WORLD

രണ്ട് രാജ്യങ്ങളെ പിടിച്ചുലച്ച ദുരന്തം: തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പത്തിന് വഴിവച്ചത് എന്ത്?

ഭൂകമ്പത്തിന് അലയൊലികള്‍ അവസാനിക്കുന്നില്ലെന്നും അത് അടുത്ത ദിവസങ്ങളില്‍ വീണ്ടും സംഭവിക്കാമെന്നുമാണ് വിദഗ്ധരുടെ അനുമാനം

വെബ് ഡെസ്ക്

തുര്‍ക്കിയേയും സിറിയയേയും പിടിച്ചുലച്ച ഭൂകമ്പത്തില്‍ മരണം 6000 കടന്നു. ഇപ്പോഴും നിരവധിയാളുകള്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍പ്പെട്ട് കിടക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്.

വ്യാപ്തി എത്രത്തോളം?

അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം സിറിയയുടെ വടക്കന്‍ അതിര്‍ത്തിക്കടുത്തുള്ള തെക്കന്‍ തുര്‍ക്കിയിലാണ് ഭൂചലനമുണ്ടായത്. 11 മൈല്‍ (18 കിലോമീറ്റര്‍) ആണ് ദുരന്തബാധിത പ്രദേശം. റിക്ടര്‍ സ്‌കെയിലില്‍ കുറഞ്ഞത് 5 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പത്തിന് ശേഷം 11 മണിക്കൂറിനുള്ളില്‍ തുടര്‍ച്ചയായി 13 ഭൂകമ്പങ്ങളാണ് ഇതേ പ്രദേശത്തുണ്ടായതെന്നാണ് ജിയോളജിക്കല്‍ സര്‍വേ പുറത്തു വിട്ട റിപ്പോര്‍ട്ട്. ആദ്യം ഉണ്ടായ ഭൂകമ്പത്തിന് ഒന്‍പത് മണിക്കൂറിന് ശേഷം റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയായിരുന്നു സിറിയയിലെ അടുത്ത ഭൂകമ്പം. വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് ഭൂകമ്പങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് ജിയോളജിസ്റ്റികള്‍ വ്യക്തമാക്കുന്നത്. ഭൂകമ്പത്തിന് അലയൊലികള്‍ അവസാനിക്കുന്നില്ലെന്നും അത് അടുത്ത ദിവസങ്ങളില്‍ വീണ്ടും സംഭവിക്കാമെന്നുമാണ് വിദഗ്ധരുടെ അനുമാനം.

ഗവേഷകരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സ്‌ട്രൈക്ക്-സ്ലിപ്പ് ഭൂകമ്പമാണ് തുര്‍ക്കിയിലും സിറിയയിലുമായി നടന്നിരിക്കുന്നത്

ഭൂകമ്പത്തിന്റെ സ്വഭാവം

ഗവേഷകരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സ്‌ട്രൈക്ക്-സ്ലിപ്പ് ഭൂകമ്പമാണ് രണ്ട് രാജ്യങ്ങളിലുമായി ഉണ്ടായത്. രണ്ട് ടെക്റ്റോണിക് പ്ലേറ്റുകള്‍ ലംബമായി മാറുന്നതിന് പകരം തിരശ്ചീനമായി പരസ്പരം വ്യതിചലിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഭൂമിയുടെ പുറംതോടുണ്ടാക്കുന്ന ഭാഗങ്ങളാണ് ടെക്‌റ്റോണിക് പ്ലേറ്റുകള്‍, കൂറ്റന്‍ ഖര ശിലാഫലകങ്ങള്‍ ഒരുമിച്ച് സ്ഥിതിചെയ്യുന്നതാണ് ഇവ . പൊതുവെ അംഗീകരിക്കപ്പെട്ട ശാസ്ത്രീയ സിദ്ധാന്തത്തില്‍, ഈ പ്ലേറ്റുകള്‍ കഴിഞ്ഞ 3.4 ബില്യണ്‍ വര്‍ഷങ്ങളായി ചലിച്ചുകൊണ്ടിരിക്കുകയാണ്.

