ഷി ജിന്‍പിങ് 
WORLD

സംശയിക്കേണ്ട, ഷി തന്നെ ഭരിക്കും അടുത്ത 10 വർഷം

ചൈനീസ് നയതന്ത്ര വിദഗ്ധനും അമേരിക്കയിൽ അധ്യാപകനും ഗവേഷകനുമായ യാങ് ഷാങ് ചൈനയിലെ രാഷ്ട്രീയ സ്ഥിതികൾ ദ ഫോർത്തിന് വേണ്ടി വിശകലനം ചെയ്യുന്നു

യാങ് ഷാങ്

സാമൂഹ്യ മാധ്യമങ്ങളിലെ അഭ്യൂഹങ്ങള്‍ക്കപ്പുറം എന്താണ് ചൈനയിലെ രാഷ്ട്രീയ സാഹചര്യം? രാജ്യം സ്ഥാപക ദിനാഘോഷത്തിനും ഇരുപതാമത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിനുമായി തയ്യാറെടുക്കുമ്പോള്‍ പ്രസിഡന്റ് ഷി ജിന്‍പിങ് ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ടോ? ഇല്ലെന്ന് മാത്രമല്ല അടുത്ത പത്ത് പതിനഞ്ച് വര്‍ഷത്തേക്ക് കൂടി ജിന്‍പിങ് ചൈനയെ ഭരിക്കാനാണ് എല്ലാ സാധ്യതകളും.

ജിന്‍പിങ് മൂന്നാം തവണയും അധികാരത്തിലേറുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. അദ്ദേഹത്തിന്റെ പകരക്കാരനായി പ്രധാനമന്ത്രി ലി കെചിയാങ് വരുമെന്ന ചിന്തകള്‍ക്ക് പോലും സ്ഥാനമില്ല. 2002ല്‍ ജിയാങ് സെമിനെ പോലെ ജിന്‍പിങ് വിരമിക്കുമോയെന്ന സംശയത്തിനും ഇടയില്ല. രാഷ്ട്രീയ-ഭരണ അട്ടിമറിയെന്ന അഭ്യൂഹങ്ങള്‍ക്ക് ചെവികൊടുക്കേണ്ടതേയില്ല. ചൈനയില്‍ അധികാരമെല്ലാം ജിന്‍പിങ്ങിലേക്ക് കേന്ദ്രീകരിക്കുന്നതിനെക്കുറിച്ച്, ആറ് വര്‍ഷം മുന്‍പേ ഞാനും സഹപ്രവര്‍ത്തകനും വാഷിംഗ്‌ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ പ്രവചിച്ചിരുന്നു.

ജിന്‍പിങ്ങിന് ഇപ്പോള്‍ 69 വയസാണ്. അടുത്തൊരു പത്തുപതിനഞ്ച് കൊല്ലം കൂടി അദ്ദേഹം ചൈന ഭരിച്ചേക്കും. അതിനാല്‍ ഇപ്പോള്‍ ഒരു പിന്‍ഗാമിയെ അദ്ദേഹത്തിന് കണ്ടെത്തേണ്ട ആവശ്യമില്ല

ജിന്‍പിങ്ങിന്റെ പിന്‍ഗാമി

ജിന്‍പിങ്ങിന് ഇപ്പോള്‍ 69 വയസാണ്. അടുത്തൊരു പത്തുപതിനഞ്ച് കൊല്ലം കൂടി അദ്ദേഹം ചൈന ഭരിച്ചേക്കും. അതിനാല്‍ ഇപ്പോള്‍ ഒരു പിന്‍ഗാമിയെ അദ്ദേഹത്തിന് കണ്ടെത്തേണ്ട ആവശ്യമില്ല. അത്തരമൊരു നിര്‍ദേശം മുന്നോട്ടുവെക്കാന്‍ ആരെങ്കിലും ധൈര്യപ്പെടുമെന്നും തോന്നുന്നില്ല. അങ്ങനെ നോക്കിയാല്‍, അദ്ദേഹത്തിന്റെ പിന്‍ഗാമിയാകേണ്ടയാള്‍ ഇപ്പോള്‍ ഒരു മിഡില്‍ റാങ്ക് ഓഫീസര്‍ ആയിരിക്കും.

