WORLD

ശബ്ദം ശല്യമാകുന്നെന്ന് പരാതിപ്പെട്ടു; ടെക്സസില്‍ അയല്‍വാസിയേയും കുടുംബത്തേയും വെടിവച്ച് കൊന്നു

വീടിന് പുറത്ത് തോക്കുപയോഗിച്ച് വെടിവച്ച് കളിക്കുകയായിരുന്ന ഒറോപേസയോട് കുഞ്ഞ് ഉറങ്ങുകയാണെന്നും ശബ്ദമുണ്ടാക്കരുതെന്നും അയല്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു

വെബ് ഡെസ്ക്

അമേരിക്കയിലെ ടെക്‌സസില്‍ വീണ്ടും വെടിവയ്പ്പ്. എട്ട് വയസുള്ള കുട്ടിയടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. വെടിയൊച്ച ശല്യമാവുന്നുവെന്ന് പരാതിപ്പെട്ട അയല്‍ക്കാരനേയും കുടുംബത്തേയുമാണ് ടെക്സസ് സ്വദേശി ഫ്രാന്‍സിസ്കോ ഒറോപേസ വെടിവച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. കൊലപാതകത്തിന് ശേഷം മദ്യപിച്ച് സംഭവ സ്ഥലത്ത് നിന്ന് മുങ്ങിയ ടെക്‌സസ് സ്വദേശി ഫ്രാന്‍സിസ്കോ ഒറോപേസയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അഞ്ച് കൊലപാതക കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

വീടിന് പുറത്ത് തന്റെ തോക്കുപയോഗിച്ച് വെടിയുതിര്‍ത്ത് കളിക്കുകയായിരുന്ന ഫ്രാന്‍സിസ്കോ ഒറോപേസയോട് കുഞ്ഞ് ഉറങ്ങുകയാണെന്നും ശബ്ദമുണ്ടാക്കരുതെന്നും അയല്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് തന്റെ വീടാണെന്നും ഇഷ്ടമുള്ളത് ചെയ്യുമെന്നുമായിരുന്നു പ്രതികരണം. ശേഷം ഒറോപേസ അയല്‍വീട്ടില്‍ ചെന്ന് എട്ട് വയസുള്ള കുട്ടിയെ അടക്കം അഞ്ചുപേരെ വെടിവച്ച് കൊല്ലുകയായിരുന്നു.

പ്രാദേശിക സമയം രാത്രി 11.30 ഓടെയാണ് കൊലപാതകങ്ങളുണ്ടായതെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരുടെയെല്ലാം കഴുത്തിലാണ് വെടിയേറ്റത്. വീട്ടിലുണ്ടായിരുന്ന 10 പേരില്‍ നാലുപേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആശുപത്രിയിലെത്തിച്ച ശേഷമാണ് എട്ട് വയസുള്ള കുട്ടി കൊല്ലപ്പെട്ടത്. ഹോണ്ടുറാസ് സ്വദേശികളാണ് കൊല്ലപ്പെട്ടവരെല്ലാം. കൊലപാതകിയായ ഫ്രാന്‍സിസ്കോ ഒറോപേസ മെക്‌സിക്കയില്‍ നിന്ന് യുഎസിലെത്തിയയാളാണ്. കുറ്റക്കാര്‍ക്കെതിരെ നിയമത്തിന്റെ മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്തണമെന്ന് ഹോണ്ടുറാസ് വിദേശകാര്യ മന്ത്രി എഡ്വേര്‍ഡോ എന്റിക് റീന ആവശ്യപ്പെട്ടു.

രണ്ട് സ്ത്രീകളുടെ മൃതദേഹം കിടന്നിരുന്നത് എട്ടുവയസുള്ള കുട്ടിയുടെ ശരീരത്തിന് മുകളിലായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതായിരുന്നു ഇതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

19 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ട ടെക്‌സാസിലെ പബ്ലിക് സ്‌കൂളില്‍ നടന്ന കൂട്ട വെടിവയ്പ്പിന് ഒരു വര്‍ഷത്തിനുള്ളിലാണ് അമേരിക്കയെ നടുക്കുന്ന അടുത്ത സംഭവം.

140 ലധികം കൂട്ടവെടിവയ്പ്പുകളാണ് ഈ വര്‍ഷം മാത്രം അമേരിക്കയില്‍ നടന്നത്. തോക്ക് നിയന്ത്രണത്തിനുള്ള ആഹ്വാനം പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയെങ്കിലും അതൊന്നും പ്രാബല്യത്തില്‍ വരുത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല.

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം

കലയും ചരിത്രാന്വേഷണവും

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live