ഈഫൽ ടവർ 
WORLD

ഇറാനുവേണ്ടി ഈഫൽ പ്രകാശിച്ചപ്പോൾ; പ്രതിഷേധക്കാർക്ക് പിന്തുണയറിച്ച് ഫ്രഞ്ച് ജനത

വെബ് ഡെസ്ക്

ഇറാന്റെ തെരുവിൽ പ്രതിഷേധിക്കുന്ന സ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഈഫൽ ടവറിൽ ദീപം തെളിച്ചു. സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ് ജനങ്ങൾ പ്രതിഷേധവുമായെത്തിയത്. ഇറാൻ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ച് 12,000-ത്തോളം പേരാണ് കഴിഞ്ഞ ദിവസം കിഴക്കൻ ഫ്രഞ്ച് നഗരമായ സ്ട്രാസ്ബർഗിലെ യൂറോപ്യൻ യൂണിയൻ പാർലമെന്റിലേക്ക് മാർച്ച് നടത്തിയത്. ഇറാനിലെ വധശിക്ഷ നിർത്തുക എന്ന ആവശ്യമുയർത്തിയാണ് പ്രതിഷേധക്കാർ ഈഫൽ ടവറിൽ ഒത്തുകൂടിയത്.

ഈഫൽ ടവർ

നാല് മാസം മുൻപ് 22കാരിയായ മഹ്‌സ അമിനിയുടെ മരണത്തെത്തുടർന്നാണ് ഇറാനിൽ പ്രതിഷേധങ്ങൾ തുടങ്ങുന്നത്.ഇതിന് പിന്നാലെ ഇറാന്റെ 13 പ്രവിശ്യകളിലേക്കും ഏറെക്കുറെ എല്ലാ നഗരകേന്ദ്രങ്ങളിലേക്കും പ്രതിഷേധം പടർന്നു. പൊതുമധ്യത്തിൽ ഹിജാബുകൾ ഊരിയെറിഞ്ഞും, മതപരമായ വസ്ത്രങ്ങൾ തീയിട്ടും സർക്കാർവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് ഇറാൻ ജനത പ്രതിഷേധം നടത്തി വന്നിരുന്നത്. മഹ്‌സയുടെ മരണത്തിന് പിന്നാലെ ഇറാനിലെ 'സദാചാര പോലീസി'നും ഭരണകൂടത്തിനുമെതിരെയാണ് ശക്തമായ പ്രതിഷേധം അണപൊട്ടിയിരുന്നത്. മരണാനന്തരം അമിനിയെ ഒരു ഓണററി പൗരയായി ഒക്ടോബറിൽ പാരീസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ, പ്രതിഷേധക്കാരെ പരസ്യമായി വധശിക്ഷയ്ക്ക് വിധേയമാക്കാനും ഭരണകൂടം മടിച്ചില്ല. ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ വിധിക്കുന്ന രാജ്യം ഇറാനാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നു.

കഴിഞ്ഞ ദിവസം ഈഫൽ ടവറിൽ ദീപം തെളിച്ചത് അവർക്കുള്ള ആദരാഞ്ജലിയാണെന്നും, ഇറാൻ ഭരണകൂടത്തിന്റെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പ്രതിഷേധിക്കുന്നവർക്കുളള ആദരമാണെന്നും പാരീസ് സിറ്റി ഹാൾ പറഞ്ഞു. ചാരവൃത്തി ആരോപിച്ച് ബ്രിട്ടീഷ്-ഇറാൻ പൗരനെ വധിച്ച സംഭവത്തിൽ ഫ്രാൻസ് കഴിഞ്ഞയാഴ്ച ഇറാന്റെ ഉന്നത നയതന്ത്രജ്ഞനെ വിളിച്ചുവരുത്തിയിരുന്നു. ഇറാന്റെ റവല്യൂഷണറി ഗാർഡ് കോർപ്സിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും യൂറോപ്യൻ യൂണിയൻ ഇറാനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. 2019ൽ ഐആർജിസിയെ വിദേശ ഭീകരസംഘടനയായി യുഎസ് പ്രഖ്യാപിച്ചിരുന്നു.

ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ ഒരു ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറിലധികം എംഇപിമാർ കഴിഞ്ഞയാഴ്ച യൂറോപ്യൻ യൂണിയന്റെ വിദേശകാര്യ ഉന്നത പ്രതിനിധിയായ ജോസെപ് ബോറെലിന് കത്തയച്ചിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക്കിലെ പ്രതിഷേധങ്ങൾക്കും വധശിക്ഷകൾക്കുമെതിരെ ഈ ആഴ്ച യൂറോപ്യൻ യൂണിയനുമായി ചർച്ച ചെയ്യാൻ യൂറോപ്യൻ പാർലമെന്റിന്റെ പ്ലീനറി സെഷൻ വിളിച്ചിരുന്നു. വ്യാഴാഴ്ച നടക്കാൻ പോകുന്ന ഒരു നോൺ-ബൈൻഡിംഗ് പ്രമേയത്തിന്റെ വോട്ടെടുപ്പിലൂടെ ഗാർഡിനെ യൂറോപ്യൻ യൂണിയന്റെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കമാണ് പ്രതിഷേധക്കാർ കണക്ക് കൂട്ടുന്നത്. ഇറാനിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെയുള്ള യൂറോപ്യൻ യൂണിയന്റെ ഉപരോധനീക്കങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഡച്ച് വിദേശകാര്യ മന്ത്രി വോപ്കെ ഹോക്‌സ്ട്രായും രംഗത്തെത്തിയിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?