പ്രായപരിധി സംബന്ധിച്ച നിയമങ്ങള്‍ ജിന്‍പിങ്ങിനെയും ബാധിക്കില്ലേ എന്നതൊരു ചോദ്യമാണ്. ഭാഗികമായെങ്കിലും അതില്‍ കാര്യമുണ്ട്. എന്നാല്‍, പ്രായപരിധി ഒരിക്കലും സ്ഥാപനവത്കരിച്ചിട്ടില്ല. ആ മാനദണ്ഡം സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്നതാണ്. അഞ്ച് വര്‍ഷം മുന്‍പ്, 67 വയസിനു താഴെയുള്ള മൂന്ന് പോളിറ്റ് ബ്യൂറോ അംഗങ്ങളെ പുറത്താക്കിയിരുന്നു. അതെ സമയം തന്നെ 70 വയസുള്ള വാങ് ക്വിഷാന്‍ വൈസ് പ്രസിഡന്റ് ആയി അവരോധിക്കപ്പെട്ടു.

പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ പ്രധാനമന്ത്രി ലി കെചിയാങ് തുടരുമോ എന്നതാണ് ഉത്തരം തേടുന്ന അടുത്ത പ്രസക്തമായ ചോദ്യം. ഉപ പ്രധാനമന്ത്രി ഹു ചുന്‍ഹുവ ലിയുടെ പകരക്കാരനാകുമോ എന്നും ചോദ്യം ഉയരുന്നുണ്ട്. എന്നാല്‍, യൂത്ത് ലീഗില്‍ അവശേഷിക്കുന്ന രണ്ടുപേരും സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഉണ്ടാകാന്‍ സാധ്യത ഇല്ലെന്നാണ് ഞാൻ മനസിലാക്കുന്നത്.

ജിന്‍പിങ് പക്ഷക്കാര്‍ മാത്രമുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി

ലി വിരമിക്കുകയും ഹു ജിന്റാവോയ്ക്ക് സീറ്റ് ലഭിക്കാതിരിക്കുകയും ചെയ്താല്‍, പുതുതായി സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ എത്തുന്ന മൂന്നുപേരും ജിന്‍പിങ് പക്ഷക്കാരായിരിക്കും. ചായ് ഷി (ബീജിങ്), ലി ക്വിചാങ് (ഷാങ്ഹായ്), ചെന്‍ മിനെര്‍ (ചോങ്ക്വിങ്), ഡിങ് ഷുവെഷിയാങ് (സെന്‍ട്രല്‍ ഓഫീസ്) എന്നിവരാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കു സാധ്യതയുള്ള നാലുപേര്‍.

പുതിയ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പിനും ഒക്ടോബറിലെ പാർട്ടി കോൺഗ്രസ് സാക്ഷ്യം വഹിക്കും. നിലവിലെ ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സ് (സിപിപിസിസി) ചെയര്‍മാന്‍ വാങ് യാങിനാണ് ഏറ്റവുമധികം സാധ്യത കല്പിക്കപ്പെടുന്നത്. 2013-2018ല്‍ ഉപ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. സ്റ്റേറ്റ് കൗണ്‍സിലിന് സ്വീകാര്യനുമാണ് വാങ് യാങ്. ചൈനീസ് ഭരണകൂടത്തിന്റെ രാഷ്ട്രീയ ഉപദേശക സമിതിയും പാര്‍ട്ടിയുടെ ഏകീകൃത മുന്നണി സംവിധാനത്തിന്റെ കേന്ദ്ര ഘടകവുമാണ് സിപിപിസിസി.