അത്തരത്തിലുള്ള രണ്ട് ടെക്‌റ്റോണിക് പ്ലേറ്റുകള്‍ മുകളിലേക്കും താഴേക്കും പോകുന്നതിനുപകരം പരസ്പരം വശങ്ങളിലേക്ക് നീങ്ങുമ്പോള്‍, അതിനെ സ്‌ട്രൈക്ക്-സ്ലിപ്പ് ഭൂകമ്പം എന്ന് വിളിക്കുന്നു. സ്‌ട്രൈക്ക്-സ്ലിപ്പ് ഭൂകമ്പത്തില്‍, ലംബമായ സ്ഥിതി ചെയ്യുന്ന പ്ലേറ്റുകള്‍ പരസ്പരം വ്യതിചലിക്കുന്നതിന്റെ ഭാഗമായി പ്ലേറ്റുകളില്‍ ഒന്ന് തിരശ്ചീനമായി തെന്നി വീഴുന്നതുവരെ സമ്മര്‍ദമുണ്ടാകും. ഇത് ഭൂകമ്പത്തിന് കാരണമാകുന്നു.

ഭൂകമ്പ ബാധിത പ്രദേശത്താണോ നിലവില്‍ ഭൂകമ്പം ഉണ്ടായിരിക്കുന്നത്?

1970 മുതല്‍ ചുരുങ്ങിയത് ആറ് മാഗ്നിറ്റിയൂഡ് വ്യാപ്തിയില്‍ മൂന്ന് തവണയെങ്കിലും പ്രദേശത്ത് ഭൂകമ്പം ഉണ്ടായിട്ടുണ്ടെന്നാണ് അമേരിക്കയുടെ ജിയോളജി സര്‍വേ വ്യക്തമാക്കുന്നത്. 2020 ലായിരുന്നു പ്രദേശം ഏറ്റവും വലിയ ഭൂകമ്പത്തിന് സാക്ഷിയായത്. ഈസ്റ്റ് അനറ്റോലിയന്‍ ഫോള്‍ട്ട് സോണ്‍ എന്നറിയപ്പെടുന്ന, ഭൂകമ്പം സജീവമായ പ്രദേശത്താണ് നിലവില്‍ ഭൂചലനം ഉണ്ടായിരിക്കുന്നത്. 2020 ജനുവരിയില്‍ തുര്‍ക്കിയില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാജ്യത്ത് വലിയ പ്രതിസന്ധിയായിരുന്നു സൃഷ്ടിച്ചിരുന്നത്. 1999-ല്‍ ഇസ്താംബൂളിന് സമീപം 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 18,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇത്ര പ്രകമ്പനം സൃഷ്ടിക്കാൻ കാരണമെന്ത്?

സംഭവിച്ച ഭൂകമ്പത്തിന്റെ വ്യാപ്തി വളരെ വലുതാണ്. സാധാരണ ഇത്തരത്തിലുള്ള ഭൂകമ്പങ്ങള്‍ വെള്ളത്തിനടിയിലാണ് ഉണ്ടാകാറുള്ളതെന്നാണ് ബ്രിട്ടീഷ് ജിയോളജി സര്‍വേയിലെ ഭൂകമ്പ നിരീക്ഷക സെഗോ വ്യക്തമാക്കുന്നത്. തുര്‍ക്കിയിലെ ഏറ്റവും വലിയ ജനവാസ മേഖലകളിലാണ് സംഭവം നടന്നിരിക്കുന്നത് എന്നതാണ് ഭൂകമ്പത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നത്. തുര്‍ക്കിയിലെ പ്രധാന നഗരവും പ്രവിശ്യാ തലസ്ഥാനവുമായ ഗാസിയാന്‍ടെപ്പിന് സമീപമാണ് പ്രഭവകേന്ദ്രം. ബാധിത പ്രദേശങ്ങള്‍ ദുര്‍ബലമായ കെട്ടിടങ്ങളുടെ ആവാസ കേന്ദ്രമാണെന്നും യുഎസ്ജിഎസ് സ്ട്രക്ചറല്‍ എഞ്ചിനീയര്‍ കിഷോര്‍ ജയ്സ്വാള്‍ പറഞ്ഞു.

1970 മുതല്‍ ചുരുങ്ങിയത് ആറ് മാഗ്നിറ്റിയൂഡ് വ്യാപ്തിയില്‍ മൂന്ന് തവണയെങ്കിലും പ്രദേശത്ത് ഭൂകമ്പം ഉണ്ടായിട്ടുണ്ടെന്നാണ് അമേരിക്കയുടെ ജിയോളജി സര്‍വേ വ്യക്തമാക്കുന്നത്

ഇസ്താംബുള്‍ പോലുള്ള നഗരങ്ങളിലെ പുതിയ കെട്ടിടങ്ങള്‍ ആധുനിക ഭൂകമ്പ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെങ്കില്‍, തെക്കന്‍ തുര്‍ക്കിയിലെ ഈ പ്രദേശത്ത് നിരവധി പഴയ ബഹുനില കെട്ടിടങ്ങളുണ്ട്. സിറിയയിലെ ദ്രുതഗതിയിലുള്ള നിര്‍മാണം കൂടാതെ വര്‍ഷങ്ങളായുള്ള യുദ്ധങ്ങളും കെട്ടിടങ്ങളുടെ ഘടനയെ ദുര്‍ബലമാക്കിയിരിക്കാമെന്നും ഗവേഷകര്‍ പറയുന്നു. തണുത്തുറഞ്ഞ താപനിലയും ഭൂകമ്പ ബാധിത പ്രദേശങ്ങള്‍ വിട്ടുപോകാന്‍ ശ്രമിക്കുന്ന താമസക്കാര്‍ സൃഷ്ടിക്കുന്ന ഗതാഗത കുരുക്കും രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നു.

ഭൂകമ്പങ്ങള്‍ സാധാരണമാണ്, പക്ഷേ ഇന്നും അവ പ്രവചനാതീതമായ ഏറ്റവും സാധാരണമായ പ്രകൃതി ദുരന്തമായി തുടരുന്നു

പ്രവചനാതീതമായി തുടരുന്ന പ്രതിഭാസം

ഭൂകമ്പങ്ങള്‍ സാധാരണമാണ്, പക്ഷേ ഇന്നും അവ പ്രവചനാതീതമായ ഏറ്റവും സാധാരണമായ പ്രകൃതി ദുരന്തമായി തുടരുന്നു. ഭൂകമ്പത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സഹായിക്കുന്ന മുന്നറിയിപ്പ് സംവിധാനങ്ങളൊന്നും നിലവില്‍ ഇല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ കഴിയില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഭൂകമ്പത്തിന്റെ ഉത്ഭവ സമയത്തിനും അത് ഭൂമിയുടെ ഉപരിതലത്തില്‍ എത്തുന്ന സമയത്തിനും ഇടയില്‍ കുറച്ച് സെക്കന്‍ഡുകളുടെ സമയം മാത്രമാണുള്ളത്.

ഭൂകമ്പ തരംഗങ്ങള്‍ക്ക് പ്രകാശത്തിന്റെ വേഗത കുറവാണ്. 2014 സെക്കന്‍ഡില്‍ 5 മുതല്‍ 13 കിലോമീറ്റര്‍ വരെ വേഗതയിലാണ് ഭൂകമ്പ തരംഗങ്ങള്‍ സഞ്ചരിക്കുന്നത്. അതിനാല്‍, ഭൂകമ്പമുണ്ടായ ഉടന്‍ തന്നെ അത് കണ്ടെത്തിയാല്‍, ഭൂമിയിലെത്തുന്നതിന് കുറച്ച് നിമിഷങ്ങള്‍ക്ക് മുന്‍പ് മുന്നറിയിപ്പ് നല്‍കാന്‍ സാധിക്കും. ഭൂകമ്പ സാധ്യതയുള്ളതും ഭാവിയില്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ പ്രദേശങ്ങള്‍ മാപ്പ് ചെയ്യാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞെങ്കിലും, വ്യക്തമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇതുവരെ രൂപീകരിച്ചിട്ടില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