WORLD

അഫ്ഗാൻ എംബസി പ്രവർത്തനം അവസാനിപ്പിക്കില്ല: അംബാസഡറുടെ പ്രസ്താവന തള്ളി കോൺസൽ ജനറൽമാർ

വെബ് ഡെസ്ക്

ഇന്ത്യയിലെ അഫ്‌ഗാൻ എംബസിയുടെ പ്രവർത്തനം അവസാനിപ്പിക്കില്ലെന്ന് അഫ്ഗാൻ കോൺസൽ ജനറൽമാർ. നയതന്ത്ര പിന്തുണ ലഭിക്കാത്തതിനാൽ ഡൽഹിയിലെ എംബസി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണെന്ന അംബാസഡർ ഫരീദ് മമുണ്ടസായിയുടെ പ്രസ്താവന തള്ളിയാണ് പ്രവർത്തനം തുടരുമെന്ന് കോൺസൽ ജനറൽമാർ അറിയിച്ചത്. ഡൽഹിയിലെ എംബസിയിൽ അംബാസഡറും താലിബാൻ ഭരണകൂടവും തമ്മിലുള്ള അധികാര തർക്കം മാസങ്ങളായി തുടരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവ വികാസങ്ങൾ .

"ഇന്ത്യൻ സർക്കാർ ന്യൂഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസി അടച്ചുപൂട്ടില്ല. രണ്ട് അഫ്ഗാൻ കോൺസുലേറ്റുകളും പ്രവർത്തനക്ഷമമായി തുടരും. ഫരീദ് മമുണ്ടസായിയുടെ വാദങ്ങൾ നിരാകരിക്കുന്നതിനോടൊപ്പം അദ്ദേഹത്തോട് തന്റെ പ്രസ്താവന വ്യക്തമാക്കാനും ആവശ്യപ്പെടുകയാണ്. അഫ്ഗാൻ നിയമങ്ങൾക്കും വിയന്ന കൺവെൻഷന്റെ വ്യവസ്ഥകൾക്കും അനുസൃതമായി അത്തരം പ്രവർത്തനങ്ങൾ അംബാസഡറുടെ പരിധിക്ക് പുറത്താണെന്ന് ഞങ്ങൾ അടിവരയിട്ട് പറയുന്നു, ”കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ പ്രസ്താവനയിൽ പറയുന്നു.

അഫ്ഗാൻ കോൺസൽ ജനറൽ സാകിയ വാർദാക്കും (മുംബൈ) ആക്ടിംഗ് കോൺസൽ ജനറൽ സയ്യിദ് മുഹമ്മദ് ഇബ്രാഹിംഖൈലും ഈ ആഴ്ച ആദ്യം വിദേശകാര്യ മന്ത്രാലയത്തിലെ (എംഇഎ) ഉദ്യോഗസ്ഥരുമായി വിപുലമായ കൂടിക്കാഴ്ചകൾ നടത്തിയതിന് ശേഷമാണ് പ്രസ്താവന ഇറക്കിയത്. ഇത് സംബന്ധിച്ച് ഫരീദ് മമുണ്ടസായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആതിഥേയ ഗവൺമെന്റിന്റെ പിന്തുണയില്ലാത്തതിനാൽ പ്രവർത്തനം അവസാനിപ്പിക്കുന്നതായി ഒക്ടോബർ 1 നാണ് അഫ്ഗാൻ എംബസി പ്രഖ്യാപിച്ചത്. മുംബൈയിലെയും ഹൈദരാബാദിലെയും മിഷനുകളുമായി കൂടിയാലോചിക്കാടെയാണ് മമുണ്ടസായി തീരുമാനം എടുത്തതെന്ന് കോൺസൽ ജനറൽമാരുടെ പ്രസ്താവനയിൽ പറയുന്നു. ''അദ്ദേഹം ആ സമയം ഇന്ത്യയിൽ ഉണ്ടായിരുന്നില്ല.അദ്ദേഹത്തിന്റെ തീരുമാനങ്ങൾ എംബസിക്കുള്ളിലെ വ്യക്തിപരവും ആഭ്യന്തരവുമായ കാര്യങ്ങളാൽ പ്രചോദിതമാണെന്നാണ് കരുതുന്നത്. എന്നാൽ അത് നയതന്ത്ര പ്രോട്ടോക്കോളുകളും സമ്പ്രദായങ്ങളും ലംഘിക്കുന്നു''- അവർ ചൂണ്ടിക്കാട്ടി. അംബാസഡർ ഫരീദ് മമുണ്ടസായി കഴിഞ്ഞ അഞ്ച് മാസമായി യുകെയിലാണ്.

കഴിഞ്ഞ ഏപ്രിലിൽ താലിബാൻ സർക്കാരിനെ ധിക്കരിച്ച് ഫരീദ് മമുണ്ടസായി അംബാസഡറായി ഓഫീസിൽ തുടർന്നതിനെ തുടർന്ന് ഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസിയിൽ അധികാര തർക്കം ഉടലെടുത്തിരുന്നു. മുണ്ടസായി കുടുംബത്തോടൊപ്പം ലണ്ടനിൽ ആയിരുന്നപ്പോൾ എംബസിയിലെ ചാർജ് ഡി അഫയറായി ഖാദിർ ഷായുടെ നിയമനം നടന്നിരുന്നു. എന്നാൽ മമുണ്ടസായി സ്ഥാനമൊഴിയാൻ തയ്യാറാകാതിരുന്നതിനാൽ പ്രതിസന്ധി രൂക്ഷമായി. താലിബാന് മുന്‍പുള്ള ഭരണകൂടം നിയമിച്ച അംബാസഡറാണ് ഫരീദ് മമുണ്ടസായി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും