പലസ്തീനിലെ ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന് ഇന്ത്യ. പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേലിന്റെ അനധികൃത സാന്നിധ്യം 12 മാസത്തിനകം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 193 അംഗ യുഎന്‍ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ നിന്നാണ് ഇന്ത്യ വിട്ടുനിന്നത്. പ്രമേയത്തിന് അനുകൂലമായി 124 വോട്ടും എതിര്‍ത്ത് 14 വോട്ടും ലഭിച്ചപ്പോൾ 43 രാജ്യങ്ങൾ വിട്ടുനിന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഓസ്ട്രേലിയ, കാനഡ, ജര്‍മനി, ഇറ്റലി, നേപ്പാള്‍, ഉക്രെയ്ന്‍, യുകെ തുടങ്ങി പ്രമുഖ രാജ്യങ്ങളും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നവരിൽ ഉള്‍പ്പെടുന്നു. ഇസ്രയേലും അമേരിക്കയും പ്രമേയത്തെ എതിര്‍ക്കുകയും ഇസ്രയേലിന്റെ നയങ്ങളെ ന്യായീകരിക്കുകയും ചെയ്തു.
കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള അധിനിവേശ പലസ്തീന്‍ പ്രദേശത്തെ ഇസ്രയേലിന്റെ നയങ്ങളില്‍ മേലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉപദേശക അഭിപ്രായം എന്നതായിരുന്നു പ്രമേയത്തിന്റെ ഔദ്യോഗിക തലക്കെട്ട്. ഇസ്രായേലിന്റെ നടപടികള്‍ 'തെറ്റായ പ്രവൃത്തി'യാണെന്നും അത് അന്താരാഷ്ട്ര നിയമപ്രകാരം തിരുത്തപ്പെടേണ്ടതാണെന്നും വ്യക്തമാക്കുന്നു.
''അന്താരാഷ്ട്ര നിയമം ആവര്‍ത്തിച്ച് ലംഘിക്കപ്പെടുമ്പോള്‍ അന്തര്‍ദേശീയ സമൂഹത്തിനു പ്രതികരിക്കാതെ തുടരാനാകില്ലെന്നും ഉടനടി നടപടിയെടുക്കണമെന്നും സഭയിൽ പലസ്തീന്‍ പ്രതിനിധി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമത്തോടുള്ള ഇസ്രയേലിന്റെ 'തുടര്‍ച്ചയായ അവഗണന' പ്രാദേശികവും ആഗോളവുമായ സമാധാനത്തിന് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുഎന്നിലെ ഇസ്രായേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ പ്രമേയം നിരസിച്ചു, 'ഇസ്രായേലിന്റെ നിയമസാധുത തകര്‍ക്കാന്‍ രൂപകല്പന ചെയ്ത രാഷ്ട്രീയ പ്രേരിത നീക്കം' ആണെന്ന് അദ്ദേഹം പറഞ്ഞു. പ്രമേയം 'സമാധാനത്തിന് സഹായകരമല്ലെന്നും പകരം മേഖലയിലെ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുമെന്നും യുഎസ് പ്രതിനിധി നിലപാടെടുത്തു.