ വർഷം കറാച്ചിയിൽ വച്ച് വെടിയേറ്റ് മരിച്ചിരുന്നു. ഇന്ത്യയിലെ മൂന്ന് ഇസ്ലാമിക ഭീകരരെ മോചിപ്പിക്കാനാണ് വിമാനം റാഞ്ചിയത്.
300ലധികം പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ ഫ്‌ളൈറ്റ് 182 ബോംബ് സ്‌ഫോടനത്തിൽ കുറ്റവിമുക്തനാക്കപ്പെട്ട കാനഡ ആസ്ഥാനമായുള്ള ഭീകരനായിരുന്നു റിപുദമൻ സിങ് മാലിക്. 2022 ജൂലൈയിൽ കാനഡയിൽ വച്ചാണ് ഇയാൾ വെടിയേറ്റ് മരിച്ചത്. പാകിസ്താന്റെ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ (ഐഎസ്ഐ) ഏജന്റും ഇന്ത്യയിൽ കള്ളനോട്ട് വിതരണക്കാരനുമായിരുന്ന ലാൽ മുഹമ്മദ് 2022 സെപ്റ്റംബറിലാണ് വെടിയേറ്റ് മരിക്കുന്നത്.
2021 ൽ പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് ആസ്ഥാനത്ത് റോക്കറ്റ് ആക്രമണം നടത്തിയ ഹർവിന്ദർ സിങ് സന്ധു 2022 നവംബറിൽ ലാഹോറിൽ മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെന്നാണ് മരിച്ചത്. ഇന്ത്യ ഏറ്റവും കൂടുതൽ ലക്ഷ്യമിട്ട ഭീകരരിൽ ഒരാളായിരുന്നു ഹിസ്ബുൾ മുജാഹിദീനുമായി ബന്ധമുള്ള ബഷീർ അഹമ്മദ് പീർ. 2023 ഫെബ്രുവരിയിൽ റാവൽപിണ്ടിയിൽ വച്ച് അജ്ഞാതരുടെ വെടിയേറ്റാണ് ഇയാൾ കൊല്ലപ്പെട്ടത്. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ബദർ എന്ന ഭീകര സംഘടനയുടെ കമാൻഡറായിരുന്നു സയ്യിദ് ഖാലിദ് റാസ. 2023 ഫെബ്രുവരിയിൽ റാവൽപിണ്ടിയിൽ വച്ച് ഇയാൾ വെടിയേറ്റ് മരിച്ചു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്ഐഎസ്) പ്രധാന കമാൻഡറായ ഇജാസ് അഹമ്മദ് അഹാങ്കർ ഫെബ്രുവരിയിൽ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടിരുന്നു. താലിബാൻ സേനയാണ് ഇയാളെ കൊലപ്പെടുത്തിയതെന്നു റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അത് സ്ഥിരീകരിക്കാനായില്ല. മാർച്ച് ആദ്യം പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുണ്ടായ വെടിവയ്പ്പിലാണ് ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസന്റെ (ഐഎസ്-കെ) കമാൻഡറായ സയ്യിദ് നൂർ ഷലോബർ മരിച്ചത്.
ഭീകര സംഘടനയായ ഖലിസ്ഥാൻ കമാൻഡോ ഫോഴ്‌സിന്റെ (കെസിഎഫ്) തലവൻ പരംജിത് സിങ് പഞ്ച്വാർ മെയ് ആറിനാണ് ലാഹോറിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. യുകെയിൽ താമസിച്ചിരുന്ന ഖലിസ്ഥാൻ അനുകൂല നേതാവ് അവതാർ സിങ് ഖണ്ഡ ജൂൺ 15ന് ബർമിങ്ഹാമിൽ വിഷബാധയേറ്റ് മരിച്ചു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനെ ആക്രമിക്കാൻ ഖാണ്ഡ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുണ്ട്.
ജൂൺ 18ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ വച്ചാണ് ഹർദീപ് സിങ് നിജ്ജാർ വെടിയേറ്റ് മരിച്ചത്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ നവാബ്ഷാ മേഖലയിൽ നിരോധിത ജമാഅത്ത് ഉദ് ദവയുടെയും ലഷ്‌കറെ ത്വയ്ബയുടെയും പ്രധാന അംഗമായ സർദാർ ഹുസൈൻ അരയ്‌നെതിരെ ആക്രമണം ഉണ്ടായി. ഓഗസ്റ്റ് അഞ്ചിന് ഇയാൾ മരിച്ചു. 2023 സെപ്തംബറിൽ പാക് അധിനിവേശ കശ്മീരിലെ റാവലകോട്ടിലെ പള്ളിയിൽ വച്ച് അജ്ഞാതനായ ഒരാൾ ലഷ്‌കർ ഇ ടി ഭീകരൻ അബു ഖാസിം കാശ്മീരി എന്ന റിയാസിനെ വെടിവച്ച് കൊന്നു.
കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാൻ ഭീകരനായിരുന്നു സുഖ്ദൂൽ സിങ് എന്ന സുഖ ദുനെകെ സെപ്റ്റംബർ 20 ന് വിന്നിപെഗിൽ വെടിയേറ്റ് മരിച്ചു. അദ്ദേഹത്തിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഗുണ്ടാസംഘമായ ലോറൻസ് ബിഷ്‌നോയ് ഗ്യാങ് ഏറ്റെടുത്തിരുന്നു.
ലഷ്‌കർ-ഇ-തൊയ്ബയുടെയും ഹിസ്ബുൾ മുജാഹിദീന്റെയും അറിയപ്പെടുന്ന പ്രവർത്തകൻ മൗലാന സിയാവുർ റഹ്മാൻ ഈ മാസം ആദ്യം കറാച്ചിയിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. സെപ്തംബർ 30 ന് കറാച്ചിയിൽ ഒരു മത സ്ഥാപനത്തിന് സമീപത്ത് വച്ചാണ് പ്രമുഖ ലഷ്‌കർ ഇ ടി നേതാവായ ഹഫീസ് സയീദിന്റെ സഹായി മുഫ്തി ഖൈസർ ഫാറൂഖ് വെടിയേറ്റ് മരിച്ചത്.
കാനഡയിലും മറ്റ് രാജ്യങ്ങളിലും പാകിസ്താൻ ചാര ഏജൻസിയായ ഐഎസ്‌ഐ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ എങ്ങനെ സംഘടിപ്പിക്കുന്നു എന്നതിന് നിരവധി വെളിപ്പെടുത്തലുകൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പുറത്തുവിട്ടിരുന്നു.
കാനഡയിലെ ഖാലിസ്ഥാനി ഗ്രൂപ്പിന്റെ സഹായത്തോടെ ഐഎസ്‌ഐ പഞ്ചാബിൽ ഒന്നിലധികം മയക്കുമരുന്ന് കച്ചവടങ്ങൾ നടത്തുന്നുണ്ടെന്ന് വാദങ്ങളുണ്ടായി. വിദേശ മണ്ണിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള ഫണ്ടിന്റെ പ്രധാന സ്രോതസ്സ് ഇതാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ കണക്കാക്കുന്നു.