മ്യാന്‍മറില്‍ ചുഴലിക്കാറ്റ് ദുരിതം റിപ്പോര്‍ട്ട് ചെയ്ത ഫോട്ടോഗ്രാഫര്‍ക്ക് 20 വര്‍ഷം കഠിനതടവ്. ഓണ്‍ലൈന്‍ മാധ്യമമായ 'മ്യാന്‍മര്‍ നൗ' ഫോട്ടോഗ്രാഫര്‍ സായി സോ തായ്‌കെയ്ക്കാണ് മ്യാന്‍മര്‍ കോടതി കടുത്ത ജോലിയോടു കൂടിയുള്ള തടവ് ശിക്ഷ വിധിച്ചത്. 2021-ല്‍ പട്ടാള ഭരണം നിലവില്‍ വന്ന ശേഷം മ്യാന്‍മറില്‍ ഒരു മാധ്യമപ്രവര്‍ത്തകന് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണിത്.
രാജ്യദ്രോഹം, ഭയം സൃഷ്ടിക്കല്‍, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കല്‍, സര്‍ക്കാര്‍ ജീവനക്കാരനോ സൈന്യത്തിനോ എതിരെ നടത്തുന്ന പ്രക്ഷോഭം തുടങ്ങിയ കുറ്റങ്ങളാണ് ഫോട്ടോഗ്രാഫര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഓണ്‍ലൈനിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തല്‍, പൊതു സമൂഹത്തെ ഭയപ്പെടുത്തുന്ന തരത്തില്‍ പ്രകൃതി ദുരന്തത്തെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ നല്‍കിയെന്ന് ആരോപിച്ചുള്ള പ്രകൃതി ദുരന്ത നിവാരണ നിയമ ലംഘനത്തിന്റെ പേരിലുള്ള കുറ്റവും ഇദ്ദേഹത്തിന്റെ പേരില്‍ ചുമത്തിയിട്ടുണ്ട്. മെയ് 23ന് പടിഞ്ഞാറന്‍ സംസ്ഥാനമായ രഖിനെയില്‍ വച്ചാണ് സായ് സോ തായ്‌കെ അറസ്റ്റിലായത്.
പട്ടാള ഭരണത്തില്‍ പത്ര സ്വാതന്ത്ര്യം പൂര്‍ണമായും അടിച്ചമര്‍ത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് സായ് സോയുടെ തടവ് ശിക്ഷയെന്ന് മ്യാന്‍മര്‍ നൗവിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് സ്വെ വിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വിചാരണക്കിടെ സാങ് സോയെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ലെന്നും നിയമ സഹായം നല്‍കിയില്ലെന്നും മ്യാന്‍മര്‍ നൗ ചൂണ്ടിക്കാട്ടി.
2021ലെ പട്ടാള അട്ടിമറിക്ക് ശേഷം അറസ്റ്റിലാകുന്ന രണ്ടാമത്തെ മ്യാന്‍മര്‍ നൗ മാധ്യമപ്രവര്‍ത്തകനാണ് സായ്. 2021-ല്‍ യാങനില്‍ വെച്ച് നടന്ന അട്ടിമറി വിരുദ്ധ പ്രതിഷേധത്തിന്റെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത വീഡിയോ ജേര്‍ണലിസ്റ്റ് കേ സോണ്‍ എന്‍വേയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജൂണ്‍ 30ന് പൊതുമാപ്പിന്റെ ഭാഗമായി ഇദ്ദേഹത്തെ വിട്ടയക്കകുകയായിരുന്നു.
ചൈനക്ക് ശേഷം മാധ്യമപ്രവര്‍ത്തകര്‍ ഏറ്റവും തടവിലടക്കപ്പെട്ട രാജ്യം മ്യാന്‍മറാണെന്ന് ഏപ്രിലില്‍ റിപ്പോര്‍ട്ടേര്‍സ് ആന്റ് ബോര്‍ഡേര്‍സ് ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോര്‍ട്ടേര്‍സ് ആന്റ് ബോര്‍ഡേര്‍സിന്റെ 2023ലെ പ്രസ് ഫ്രീഡം ഇന്‍ഡെക്‌സില്‍ 180 രാജ്യങ്ങളുടെ പട്ടികയില്‍ 176ാമത് സ്ഥാനത്താണ് മ്യാന്‍മര്‍.
അതേസമയം തായ് സോയുടെ തടവ് ശിക്ഷയില്‍ പ്രതികരിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അറ്റോര്‍ണിയോ ഗുട്ടറസ് രംഗത്തെത്തി. മ്യാന്‍മറില്‍ മോശമായിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശത്തില്‍ ആശങ്കയുണ്ടെന്ന് അദ്ദേഹം ഇന്തോനേഷ്യയില്‍ നടന്ന ആസിയാന്‍ സമ്മേളനത്തില്‍ പറഞ്ഞു. 'മ്യാന്‍മറിലും രഖിനെയിലും വഷളായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയപരവും, മാനുഷികവും മനുഷ്യാവകാശപരവുമായ അവസ്ഥകളില്‍ വളരെ ആശങ്കയുണ്ട്. നിരാശാജനകമായ അവസ്ഥയില്‍ ജീവിക്കുന്ന അഭയാര്‍ത്ഥികളുടെ അവസ്ഥയിലും ആശങ്കയുണ്ട്,' അദ്ദേഹം പറഞ്ഞു.