തായ്‌വാനിലെയും ഇന്തോനേഷ്യയിലെയും ഷോകൾ റദ്ദാക്കി 'ദ 1975' ബ്രിട്ടിഷ് ബാൻഡ്. സംഗീതപരിപാടിക്കിടെ വേദിയില്‍ വച്ച് ബാന്‍ഡ്‌മേറ്റിനെ മുഖ്യഗായകൻ ചുംബിച്ചതിന് പിന്നാലെ ബാൻഡിനെ മലേഷ്യയില്‍ നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുൻപ് നിശ്ചയിച്ചിരുന്ന ഷോകൾ റദ്ദാക്കിയതായി ബാൻഡ് അംഗങ്ങൾ അറിയിച്ചത്.
സ്വവർഗ ലൈംഗികതയ്ക്കെതിരെ മലേഷ്യയിൽ നിലനിൽക്കുന്ന ശക്തമായ നിയമത്തിൽ പ്രതിഷേധിച്ചാണ് ബാൻഡിലെ മുഖ്യ ഗായകൻ മാറ്റി ഹീലി, ബാസ് ഗിറ്റാറിസ്റ്റായ റോസ് മക്ഡൊണാൾഡിനെ വേദിയിൽ ചുംബിച്ചത്. പിന്നാലെ, വാരാന്തത്തിൽ ക്വാലാലംപൂരിൽ നടക്കുന്ന ദ ഗുഡ് വൈബ്സ് സംഗീതോത്സവം റദ്ദാക്കുകയും ദ 1975 നെ ബാൻഡ് നിരോധിക്കുകയും ചെയ്യുകയായിരുന്നു മലേഷ്യ. അതേസമയം 2019ൽ സ്വവർഗവിവാഹം അനുവദിക്കുന്നതുൾപ്പെടെ എൽജിബിടിക്യു അവകാശങ്ങളെല്ലാമുള്ള തായ്‌വാനിൽ ജൂലൈ 25ന് നടക്കാനിരുന്ന ഷോ റദ്ദാക്കിയതിന്റെ കാരണം ബാൻഡ് വ്യക്തമായിട്ടില്ല.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ ഇന്നാണ് ബാൻഡിന്റെ പരിപാടി നടക്കേണ്ടിയിരുന്നത്. ജക്കാർത്തയിൽ സ്വവർഗലൈംഗികത നിഷിദ്ധമായ വിഷയമാണെങ്കിലും നിയമവിരുദ്ധമല്ല. ഇസ്ലാം നിയമാനുസൃതമായി ഭരിക്കുന്ന ആഷെ പ്രവിശ്യയിൽ മാത്രമാണ് സ്വവർഗലൈംഗികത നിയമവിരുദ്ധമായിട്ടുള്ളത്.
ഇതാദ്യമായല്ല സ്വവർഗ ലൈംഗികതയ്ക്കെതിരെയുള്ള നിയമങ്ങളിൽ ഹീലി പരസ്യമായി എതിർപ്പ് പ്രകടിപ്പിക്കുന്നത്. കടുത്ത എൽജിബിടിക്യു വിരുദ്ധ നിയമങ്ങളുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ 2019ൽ നടന്ന സംഗീത പരിപാടിയിൽ ഒരു പുരുഷ ആരാധകനെ ചുംബിച്ചുകൊണ്ടായിരുന്നു ഹീലിയുടെ പ്രതിഷേധം.
ഹീലിയുടെ പ്രവൃത്തികൾ മര്യാദയില്ലാത്തതാണെന്നായിരുന്നു മലേഷ്യൻ കമ്മ്യൂണിക്കേഷൻസ്, ഡിജിറ്റൽ മന്ത്രി ഫാമി ഫഡ്‌സിലിന്റെ പ്രതികരണം. മലേഷ്യൻ നിയമങ്ങളെ വെല്ലുവിളിക്കുകയോ ഇകഴ്ത്തുകയോ ലംഘിക്കുകയോ ചെയ്യുന്ന ആളുകൾക്ക് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സംഗീതപരിപാടി റദ്ദാക്കിയതിനെക്കുറിച്ച് ഇന്തോനേഷ്യൻ സർക്കാരും ഫെസ്റ്റിവൽ സംഘാടകരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
സംഭവം മലേഷ്യയിലെ എൽജിബിടിക്യു കമ്മ്യൂണിറ്റിയിലെ അംഗങ്ങളെയും ചൊടിപ്പിച്ചിരുന്നു. ഹീലിയുടെ പ്രവൃത്തി എൽജിബിടിക്യു വ്യക്തികളെ കൂടുതൽ കളങ്കപ്പെടുത്തുമെന്നും അവർക്ക് നേരെയുള്ള വിവേചനം വർധിക്കുമെന്നുമായിരുന്നു അവരുടെ പ്രതികരണം.
ഇസ്ലാമിക സംഘടനകളുടെ എതിർപ്പ് കാരണം എൽജിബിടിക്യു വിഭാഗവുമായി ബന്ധപ്പെട്ട് ഇന്തോനേഷ്യയിൽ നടക്കാനിരുന്ന ഇവന്റുകൾ മുൻപും റദ്ദാക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ അമേരിക്കയിലെ എൽജിബിടിക്യു വിഭാഗത്തിൽ നിന്നുള്ള ഒരു പ്രമുഖ വ്യക്തിയുടെ സന്ദർശനവും തെക്കുകിഴക്കൻ ഏഷ്യയിലെ എൽജിബിടിക്യു ഇവന്റും ഇതിലുൾപ്പെടുന്നു.