ജിന്‍പിങ് അനുയായികള്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ ഭിന്നത തുടങ്ങിയിട്ടുണ്ട്. അത് അതിവേഗം രൂക്ഷമായേക്കാം

ഐക്യവും അനൈക്യവും

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കില്‍, ജിന്‍പിങ്ങിന്റെ ഭരണത്തിന് കീഴില്‍ എല്ലാം 'തികഞ്ഞ' ഐക്യത്തിലായിരിക്കുമോ? തീര്‍ത്തും ഇല്ല എന്നുതന്നെ പറയാം. ജിന്‍പിങ് അനുയായികള്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ ഭിന്നത തുടങ്ങിയിട്ടുണ്ട്. അത് അതിവേഗം രൂക്ഷമായേക്കാം. മാവോ സെ തുങ്ങിന്റെയോ ഡെംഗ് സിയാവോ പിങ്ങിന്റെയോ കീഴില്‍ തികഞ്ഞ ഐക്യം ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ജിന്‍പിങ്ങിന്റെ കീഴിലും അത് പ്രതീക്ഷിക്കേണ്ടതില്ല.

വരേണ്യവര്‍ഗമോ വിമതരോ ജിന്‍പിങ്ങിനെ വെല്ലുവിളിക്കാന്‍ സാധ്യതകളുണ്ടോയെന്ന ചോദ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്. 1989ന് മുന്‍പുള്ള കിഴക്കന്‍ ജര്‍മ്മനിയെപ്പോലെ വരേണ്യവര്‍ഗത്തിന്റെ ചെറുത്തുനില്‍പ്പിനുള്ള സാധ്യത ചൈനയില്‍ ഉണ്ടെന്ന് പറയാം. ജിന്‍പിങ്ങിന്റെ കോവിഡ് നയത്തിനെതിരെ ജനകീയ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. എന്നാല്‍ 1989ലേതിന് സമാനമായ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല.

പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം ചൈനയുടെ സീറോ കോവിഡ് നയം അവസാനിക്കുമോ എന്നതാണ് ഉത്തരം തേടുന്ന മറ്റൊരു ചോദ്യം. അത്ര പെട്ടെന്ന് അതുണ്ടാകില്ല. പെട്ടെന്ന് കോവിഡ് നയം പിന്‍വലിക്കുന്നത്, അതിവേഗം രോഗബാധ വര്‍ധിക്കാനും രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്കും കാരണമാകും. എന്നാല്‍, 2023 മാര്‍ച്ചില്‍ പുതിയ സര്‍ക്കാരിന്റെ നാളുകളില്‍ നിയന്ത്രണം കുറയ്ക്കുന്നതിന് തുടക്കമിട്ടേക്കും.

ഷി അനന്തര കാലം

തീര്‍ച്ചയായും. മാവോയ്ക്ക് ശേഷമുള്ള കാലഘട്ടം പോലെ, ഷി ജിന്‍പിങ്ങിന് ശേഷമുള്ള കാലഘട്ടം അവസരത്തിന്റെ വാതായനം തുറക്കും. പക്ഷേ, ജിന്‍പിങ്ങിന്റെ അധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടുവരാന്‍ ആര്‍ക്കും പെട്ടെന്ന് കഴിഞ്ഞെന്നുവരില്ല. ജിന്‍പിങ്ങിന്റെ സ്വേച്ഛാധിപത്യ ഭരണത്തിന്‍ കീഴില്‍ ജനങ്ങളുടെ പരാതികള്‍ വര്‍ധിച്ചേക്കാം. ജിന്‍പിങ്ങിനുശേഷം, നിയുക്ത പിന്‍ഗാമി ഇല്ലാതെയുള്ള അധികാര മാറ്റത്തിനുള്ള സാധ്യതകളുമുണ്ട്.

(ചൈനീസ് നയതന്ത്ര വിദഗ്ധനായ ലേഖകൻ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സര്‍വീസസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ്)

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